യോഗ്യരുടെ നിരയുണ്ടാക്കി അതില്‍ തങ്ങള്‍ക്ക് വേണ്ട യോഗ്യരെ കണ്ടെത്തുന്ന രീതിയാണ് ഗവര്‍ണറും സര്‍ക്കാരും പിന്തുടരുന്നത്, പ്രതിപക്ഷ സമരത്തെ ഇവര്‍ക്ക് ബഹളത്തില്‍ മുക്കണം

Articles

നിരീക്ഷണം / ഡോ: ആസാദ്

രണ്ടുസമരങ്ങള്‍ കണ്ടു. ഒന്ന് പൊലീസ് നിഷ്ഠൂരമായി തല്ലിച്ചതയ്ക്കുന്ന, അടിച്ചമര്‍ത്തുന്ന കരിങ്കൊടിസമരം. മറ്റൊന്ന് പൊലീസ് പരമാവധി സംരക്ഷണമൊരുക്കി കൂട്ടം കൂടാനും പ്രതിഷേധിക്കാനും അവസരമൊരുക്കി നല്‍കുന്ന കരിങ്കൊടിസമരം.

രണ്ടും കരിങ്കൊടിസമരം. പൊലീസിന് അഥവാ സര്‍ക്കാറിന് രണ്ടു സമീപനം. പൊലീസിന്റെ( സര്‍ക്കാറിന്റെ) ചുമലില്‍ കയറിയിരുന്ന് കൊടി കെട്ടലുകള്‍, ആക്രോശങ്ങള്‍, അണപൊട്ടുന്ന സമരവീറുകള്‍. ലൈവ് ഷോകള്‍. കൊടി കെട്ടുന്നതും ബാനര്‍ കെട്ടുന്നതും മുദ്രാവാക്യം മുഴക്കുന്നതും സര്‍ക്കാര്‍തന്നെ എന്നേ കരുതാനാവൂ. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് സമരം ചെയ്യുന്നതെങ്കില്‍ അങ്ങനെ കൂട്ടം കൂടാന്‍ കഴിയുമായിരുന്നില്ല. അടിച്ചോടിക്കാന്‍ പൊലീസും സ്വകാര്യ സേനയും ഇറങ്ങുമായിരുന്നു. അത് വടക്കു തെക്ക് നവകേരള ബസ് യാത്രയില്‍ കാണുന്നുണ്ടല്ലോ. അതിനാല്‍ ഗവര്‍ണര്‍ക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണ് എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നു പറഞ്ഞുകൂടാ.

എങ്കിലും സമരം ന്യായമാണ്. അത് സര്‍ക്കാറിനെതിരെക്കൂടി തിരിഞ്ഞു കുത്തുന്ന മുനയുള്ളതാണ്. നോമിനേഷനുകളില്‍ പാലിക്കേണ്ട നീതിയും ന്യായവും ഓര്‍മ്മിപ്പിക്കുന്നു. പക്ഷഭേദമില്ലാതെ തികച്ചും യോഗ്യരായവരെ തെരഞ്ഞെടുക്കണം എന്നാണല്ലോ വാദം. ആര്‍ക്ക് എതിര്‍ക്കാനാവും. പക്ഷേ, കുറച്ചു, കാലമായി യോഗ്യരുടെ നിരയുണ്ടാക്കി അതില്‍ തങ്ങള്‍ക്കു വേണ്ട യോഗ്യരെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഗവര്‍ണറെപ്പോലെ സര്‍ക്കാറും ചെയ്യുന്നത്. ഈ അനീതി ഞങ്ങളാണ് നടത്തേണ്ടത് എന്ന് സര്‍ക്കാറും അല്ല ഞാനാണ് നടത്തേണ്ടത് എന്ന് ഗവര്‍ണറും പോരടിക്കുന്നു. നിയമിക്കുന്നതാരാവട്ടെ, പക്ഷം പിടിക്കാതെ, സങ്കുചിത താല്‍പ്പര്യങ്ങളില്‍ വഴുതാതെ നിയമിക്കൂ എന്നേ ജനങ്ങള്‍ ആവശ്യപ്പെടൂ. എന്നാല്‍ സര്‍ക്കാര്‍പക്ഷ സംഘടനകള്‍, ഗവര്‍ണര്‍ നടത്തുന്ന നോമിനേഷനില്‍ പക്ഷപാതമുണ്ടാവരുതെന്നേ പറയുന്നുള്ളു. നിയമനം നീതിപൂര്‍വ്വമാവണം എന്നല്ല തങ്ങള്‍ക്ക് അനുകൂലമാവണം എന്നു വാദിക്കുന്ന സമരം ജനകീയസമരമല്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമല്ല.

പൊലീസിന്റെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ പിന്തുണയില്ലാതെ തെരുവില്‍ നടത്തുന്ന സമരങ്ങള്‍ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ്. പ്രതിഷേധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അവര്‍ തങ്ങളുടെ വാഹനങ്ങള്‍ക്കു മുന്നില്‍ ചാടുന്നു എന്നു പറഞ്ഞാണ് പൊലീസും സ്വകാര്യസേനയും സുരക്ഷാസേനയും ഗണ്‍മാനും ഒക്കെ ചാടിവീണ് കഠിനമായ മര്‍ദ്ദനം അഴിച്ചു വിടുന്നത്. എന്നാല്‍ ഗവര്‍ണറുടെ വാഹനത്തിനു മുന്നില്‍ ചാടുന്നതോ വാഹനം കേടു വരുത്തുന്നതോ അതേ ഗണത്തില്‍ പെടുത്തി നടപടി എടുക്കാന്‍ പൊലീസ് തയ്യാറല്ല. ഈ ഇരട്ടനീതി ജനാധിപത്യത്തെ അവഹേളിക്കലാണ്. ഒന്നോ രണ്ടോ കരിങ്കൊടിക്കാരെ വട്ടം ചുറ്റിനിന്ന് മര്‍ദ്ദിക്കുന്നത് അഞ്ചോ എട്ടോ പേരാണ്. ഈ കൊടും ക്രൂരത ജനങ്ങള്‍ കാണുന്നുണ്ട്. മുഖ്യമന്ത്രി കാണുന്നതേ സത്യമാവൂ എന്ന ഭരണതത്വം നില നില്‍ക്കുന്നുണ്ടെങ്കിലും കണ്ട സത്യം വിഴുങ്ങാന്‍ ജനങ്ങള്‍ക്ക് കഴിയില്ല.

രണ്ടു സമരങ്ങള്‍ രണ്ടു ഭരണഘടനാ മേധാവികളുടെ ജനവിരുദ്ധ നിലപാടുകളാണ് തുറന്നു കാണിച്ചത്. സമരങ്ങള്‍ക്കിടയില്‍തന്നെ സര്‍ക്കാര്‍ അനുകൂല സമരങ്ങളുടെയും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെയും അനുഭവങ്ങളും വെളിപ്പെട്ടു. ഗവര്‍ണര്‍പക്ഷ സ്വകാര്യ സേനകളൊന്നും രംഗത്തില്ലാത്തതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായില്ല. കേന്ദ്ര സംസ്ഥാന ഭരണ രാഷ്ട്രീയങ്ങളുടെ മത്സരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. പ്രതിപക്ഷ യുവജന സമരം അതില്‍ മുങ്ങി. അധികാരം അങ്ങനെയാണ്. ജനങ്ങളുടെ ശബ്ദവും എതിര്‍പ്പും വിഴുങ്ങി രക്തദാഹത്തോടെ കുതിച്ചു ചാടും. ജീവന്‍ വേണോ സമരം വേണോ എന്ന് അലറിച്ചോദിക്കും. അതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുപോലെയാണ്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ബഹളത്തില്‍ മുക്കേണ്ടത് പ്രതിപക്ഷ സമരത്തെയാണ്. കോണ്‍ഗ്രസ് മുക്തഭാരതമാണല്ലോ പരമലക്ഷ്യം.