ഇന്ത്യ സഖ്യം: സി പി എം നിലപാട് ആത്മഹത്യാപരമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട്: രാജ്യം നേരിടുന്ന അപകടകരമായ സാഹചര്യത്തെ പരിഗണിച്ചു വേണം സി.പി.എം പോലുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കേണ്ടതെന്ന് കെ.എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.

രാജ്യം സ്വതന്ത്ര ജനാധിപത്യ മതേതര രാജ്യമായി നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുന്ന 2024ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ സഖ്യ രൂപീകരണത്തില്‍ പ്രാദേശികവും പ്രത്യയശാസ്ത്രപരവുമായ വരട്ട് വാദങ്ങള്‍ ഉന്നയിച്ച് മുടക്കുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യ സഖ്യത്തില്‍ പങ്കാളിയാകില്ലെന്ന സി.പി.എം. നിലപാട് ഇന്ത്യന്‍ ജനതയോട് ചെയ്യുന്ന കടുത്ത പാതകമാണ്. ഇന്ത്യ സഖ്യത്തില്‍ പ്രതിനിധിയെ വെച്ച് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുകയാണ് രാജ്യത്തെ പൗര വികാരത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ സി.പി.എം ചെയ്യേണ്ടതെന്ന് കെ. എന്‍. എം മര്‍കസുദ്ദഅവ വ്യക്തമാക്കി.

വൈസ് പ്രസിഡണ്ട് എം.എം. ബഷീര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉമര്‍ സുല്ലമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം. അഹമ്മദ്കുട്ടി മദനി, സി. മമ്മു കോട്ടക്കല്‍, കെ.എം. കുഞ്ഞമ്മദ് മദനി, പ്രൊഫ. കെ.പി. സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എ. സുബൈര്‍, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, പി.പി. ഖാലിദ്, അബ്ദുസ്സലാം മദനി, ഡോ. ജാബിര്‍ അമാനി, കെ.പി. അബ്ദുറഹിമാന്‍ ഖുബ, ബി.പി.എ. ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, കെ.എം. ഹമീദലി ചാലിയം, പോഷക ഘടകങ്ങളുടെ പ്രതിനിധികളായി ഡോ. അന്‍വര്‍ സാദത്ത്, റഫീഖ് നല്ലളം, ഷാനവാസ് വി.പി. ഷരീഫ് സി, മുഹമ്മദ് റാഫി എ.പി. ഷാനവാസ് (ഐ.എസ്.എം) കെ.എം., റുഖ്‌സാന വാഴക്കാട്, സഫൂറ തിരുവണ്ണൂര്‍, ജുവൈരിയ കെ. (എം.ജി.എം) ജാസിം സാജിദ്, ഫഹീം പുളിക്കല്‍ (എം.എസ്.എം) പ്രസംഗിച്ചു.