പാഠം /വി ആര്‍ അജിത് കുമാര്‍
ഡോക്ടര്‍ സി.കെ.ഗറിയാലി ഐഎഎസിന്റെ മൈ ബ്യൂട്ടിഫുള്‍ ജേര്‍ണി, കാശ്മീര്‍ ടു കന്യാകുമാരി എന്ന ആത്മകഥ ഈയിടെയാണ് വായിച്ചത്. വളരെ കൃത്യമായി ഡയറി എഴുതി സൂക്ഷിച്ച് മനോഹരമായി അവതരിപ്പിച്ച ഒരു ജീവിതകഥയാണത്. കാശ്മീര്‍ പണ്ഡിറ്റുകളുടെയും മുസ്ലിങ്ങളുടെയും സൗഹൃദത്തിന്റെയും ഒത്തുപോകലിന്റെയും കഥകളാണ് പുസ്തകത്തില്‍ ആദ്യം പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ആ അന്തരീക്ഷവും ജീവിതരീതിയും വായിക്കാന്‍ ഒരു പ്രത്യേക സുഖമാണ്. സരസ്വതി നദിയുടെ തീരത്ത് താമസിച്ചിരുന്നവരാണ് കാശ്മീര്‍ പണ്ഡിറ്റുകള്‍ എന്നാണ് അവര്‍ അവകാശപ്പെടുന്നത്.
ഭൂമികുലുക്കത്തില്‍ നദി അപ്രത്യക്ഷമായതോടെയാണ് കാശ്മീര്‍ താഴ് വരയില്‍ താമസമാക്കിയത്. തണുപ്പ് കാലത്ത് പച്ചക്കറി കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ പട്ടിണിയില്‍ നിന്നും രക്ഷ നേടാന്‍ മാംസം കഴിക്കേണ്ടിവരും എന്ന അവസ്ഥയായി. അങ്ങിനെ പണ്ഡിറ്റുകള്‍ കോണ്‍ക്ലേവ് കൂടി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഇങ്ങിനെ ഒരു തീരുമാനത്തിലെത്തി. ഒരു മൃഗത്തെ മാത്രം കഴിക്കാം. പക്ഷെ അതിന് പൊക്കം കുറവായിരിക്കണം,പച്ചിലകള്‍ മാത്രം കഴിക്കുന്നതാകണം. ലക്ഷ്യം ആട് തന്നെയായിരുന്നു. അങ്ങിനെ ആടിനെ കഴിച്ചുതുടങ്ങി. മീന്‍ ജീവിയല്ല എന്ന നിലപാടാണോ എന്നറിയില്ല, മീനും കഴിക്കും. എന്നാല്‍ മുട്ട,ഉള്ളി,വെളുത്തുള്ളി,തക്കാളി എന്നിവ ഒഴിവാക്കി. ഇത്രയ്‌ക്കേയുള്ളൂ നമ്മള്‍ കൊണ്ടുനടക്കുന്ന ആചാരങ്ങള്‍ക്ക് ആയുസ് എന്ന് ഗറിയാലി വ്യക്തമാക്കുന്നു. എന്നാല്‍ വിവാഹകാര്യത്തില്‍ ഉപജാതിയില്‍ ഉറച്ചുനിന്നവരായിരുന്നു പണ്ഡിറ്റുകള്‍. ഭട്ട,ഗോര്‍,കന്‍ഡൂര്‍,വാസ, ബോറ എന്നിങ്ങനെയാണ് ഉപജാതികള്‍. എന്നാല്‍ ഗറിയാലി പ്രണയിച്ച് വിവാഹം കഴിച്ചത് കൊച്ചി പള്ളുരുത്തി സ്വദേശിയായ ഗൗഡസാരസ്വത വിഭാഗത്തിലെ രാജ്കുമാറിനെ ആയിരുന്നു.
ഗറിയാലി
കാശ്മീര്‍ പണ്ഡിറ്റ് കുടുംബത്തില്‍ ജനിച്ച്, ഓള്‍ഡ് ദില്ലിയിലേയ്ക്ക് കുടിയേറി ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്നും മാസ്‌റ്റേഴ്‌സ് എടുത്തു ഗറിയാലി. ഓള്‍ഡ് ദില്ലിയിലെ സീതാറാം ബസാറിലായിരുന്നു ബാല്യകൗമാരം. ഹിന്ദു,മുസ്ലിം,പഞ്ചാബി,മുള്‍ട്ടാനി,പെഷ്വാറി,സിഖ് എന്നിങ്ങനെ വിവിധ ദേശങ്ങളില്‍ നിന്നും വിഭജനകാലത്ത് വന്നുചേര്‍ന്നവരും വിഭജനത്തെ അതിജീവിച്ചവരും ഒരുമയോടെ കഴിയുന്ന സീതാറാം ബസാറിലെ ജീവിതവും വായനയ്ക്ക് സുഖം പകരുന്നതാണ്. ഹിന്ദി മാധ്യമമായുള്ള സ്‌കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ടിടിസിക്ക് പോവുകയും െ്രെപമറി സ്‌കൂളില്‍ അധ്യാപികയാവുകയും ചെയ്തു. ഇത് 1996ലാണ്. 1998 ല്‍ വിദൂരപഠനത്തിലൂടെ ബിരുദം നേടി,മാസ്‌റ്റേഴ്‌സിനായി ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ ചേര്‍ന്നു. ഡോക്ടര്‍ ടി.കെ.ഉമ്മന്‍ ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ അന്നവിടെയുണ്ട്.
സോഷ്യല്‍ വര്‍ക്കും ആക്ടിവിറ്റികളും സജീവമായ കാലം. മെഡിക്കല്‍ ആന്റ് സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കായിരുന്നു വിഷയം. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനവും ജോലിയും, തുടര്‍ന്ന് ഐസിഎംആര്‍ റിസര്‍ച്ച് പദ്ധതിയുടെ ഭാഗമായി എയിംസില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിയമനവും ലഭിച്ചു. അവിടെ വച്ചാണ് ഡോക്ടര്‍ രാജ്കുമാറിനെ പരിചയപ്പെടുന്നത്. രാജ്കുമാറിന്റെ തീവ്രപ്രണയം ഒടുവില്‍ വിവാഹത്തില്‍ കലാശിച്ചു. ഈ സമയത്താണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതും നിയമനം ലഭിക്കുന്നതും. 1972 ല്‍ മുസൂറി അക്കാദമിയില്‍ പരിശീലനം തുടങ്ങി. കേരള കേഡറുകാരായ ഗോപാല്‍കൃഷ്ണപിള്ള, സുധ പിള്ള, കിരണ്‍ ബേദി എന്നിവരൊക്കെ ഗറിയാലിക്കൊപ്പം ഉണ്ടായിരുന്നു.
അസിസ്റ്റന്റ് കളക്ടറായി എത്തിയത് കോയമ്പത്തൂരാണ്. അവിടെ കളക്ടറായിരുന്ന ശിവകുമാറാണ് സര്‍വ്വീസിലെ ആദ്യ ഗുരു. അദ്ദേഹത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ അവര്‍ പറയുന്നുണ്ട്. കേട്ടുകേള്‍വികള്‍ വിശ്വസിക്കരുത്.നൂറ് ശതമാനം ഉറപ്പില്ലാതെ ഒരാള്‍ക്ക് പ്രതികൂലമായ ഉത്തരവുകള്‍ ഇറക്കരുത്, നിയമത്തെ വളച്ചും പാവങ്ങളെ സഹായിക്കണം,സമൂഹത്തിന്റെ ആവശ്യം മനസിലാക്കി സിസ്റ്റത്തില്‍ മാറ്റം കൊണ്ടുവരണം, ചുവപ്പുനാടകള്‍ മുറിച്ചുമാറ്റണം, മാറ്റങ്ങള്‍ക്കായി ഉറച്ചുനില്‍ക്കണം, വിജയം പിന്നാലെ വരും.ഈ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ജോലി ചെയ്തതെന്നന്നത് ഗറിയാലിയുടെ സര്‍വ്വീസ് സ്‌റ്റോറിയില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.
എം ജി ആര്‍
ചെംഗല്‍പെട്ടിലെ തിരുവള്ളൂര്‍ ഡിവിഷനില്‍ സബ്കളക്ടറായിരുന്ന കാലത്ത് നാട്ടില്‍ പട്ടിണിയുടെ കാലമായിരുന്നു. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുകയായിരുന്നു സബ്കളക്ടറുടെ പ്രധാന ജോലി. പാവപ്പെട്ടവര്‍ക്കുവേണ്ടി വാദിച്ച് എംഎല്‍എയുടെ ശത്രുവായി. അയാളെ അറസ്റ്റു ചെയ്യിക്കേണ്ടിവന്നു. പിന്നീട് കരൂരായിരുന്നു നിയമനം.സിസേറിയന്‍ കഴിഞ്ഞ് രണ്ട് മാസം പ്രായമായ കുഞ്ഞുമായി വന്ന് ജോയിന്‍ ചെയ്തു. അന്ന് അങ്ങിനെയാണ് തോന്നിയത് എന്നവര്‍ പറയുന്നു. എന്നാല്‍ പിന്നീട് സര്‍വ്വീസില്‍ വന്ന പെണ്‍കുട്ടികള്‍ക്ക് ഗറിയാലി നല്‍കിയ ഉപദേശം ഒരു വര്‍ഷം അവധിയില്‍ നിന്ന് കുഞ്ഞിനെ നോക്കിയിട്ടേ ജോലിയില്‍ തിരികെ പ്രവേശിക്കാവൂ എന്നാണ്. അനുഭവം തന്നെയാണല്ലോ ഗുരു. വാതിലുകള്‍ കൃത്യമായി അടയാത്ത, മെയിന്റനന്‍സ് നടന്നിട്ടില്ലാത്ത ഒരു കെട്ടിടത്തില്‍ അമ്മയും കുഞ്ഞും മാത്രം. അയലത്ത് താമസിച്ചിരുന്ന നാഗപ്പന്‍ ചൊക്കലിംഗവും വൈരവും ഗറിയാലിയുടെ വളര്‍ത്തച്ഛനും അമ്മയുമായത് അക്കാലത്താണ്.
സെക്രട്ടേറിയറ്റില്‍ വലിയ ഉത്തരവാദിത്തങ്ങളില്ലാത്ത അണ്ടര്‍സെക്രട്ടറി തസ്തിക നന്നായി ആസ്വദിച്ചതും ഗറിയാലി എഴുതുന്നു. എന്നാല്‍ കൃഷി വകുപ്പിന്റെ ചുമതല വന്നതോടെ കാര്യങ്ങള്‍ മാറി. അവിടെയാണ് മറ്റൊരു ഗുരുവിനെ ലഭിക്കുന്നത്. വെങ്കട്ടരാമന്‍. സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് അയയ്ക്കുന്ന ഫയല്‍ വെറുതെ ഒപ്പിട്ട് അയച്ചാല്‍ അദ്ദേഹം തിരിച്ചുവിടും. നന്നായി വായിച്ച് എന്തെങ്കിലും കറക്ഷന്‍ വരുത്തുകയും കമന്റ് എഴുതുകയും നിര്‍ബ്ബന്ധം. ഫയല്‍ എന്തെന്നറിയണം, മനസിലാക്കണം,ചിന്തിക്കണം, കോണ്‍ട്രിബ്യൂട്ട് ചെയ്യണം ഇല്ലെങ്കില്‍ ബാബുമാര്‍ ഭരിക്കും എന്നതായിരുന്നു ഉപദേശം. ബാബുമാരെ കൊട്ടുക,ചുവപ്പുനാട മുറിക്കുക എന്നാണ് അതിന് അദ്ദേഹം പേരിട്ടിരുന്നത്. വകുപ്പ് തലവന് പകരം സെക്രട്ടേറിയറ്റിലെ ക്ലാര്‍ക്ക് സെക്രട്ടറിയെ ഗൈഡ് ചെയ്യുന്ന നിലവിലെ രീതി കടുത്ത നാണക്കേടാണ് എന്നും അദ്ദേഹം പറയുമായിരുന്നു. സെക്രട്ടേറിയറ്റിലെ ദന്തഗോപുരത്തില്‍ ഇരുന്ന് സുഖിക്കരുത് എന്നു പറഞ്ഞ് ഗറിയാലിയെ നിരന്തരം ഫീല്‍ഡില്‍ അയച്ചിരുന്നു വെങ്കിട്ടരാമന്‍. ഫീല്‍ഡിലെ അറിവ് ഫയലില്‍ മണ്ടത്തരം എഴുതുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും വെങ്കട്ടരാമന്‍ പഠിപ്പിച്ചു.
എ പി ജെ അബ്ദുല്‍ കലാം
ഇരുപത്തിയെട്ടാം വയസ്സില്‍ രാജ്ഭവനില്‍ അണ്ടര്‍ സെക്രട്ടറിയായി എത്തി വൈകാതെ ഗവര്‍ണ്ണറുടെ സെക്രട്ടറിയായി.അന്ന് രാഷ്ട്രപതി ഭരണമാണ്. ഇന്ദിരാഗാന്ധി കരുണാനിധി സര്‍ക്കാരിനെ പിരിച്ചുവിട്ടു. മോഹന്‍ലാല്‍ സുഖാദിയ ഗവര്‍ണ്ണറായി വന്നു. അദ്ദേഹത്തിന് കൃത്യനിഷ്ഠ,വേഗത, ശരിയായ നിലപാട് എന്നിവയായിരുന്നു മന്ത്രങ്ങള്‍. അതിനൊത്ത് നിന്നു. ഒരു രൂപയായിരുന്നു അദ്ദേഹം ശമ്പളമായി കൈപ്പറ്റിയിരുന്നത്. തുടര്‍ന്ന് പ്രഭുദാസ് പട്വാരി എന്ന ഗവര്‍ണ്ണര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ചെറുപ്പം രാജ്ഭവനില്‍ തളയ്ക്കപ്പെടരുത് എന്ന് ചീഫ്‌സെക്രട്ടറി നിര്‍ദ്ദേശിച്ചു. പക്ഷെ ഗവര്‍ണ്ണര്‍ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഭര്‍ത്താവ് രാജ്കുമാറിന് കോമണ്‍വെല്‍ത്ത് ഫെലോഷിപ്പ് കിട്ടി ലണ്ടനിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സൈക്കിയാട്രിയില്‍ പഠനത്തിന് പോയപ്പോള്‍ ഒപ്പം ചേരാനായി രാജ്ഭവന്‍ വിട്ടു.
അവിടെനിന്നും വന്നപ്പോള്‍ ഡയറക്ടര്‍ ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍, ഡയറക്ടര്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ ചുമതലകള്‍ കിട്ടി. മന്ത്രി ഒരു വനിത. നല്ല ബന്ധമായിരുന്നു. എന്നാല്‍ ബാഗ്ദാദില്‍ നടന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് കോണ്‍ഫറന്‍സോടെ താളം തെറ്റി. അവിടെ ഗറിയാലിക്ക് വലിയ പ്രോമിനന്‍സ് കിട്ടി. ഇത് മന്ത്രിക്ക് അനിഷ്ടമായി. സദ്ദാമിന്റെ നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരും സ്വതന്ത്രരുമായിരുന്നു എന്ന് ഗറിയാലി ഓര്‍ക്കുന്നു. നാട്ടിലെത്തി വൈകാതെ കൊളിജിയറ്റ് എജ്യൂക്കേഷന്‍,സാംസ്‌കാരികം, സ്‌പോര്‍ട്ട്‌സ് എന്നിവയുടെ ചുമതലയിലായി. അത് തമിഴ് സംസ്‌കാരവും പുരാരേഖകളുമൊക്കെ പഠിക്കാന്‍ അവസരമൊരുക്കി. മന്ത്രി അരംഗനായകം നല്ല പിന്‍തുണയും നല്‍കി. സൌത്ത് ആര്‍ക്കോട്ട് കളക്ടറായിട്ടായിരുന്നു പിന്നെ നിയമനം. അവിടെ റോബര്‍ട്ട് ക്ലൈവ് താമസിച്ചിരുന്ന വീട്ടിലെ ജീവിതം വര്‍ണ്ണിക്കുന്നുണ്ട് ഗറിയാലി. അവിടെയും ഒരു എംഎല്‍എയുമായി പ്രശ്‌നമുണ്ടായി. അക്കാലത്താണ് ഡാനിഷ് സര്‍ക്കാരിന്റെ ഫണ്ടില്‍ ആരോഗ്യവകുപ്പിലെ സബ്‌സെന്ററുകളുണ്ടാക്കിയത്. അക്കൗണ്ടബിലിറ്റി കൃത്യമായി പഠിച്ചത് അന്നാണ്. സര്‍ക്കാര്‍ പണത്തിലെ നിര്‍മ്മാണങ്ങളില്‍ വേണ്ടത്ര അക്കൗണ്ടബിലിറ്റി ഇല്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണല്ലോ. എന്നാല്‍ ഡെന്‍മാര്‍ക്കുകാര്‍ ജനല്‍,സ്വിച്ച്, വയര്‍ എന്നിവ ഉള്‍പ്പെടെ അസ്സസ്സ് ചെയ്യും. പല ഘട്ടത്തില് പല ആളുകള്‍ അന്വേഷണം നടത്തും. അതൊരു വലിയ പാഠമായിരുന്നു.
തുടര്‍ന്ന് യുകെയിലെ സസക്‌സില് സ്‌കോളര്‍ഷിപ്പോടെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പഠനം. തിരികെ വന്ന് ടൂറിസംഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയായി. 1996 ല്‍ ജയലളിത ഭരണത്തില്‍ നിന്നും മാറി. അവരെ വീട്ടില്‍ പോയി കണ്ടവരില്‍ ഗറിയാലിയും ഉണ്ടായിരുന്നു. അതോടെ പുതിയ സര്‍ക്കാരിന് അതൃപ്തിയായി. നിയമനത്തില്‍ അത് പ്രതിഫലിച്ചു. ആര്‍ക്കൈവ്‌സ് ഡയറക്ടറായി. ഈ സമയം രാജ്കുമാര്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നും വിആര്‍എസ് എടുത്ത് ആസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പോയി. ഗറിയാലിക്കെതിരെ പലവിധ അന്വേഷണങ്ങള്‍ ആരംഭിക്കുന്നു എന്നറിഞ്ഞിരുന്നു. ഏതായാലും ഓക്‌സ്ഫഡില്‍ ക്വീന്‍ എലിസബത്ത് ഹോം ഫെലോഷിപ്പ് കിട്ടി ചെന്നൈയില്‍ നിന്നും തടിതപ്പി. പക്ഷെ തരികെ എത്തിയപ്പോള്‍ ആദ്യം കിട്ടിയത് ചാര്‍ജ്ജ് മെമ്മോ ആണ്. പിന്നെ വിജിലന്‍സ് അന്വേഷണം,ജുഡീഷ്യല്‍ അന്വേഷണം ഒക്കെ വന്നു. പത്തുവര്‍ഷം മുന്നെയൊക്കെയുള്ള ഫയലുകള് വച്ചായിരുന്നു അന്വേഷണം. അവിടെ ഗറിയാലി പറയുന്നൊരു കാര്യമുണ്ട്. നമുക്കെതിരെ കുറ്റാരോപണം വരുന്നത് നമ്മള്‍ തെറ്റ് ചെയ്തതുകൊണ്ടാകണമെന്നില്ല, മറ്റൊരാള്‍ക്ക് നമ്മളെ ഇഷ്ടമല്ല എന്നതുകൊണ്ടോ അതല്ലെങ്കില്‍ നമ്മള്‍ ജോലി ചെയ്തത് ആരോടൊപ്പമാണോ അയാളെ അവര്‍ക്ക് ഇഷ്ടമല്ലാത്തുകൊണ്ടോ ആവാം. നമ്മള്‍ ഏതെങ്കിലും രാഷ്ട്രീയക്കാരോടൊപ്പം അടുത്തുനിന്ന് ജോലി ചെയ്ത് അതിന്റെ ധവളിമ നേടുമ്പോള്‍ ഓര്‍ക്കുക, ഭാവിയില്‍ ഇതിന് ഒരു ബദലുണ്ടാകും.
ഈ കാലത്ത് ഓഫീസും ജീവനക്കാരും ഇല്ലാതെ സയന്‍സ് സിറ്റി എന്ന് കണ്‍സെപ്റ്റിന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിച്ചു. ഗറിയാലി നല്‍കുന്നൊരു പാഠമുണ്ട്. ഏത് തിരിച്ചടിയേയും നമുക്ക് അനുകൂലമാക്കി ആസ്വദിക്കുക എന്നത്. ഡയറക്ടര്‍ ആര്‍ക്കൈവ്‌സ് ആയപ്പോഴും സയന്‍സ് സിറ്റിയില്‍ എത്തിയപ്പോഴും അവര്‍ അതാണ് ചെയ്തത്. അവിടെ ടെക്‌നോക്രാറ്റ്‌സ് ഏറെ സഹായിച്ചു.ബ്യൂറോക്രാറ്റ്‌സിനേക്കാളും നന്മ ടെക്‌നോക്രാറ്റ്‌സിനാണ് എന്ന് ഗറിയാലി പറയുന്നു. അവരുടെ സഹായത്തോടെ ഓഫീസായി, സ്റ്റാഫ് ആയി. ഒടുവില്‍ ജിഞ്ചിഅഡയാര്‍ ഭാഗത്ത് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമായി. ഈ കാലം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം അണ്ണാ സര്‍വ്വകലാശാല ഗസ്റ്റ്‌ഹൌസില്‍ ഒരുമുറിയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തിന് അനേകം ഗവേഷക വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. അവിടെനിന്നാണ് അദ്ദേഹം രാഷ്ട്രപതിയായി പോകുന്നത്. തിരികെ വന്നപ്പോള്‍ വീണ്ടും താമസമാക്കിയതും അവിടെത്തന്നെ. ഗറിയാലി അദ്ദേഹവുമായി നല്ല സൗഹൃദത്തിലായിരുന്നു.
ജയലളിത
2001 ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. മദ്യഷാപ്പുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും മഴവെള്ള സംഭരണം ജനകീയമാക്കിയതും ആള്‍ വിമന്‍ പോലീസ് സ്‌റ്റേഷന്‍ തുടങ്ങിയതും ക്ഷേത്രങ്ങളില്‍ സ്ത്രീകളെ എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചതുമൊക്കെ അക്കാലത്താണ്. 1982 ല്‍ തന്നെ എംജിആര്‍ 30 ശതമാനം സ്ത്രീ സംവരണം സര്‍ക്കാരില്‍ കൊണ്ടുവന്നിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കിയതും സ്ത്രീകള്‍ക്കായി സ്വയം സഹായ ഗ്രൂപ്പുകള്‍ ആരംഭിച്ചതും അക്കാലത്താണ്.
സുര്‍ജിത് സിംഗ് ബര്‍ണാല
2005 ല്‍ സുര്‍ജിത് സിംഗ് ബര്‍ണാല ഗവര്‍ണ്ണറായപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധം കാരണം വീണ്ടും രാജ്ഭവനിലെത്തി. അതുകൊണ്ട് 2006 ലെ സര്‍ക്കാര്‍ മാറ്റത്തില് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ഒഴിവായി. 2007 ഡിസംബര്‍ 31 ന് വിആര്‍എസ് എടുത്തു. തുടര്‍ന്ന് ഇന്ത്യ ക്ലീന്‍ എന്ന എന്‍ജിഒ യുടെ കണ്‍ട്രി ഡയറക്ടറായി, 2008 ല്‍ ഇക്വിറ്റാസ് എന്ന സ്ഥാപനത്തിലേക്ക് മാറി. ഗറിയാലി ജീവിതം പറച്ചില്‍ ഇവിടെ അവസാനിപ്പിക്കുന്നു. തികച്ചും പോസിറ്റീവായും ഊര്‍ജ്ജസ്വലമായും ജീവിച്ച ഒരു വനിതയെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുന്നത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയും യാത്ര ചെയ്തും ക്ലാസ്സുകള്‍ എടുത്തും ഗറിയാലി ഇപ്പോഴും സജീവമാണ് എന്ന് മനസിലാക്കാന്‍ കഴിയുന്നു.