കരുവന്നൂര്‍ കേസ് മയക്കത്തിലേക്കോ ?

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

E Dയുടെ കരുവന്നൂര്‍ കേസ് അന്വേഷണവും മയക്ക(comatose )ത്തിലേക്കോ, ദീര്‍ഘനിദ്രയിലേക്കോ പോകാനുള്ള പ്രവണതകള്‍ കണ്ടു തുടങ്ങി എന്നാണ് എനിക്ക് തോന്നുന്നത്.

കരുവന്നൂര്‍ കേസു മാത്രം, നിലവിലുള്ള സംഘി കമ്മി അസാന്മാര്‍ഗ്ഗികബന്ധത്തിന്റെ ഒരു ഘടകമല്ലാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടത്?

ഇ ഡി തന്നെ മര്‍ദ്ദിച്ച് അവശനാക്കി നേതാക്കളെ കേസില്‍ പെടുത്താനുള്ള തെറ്റായ സത്യവാങ്മൂലങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചു എന്ന മട്ടില്‍ ഒരു കാട്ടുകള്ളന്‍ നടത്തിയ വിലാപത്തിന്റെ പ്രകൃതം നോക്കുക. അത് ഇനി പോലീസ് കേസ് ആകും. ഹൈക്കോടതിയില്‍ പോകും. കോടതി ‘ഓഹോ അങ്ങിനെയോ?’ എന്നു പറഞ്ഞ് പരാതിക്കാരന് സത്വരാശ്വാസം കൊടുക്കും. സംസ്ഥാന സര്‍ക്കാര്‍ EDക്കെതിരെ അന്വേഷണത്തിന് ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിക്കും. ആ തക്കത്തിന് ED ഒന്ന് മയങ്ങാന്‍ പോകും.
സ്വര്‍ണ്ണക്കടത്തു കേസിലും അങ്ങനെയല്ലേ ഉണ്ടായത്? സ്വപ്ന സുരേഷ് ജയിലില്‍ കിടക്കുമ്പോള്‍ ചില പോലീസ് സംഘടനാസഖിണിഗുണ്ടികള്‍ ഭേദ്യം ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെതിരെ സാക്ഷ്യം പറയാന്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന ശബ്ദസന്ദേശം അവരില്‍ നിന്ന് നിര്‍ബന്ധമായി വാങ്ങി പ്രചരിപ്പിച്ചു. പിന്നെ കേസ് ആയി, കൂട്ടമായി, കോടതിയായി, കമ്മീഷനായി. ED ആ ബഹളത്തില്‍ അന്ന് ഉറങ്ങാന്‍ പോയതാണ്. പിന്നീട് സര്‍വ്വ തെളിവുകളും നിരത്തി സ്വപ്ന കോടതിയില്‍ section 264 പ്രകാരമുള്ള സത്യവാങ്മൂലം കൊടുത്തിട്ടും നിരവധി പരസ്യപ്രസ്താവനകള്‍ നടത്തിയിട്ടും കേന്ദ്ര ഏജന്‍സി ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നിട്ടില്ല.

ഈ പൊട്ടന്‍ സഖാക്കളുടെ മുന്നിലുള്ള കേന്ദ്ര ഏജന്‍സികളുടെ ദുര്‍ബലതാപ്രകടനം വെറും അഭിനയമാണ്. മൂത്ത കമ്മികള്‍ മുതല്‍ അന്തംകമ്മികള്‍ വരെ ഉള്ളവര്‍ക്ക് മോദിയെ തെറിപറയാന്‍ കൊടുത്തിട്ടുള്ള സ്വാതന്ത്ര്യവും അഭിനയമാണ്. അത് ഏതോ സാമ്പത്തികാസ്പദമായുള്ള അവിഹിതബന്ധത്തിനുള്ള പുകമറയാണ്.

ക്രോണി രക്തം ക്രോണി രക്തത്തെ തിരിച്ചറിഞ്ഞുള്ള ഗാഢബന്ധമാണ് ഈ കേസുകളില്‍ സംഘികളും കമ്മികളും തമ്മില്‍ ഉള്ളത്. ‘പി. വി. ഞാനല്ല. കേരളത്തില്‍ എത്ര പി. വി.മാരുണ്ട് ?’ എന്ന കേരളത്തിനു നേരെയുള്ള പരിഹാസപ്പൊട്ടിച്ചിരി ഈ ഗാഢബന്ധം പ്രദാനം ചെയ്യുന്ന ആത്മവിശ്വാസത്തില്‍ നിന്ന് വരുന്നതാണ്.
ഇത് കേരളത്തിനെയും കൊണ്ടേ പോകൂ.