അവസാനിക്കുന്ന നമ്മുടെ സമയം

Articles

ചിന്ത / എ പ്രതാപന്‍

നമ്മുടെ സമയങ്ങള്‍ തീര്‍ന്നു കൊണ്ടിരിക്കുന്നു.
ഇപ്പോഴും നമ്മള്‍ പൊരുതിക്കൊണ്ടിരിക്കുന്നത്
ആര്‍ക്കെതിരെ ?
ഉറപ്പില്ലാത്ത നമ്മുടെ ആയുധങ്ങള്‍
മുറിവേല്‍പിക്കുന്നത് ആരെ?
നമ്മെ പൊതിയുന്ന ചോര
ആരുടേത് ?

നമ്മുടെ ജയങ്ങള്‍ ആരുടെ മേല്‍ ?
ജയിക്കുമ്പോഴും നമ്മള്‍
തോറ്റു പോകുന്നത് എന്തു കൊണ്ട്?
സത്യം മരിച്ചു പോകുമ്പോഴും
നമ്മള്‍ സത്യസന്ധരാകാത്തത്
എന്തു കൊണ്ട്?

കവിത

ഒരു പക്ഷേ നമുക്ക് സമയമുണ്ടായിരിക്കാം

പാബ്‌ളോ നെരൂദ

രു പക്ഷേ നമുക്ക് സമയമുണ്ടായിരിക്കാം
നിലനില്‍ക്കാനും
സത്യസന്ധരായിരിക്കാനും.

സത്യം ഇന്നലെ മരിച്ചു
വളരെ അനവസരത്തിലുള്ള മരണം ,
എല്ലാവര്‍ക്കും അതറിയാമെങ്കിലും
അറിയില്ലെന്ന് നടിക്കുന്നു.
ആരും പൂക്കള്‍ വെക്കാന്‍ തുടങ്ങിയില്ല.
മരിച്ചുവെങ്കിലും ആരും വിലപിക്കുന്നില്ല.
ശവമടക്കിന് അല്‍പം മുമ്പ്
ദുഃഖത്തിനും മറവിക്കുമിടയില്‍
നമ്മുടെ മരണത്തിനും ജീവിതത്തിനും
ഒരവസരമുണ്ട്
തെരുവില്‍ നിന്ന് തെരുവിലേക്ക് ,
കടലില്‍ നിന്ന് കടലിലേക്ക് ,
തുറമുഖത്ത് നിന്ന് തുറമുഖത്തേക്ക് ,
മലകളില്‍ നിന്ന് മലകളിലേക്ക്
സര്‍വ്വോപരി
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പോകാന്‍ , കണ്ടുപിടിക്കാന്‍ ,
അതിനെ കൊന്നത് നമ്മളാണോ
അല്ല മറ്റുള്ളവരെങ്കില്‍
ആ കുറ്റകൃത്യം ചെയ്തത്
നമ്മുടെ ശത്രുക്കളോ മിത്രങ്ങളോ ?

കാരണം സത്യം മരിച്ചു കഴിഞ്ഞു ,
ഇനി നമുക്ക് സത്യസന്ധരാകാം.
മുമ്പ് , നമുക്ക് ഉറപ്പില്ലാത്ത ആയുധങ്ങള്‍
കൊണ്ട് പൊരുതേണ്ടി വന്നു,
അത് നമ്മെ തന്നെ മുറിപ്പെടുത്തി ,
എന്തിന് പൊരുതുന്നുവെന്ന് പോലും
നമ്മള്‍ മറന്നു പോയി.

നമ്മെ പൊതിഞ്ഞ ചോര
ആരുടേതെന്ന് പോലും
നമ്മള്‍ ഒരിക്കലും അറിഞ്ഞില്ല ,
ഒടുങ്ങാത്ത ആരോപണങ്ങള്‍
നമ്മളുയര്‍ത്തി,
ഒടുങ്ങാത്ത ആരോപണങ്ങള്‍ക്ക്
നമ്മളും വിധേയരായി.
അവരും നമ്മളും പീഢിതരായി,
ഒടുവില്‍ അവര്‍ ജയിച്ചപ്പോള്‍ ,
നമ്മളും ജയിച്ചപ്പോള്‍ ,
സത്യം മരിച്ചു കഴിഞ്ഞിരുന്നു ,
ഹിംസ കൊണ്ടോ വാര്‍ദ്ധക്യം കൊണ്ടോ .
ഇനി ഒന്നും ചെയ്യാനില്ല.

പോരില്‍ നമ്മളെല്ലാം പരാജിതരായി.
അതുകൊണ്ട് ഞാന്‍ കരുതുന്നു
ഇനിയെങ്കിലും
നമുക്ക് സത്യസന്ധരാകാം
ഏറ്റവും ചുരുങ്ങിയത്
വെറുതെയിരിക്കാം .
നമുക്ക് ബാക്കിയുള്ളത്
ഈ അന്ത്യ നിമിഷം ,
പിന്നെ എന്നേക്കുമായി
ഒന്നുമല്ലാതാകല്‍ ,
തിരിച്ചു വരവില്ലാതെ.

വിവ: പ്രതാപന്‍