തെറ്റിദ്ധാരണ മാറ്റാന്‍ ഇസ്‌ലാമിന്റെ മാനവിക സന്ദേശം പ്രചരിപ്പിക്കണം: മക്കാ സമ്മേളനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍

Gulf News GCC

മക്ക: സൗദി അറേബ്യന്‍ കണ്‍വെന്‍ഷന്‍ സെന്‍ട്രല്‍ അഥോറിറ്റി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനം മക്കയില്‍ സമാപിച്ചു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി ഇരുനൂറോളം പ്രതിനിധികള്‍ ഈ ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത ഡോ.ഹുസൈന്‍ മടവൂര്‍ രണ്ടാമത്തെ വൈജ്ഞാനിക സെഷനില്‍ ആധ്യക്ഷത വഹിച്ചു സംസാരിച്ചു. ഇസ് ലാ മോഫോബിയയെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിന്റെ മാനവിക സന്ദേശങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ആധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയുമാണ് ഇസ്ലാമിന്റെ പ്രമാണങ്ങള്‍. എന്നാല്‍ ആധുനിക ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നാം കാണാതെ പോവരുത്. ഇസ് ലാം കേവലം ഒരു പാരമ്പര്യ മതമല്ല. അതിന്നപ്പുറം അത് പ്രായോഗികമായഒരു സമ്പൂര്‍ണ്ണ ജീവിത പദ്ധതയാണെന്നും പുതിയ ലോകത്തിന്ന് ഇത് മനസ്സിലാക്കിക്കൊടുക്കാന്‍ പണ്ഡിതന്മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആനിന്റെ പ്രചാരണ രംഗത്ത് സൗദി സര്‍ക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം വിശദീകരിച്ചു. പതിനൊന്ന് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് പര്‍ച്ചക്ക് വിധേയമാക്കി. മക്കാ ഹോളിഡേ ഇന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഇസ്ലാമിക പ്രമാണങ്ങളുടെ ആധികാരികത, വിശുദ്ധ ഖുര്‍ആന്‍ പ്രചാരണത്തില്‍ സൗദി അറേബ്യയുടെ പങ്ക്, ആധുനിക ജീവിതത്തില്‍ ഇസ്ലാമിക നിയമങ്ങളുടെ അനിവാര്യത, വാണിജ്യ വ്യവസായ രംഗങ്ങളിലെ നവീന കാഴ്ചപ്പാടുകള്‍,

നിര്‍മ്മിത ബുദ്ധി ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട മത തത്വങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളില്‍ പാലിക്കേണ്ട സൂക്ഷ്മത, സാംസ്‌കാരിക വൈവിദ്ധ്യവും ഇസ്ലാമിന്റെ സമീപനങ്ങളും, മത പ്രമാണങ്ങളുടെ അക്ഷരാര്‍ത്ഥങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും, മാറുന്ന സാഹചര്യങ്ങളും ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണവും തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

സൗദിയിലെ പഠന ഗവേഷണ കേന്ദ്രങ്ങളും മദീനാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റി, റിയാദ് കിങ് മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്‌സിറ്റി, ജിദ്ദാ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും വിദേശ യൂണിവേഴ്‌സിറ്റികളിലെയും പ്രൊഫസര്‍മാരാണ് പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. പ്രബന്ധങ്ങളവതരിപ്പിക്കുന്നവരിലും സദസ്സ്യരിലും വനിതകളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധേയമായി.