പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

Kozhikode

കക്കോടി: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുവ്വത്തൂര്‍ പാലന്നു കണ്ടിയില്‍ സരസന്റെ മകന്‍ കാര്‍ത്തികാണ് (14) മുങ്ങിമരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ദാരുണമരണം. പറമ്പില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സ്‌കൂളില്‍ കായികമേളയായതിനാലും പിറന്നാള്‍ ദിവസമായതിലും കാര്‍ത്തിക് സ്‌കൂളില്‍ പോയിരുന്നില്ല. കര്‍ത്തികിനെ കാണാത്തതിനാലും പിറന്നാള്‍ ആശംസകള്‍ നല്‍കാനുമായി നാലുപേരടങ്ങിയ സുഹൃത്തുക്കള്‍ കാര്‍ത്തികിന്റെ വീട്ടിലെത്തുകയായിരുന്നു. അരമണിക്കൂര്‍ വീട്ടില്‍ ചെലവഴിച്ചശേഷം സംഘം പുഴയില്‍ കുളിക്കാന്‍ ഇറങ്ങി. സുഹൃത്തിന്റെ ചെരിപ്പ് വെള്ളത്തില്‍ എറിഞ്ഞുകളിക്കുന്നതിനിടെ കാര്‍ത്തിക് ഒഴുക്കില്‍പെടുകയായിരുന്നു.

പുഴയില്‍ മുങ്ങിയ വിവരം കൂട്ടുകാര്‍ കാര്‍ത്തികിന്റെ മാതാവ് ഷിമിതയെ അറിയിച്ചതിനെ തുടര്‍ന്ന് പിതാവും നാട്ടുകാരും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വെള്ളിമാടുകുന്നില്‍ നിന്നെത്തിയ അഗ്‌നിരക്ഷ സേന പുഴയില്‍ തിരച്ചില്‍ നടത്തി വൈകീട്ട് നാലുമണിയോടെ മുങ്ങിയ ഭാഗത്തിനു സമീപത്തുനിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാര്‍ത്തികിന്റെ സഹോദരന്‍ ധനുഷ് ആറുവര്‍ഷം മുമ്പ് അസുഖത്തെതുടര്‍ന്ന് മരിച്ചിരുന്നു. പിറന്നാള്‍ ദിനമായതിനാല്‍ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയ കാര്‍ത്തിക് മുത്തശ്ശെന്റ ശ്രാദ്ധദിനമായതിനാല്‍ രാവിലെ കുടുംബത്തോടൊപ്പം ബലിദര്‍പ്പണവും നടത്തിയിരുന്നു.