പത്തുവയസുകാരന്‍ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ പിടിയില്‍

Thiruvananthapuram

വര്‍ക്കല: പത്തുവയസ്സുകാരന്‍ ബസ്സിടിച്ച് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു പത്തു വയസുകാരന്‍ ബസിടിച്ച് മരിച്ചത്. അപകടമുണ്ടാക്കിയ ഗോകുലം ബസിന്റെ ഡ്രൈവര്‍ ഇടവ വെണ്‍കുളം വയല്‍ത്തൊടി വീട്ടില്‍ മഹേഷ് (23) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്ത ശേഷം വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

വര്‍ക്കല ആയുര്‍വേദ ആശുപത്രിക്ക് സമീപം ബുധനാഴ്ച വൈകീട്ട് നാലേകാലോടെയാണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍ പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ മുഹമ്മദ് മര്‍ഹാന്‍(10) ആണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

സ്‌കൂട്ടറില്‍ മാതാവ് താഹിറയോടൊപ്പം സഞ്ചരിക്കവെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മര്‍ഹാന്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും സ്‌കൂട്ടറില്‍ നിന്നും വീഴുന്നതിനിടെ ഹെല്‍മെറ്റ് തെറിച്ച് പോയി. തുടര്‍ന്ന്, മര്‍ഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.