Bastard അഥവാ തന്തയില്ലായ്ക പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ഇല്ലാത്ത വാക്കാണ്, തള്ളിയില്ലായ്കക്ക് നമ്മുടെ ഭാഷകളില്‍ വാക്കുകളില്ല

Articles

ചിന്ത / എ പ്രതാപന്‍

ഹസാര്‍ ചുരാഷിര്‍ മാ, MOTHER OF 1084,
1084 ന്റെ അമ്മ.
മഹാശ്വേത ദേവിയുടെ നോവല്‍ വീണ്ടും വായിച്ചു. അര നൂറ്റാണ്ട് മുമ്പ് എഴുതിയത്. 1973 ല്‍ Prasad എന്ന ബംഗാളി ആനുകാലികത്തിന്റെ ഒക്ടോബര്‍ ലക്കത്തിലാണ് ഇതിന്റെ ആദ്യ രൂപം വെളിച്ചം കണ്ടത്. 1974 ന്റെ തുടക്കത്തില്‍ അത് വിപുലീകരിച്ച് പുസ്തകമായി ഇറങ്ങി.

1967 ലെ നക്‌സല്‍ബാരി കലാപത്തിന് ശേഷം, എഴുപതുകള്‍ വിമോചനത്തിന്റെ ദശകമാണെന്ന് വിശ്വസിച്ച്, തങ്ങളുടെ പഠനവും തൊഴിലും ഉപേക്ഷിച്ച് കുറേ ചെറുപ്പക്കാര്‍ തെരുവുകളിലേക്കും ഗ്രാമങ്ങളിലേക്കും ഇറങ്ങിപ്പോയി. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ തെരുവുകളില്‍ വീണ് പിടഞ്ഞു മരിച്ചു. അവരെ കൊല ചെയ്യാന്‍ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ കൂലിത്തൊഴിലാളികള്‍ക്കും ഭരണകൂടത്തിന്റെ അനുവാദമുണ്ടായിരുന്നു. ആ കാലത്തെ കുറിച്ചാണ് മഹാശ്വേത ദേവി എഴുതിയത്.

1084 എന്നത് പോലീസ് രേഖകളിലെ ഒരു അക്കമാണ്. തെരുവുകളില്‍ മരിച്ചു വീണ ശവങ്ങളുടെ സംഖ്യയില്‍ 1083 ന് ശേഷം വരുന്ന ഒരക്കം. പക്ഷേ സുജാത എന്ന അമ്മക്ക് അത് ഒരു വെറും അക്കമല്ല, ബ്രതി എന്ന തന്റെ ഇളയ മകനാണ്. ആ അമ്മക്ക് രാഷ്ട്രീയമൊന്നുമില്ല. താന്‍ ഏറെ സ്‌നേഹിച്ചിരുന്ന മകന്‍ ജീവിച്ചിരുന്നപ്പോള്‍ അവനെ കുറിച്ച് ഏറെയൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. അവനോടൊപ്പം കൊലചെയ്യപ്പെട്ട സോമുവിന്റെ അമ്മക്ക് തന്നേക്കാളും ഏറെ അവനെ അറിയുമായിരുന്നു എന്ന് പിന്നീടവര്‍ മനസ്സിലാക്കുന്നു.

പോലീസ് തടങ്കലില്‍ ഭീകരമായ പീഢനങ്ങള്‍ക്കിരയായി കാഴ്ചശക്തി നഷ്ടപ്പെട്ട് പിന്നീട് വീട്ടുതടങ്കലില്‍ കഴിയുന്ന, നന്ദിനി എന്ന ബ്രതിയുടെ പ്രിയ പെണ്‍ സുഹൃത്തിനും അവനെ കൂടുതല്‍ അറിയാമായിരുന്നു. തന്റെ സ്‌നേഹത്തോടൊപ്പം അവനെ കുറിച്ച് കൂടുതല്‍ അറിവും ഉണ്ടായിരുന്നെങ്കില്‍ അവന്‍ മരിക്കാതെ പോകുമായിരുന്നോ എന്നവര്‍ കുറ്റബോധത്തോടെ ആലോചിക്കുന്നു. സ്‌നേഹം കൊണ്ടും മനസ്സിലാക്കല്‍ കൊണ്ടും മരണത്തില്‍ നിന്ന് മക്കളെ രക്ഷിക്കാനാകാത്ത ഭീകരമായ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അവര്‍ക്ക് തോന്നുന്നു. തന്റെ മകന്റെ കൊലയുടെ ന്യായം എന്ത് എന്ന് ആരായുന്ന ഒരു അമ്മ സമൂഹം മുഴുവന്‍ പടര്‍ന്നിരിക്കുന്ന അന്യായത്തെയാണ് കാണുന്നത്.

എല്ലാം രേഖപ്പെടുത്തുന്നതിന്റെ(documentation) മൂല്യത്തില്‍ താന്‍ വിശ്വസിക്കുന്നു എന്ന് മഹാശ്വേത ദേവി പറഞ്ഞിട്ടുണ്ട്. ബ്രതി മരിച്ചു, അവന്റെ അമ്മ സുജാത മരിച്ചു, അവരുടെയെല്ലാം അമ്മ മഹാശ്വേത ദേവിയും മരിച്ചു. ആ കാലത്തിന്റെ രേഖയായി ഈ പുസ്തകം ബാക്കിയായി. കാല സര്‍പ്പത്തിന്റെ ദംശനത്തില്‍ ചിലര്‍ മരിച്ചു പോകുന്നു, ബ്രതിയെ പോലെ. മറ്റു പലരും മരിക്കാതെ ജീവിക്കുന്നു, അതിന്റെ വ്രണങ്ങള്‍ പേറി.

ബംഗാള്‍ എന്ന വാക്ക് മലയാളിക്ക് ഇന്ന് ഒരു ട്രോള്‍ ആണ്. പൊറോട്ടയടിക്കുന്ന ബംഗാളിയെയാണ് ഇന്നത്തെ മലയാളി അറിയുന്നത്. അതു പോലെ തന്നെ മലയാളത്തിലെ ഒരു ട്രോള്‍ ആണ് പോളണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാളുകളില്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് , അതായത് ഒരു വീട്ടില്‍ നിന്ന് ശരാശരി ഒരാളെങ്കിലും കൊല്ലപ്പെട്ട ഒരു ദേശം.

Bastard അഥവാ തന്തയില്ലായ്ക എന്നത് പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് ഇല്ലാത്ത ഒരു വാക്കാണ്. തള്ളയില്ലായ്കക്ക് നമ്മുടെ ഭാഷകളില്‍ വാക്കുകള്‍ ഇല്ല. 1084 ന്റെ അമ്മയെ വായിക്കുമ്പോള്‍ ഞാന്‍ നമ്മുടെ തള്ളയില്ലായ്കയെ വീണ്ടും ഓര്‍ക്കുന്നു.