കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ അജ്ഞാതന്‍ 19 ലക്ഷം പിന്‍വലിച്ചു. എ ടി എം കാര്‍ഡോ, ഓണ്‍ലൈന്‍ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടില്‍ നിന്നാണ് വന്‍തുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലില്‍ പി.കെ.ഫാത്തിമ ബീയാണ് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ബാങ്ക്പാസ് ബുക്ക് ഉപയോഗിച്ച് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ബാങ്കില്‍ അറിയിച്ചതിനാല്‍ കൂടുതല്‍ നഷ്ടം ഒഴിവായി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ചെറൂട്ടി റോഡ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. 2023 ജൂലൈ 24 നും സെപ്തംബര്‍ 19 നുമിടയില്‍ വിവിധ തവണകളിലായി പണം പിന്‍വലിച്ചതായാണ് കണ്ടെത്തിയത്. ബാങ്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ ആറ് കൊല്ലം മുമ്പ് ഇവര്‍ ഉപേക്ഷിച്ചതാണ്. ഇക്കാര്യം ബാങ്കിനെ അറിയിച്ച് പുതിയ നമ്പര്‍ നല്‍കിയെങ്കിലും ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ കണ്ടെത്തി.
ബാങ്ക് അധികൃതരില്‍ നിന്നുണ്ടായ വീഴ്ചയാണിതെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ കെ വൈ സി പുതുക്കാന്‍ കൊടുത്തപ്പോള്‍ നമ്പര്‍ മാറ്റിക്കൊടുത്തതായി മകന്‍ കെ പി അബുദുറസാക്ക് പറഞ്ഞു. പഴയ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നയാളാവാം പണം പിന്‍വലിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൊബൈലില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം പിന്‍വലിച്ചതാവാമെന്ന് കരുതുന്നു. പണം ഓണ്‍ലൈന്‍ വഴി പിന്‍വലിച്ചതായാണ് രേഖകളില്‍ കാണുന്നത്. ഇത് കാരണം ഏത് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അക്കൗണ്ട് ഉടമക്ക് കണ്ടെത്താനാവില്ല. ഇവര്‍ക്ക് ബാങ്ക് എ ടി എം കാര്‍ഡ് നല്‍കിയിട്ടുമില്ല. ജൂലൈ 24 മുതല്‍ പണം നിരന്തരം പിന്‍വലിച്ചതായി രേഖകളിലുണ്ട്. ആദ്യം 500, ആയിരം രൂപയും പിന്നീട് 10,000 രൂപയുമാണ് പിന്‍വലിച്ചത്. തുടര്‍ന്ന് ഓരോ ലക്ഷം വച്ച് പിന്‍വലിച്ചതായാണ് കാണുന്നത്. വാടകയിനത്തിലും മറ്റും അക്കൗണ്ടില്‍ പലപ്പോഴായി വന്ന പണമാണിതത്രേ.