സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കലാമൂല്യമുള്ള ചിത്രങ്ങള്‍ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞു ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണം നാളെ മുതല്‍ പ്രേക്ഷകനെ തിയേറ്ററില്‍ ത്രസിപ്പിക്കുമെന്നുറപ്പാണ്.
ഭീഷ്മപര്‍വ്വം, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു തുടങ്ങിയ ചിത്രങ്ങളില്‍ നടനവിസ്മയം സൃഷ്ടിച്ച മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിലെ അടക ജോര്‍ജിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍.
കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കല്‍പ്പിക കഥ കൂടിയാണിത്. വിജയരാഘവന്‍ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂര്‍ എസ്പി കാസര്‍കോട് എസ്പിയുടെ അധികാരപരിധിയില്‍ പെടുന്നുണ്ടെങ്കിലും ടീമിനെ ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന ഏതാനും പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ 2007 നും 2013 നും ഇടയില്‍ സംഭവിക്കുന്നവയാണ്, എന്നാല്‍ പ്രധാനമായും രണ്ട് കേസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുയാണ് ചിത്രം.
സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018ല്‍ കണ്ണൂര്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം ബന്ധപ്പെട്ടത്. സംഭവിച്ച ഒരുപാട് യഥാര്‍ത്ഥ സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിനായി അവരുടെ ഇന്‍പുട്ടുകളാണ് ഉപയോഗിച്ചത് എന്ന് നേരത്തെ പുറത്തുവന്ന അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.
റോബി വര്‍ഗീസ് രാജ് സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലിംഗ് െ്രെകം ഡ്രാമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. കന്നഡ നടന്‍ കിഷോര്‍, വിജയരാഘവന്‍, സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഒരുമിക്കുന്ന ചിത്രം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ്.