ഗുഡ് ഹാര്‍ട്ട് ചാലഞ്ചിന് തുടക്കമായി; ജീവിതശൈലി മാറ്റത്തിലൂടെ ഹൃദ്രോഗത്തെ പ്രതിരോധിക്കണം: ഐ ഡി ആര്‍ എല്‍

Kozhikode

കണ്ണൂര്‍: ജീവിതശൈലി മാറ്റത്തിലൂടെ ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന് ഐ ഡി ആര്‍ എല്‍ കണ്ണൂരില്‍ സംഘടിപ്പിച്ച ഗുഡ് ഹാര്‍ട്ട് ചലഞ്ച് പ്രോഗ്രാം അഭിപ്രായപ്പെട്ടു. സന്തുലിത ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ശാന്തമായ ഉറക്കം, മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നിവയിലൂടെ ഹൃദ്രോഗത്തെ ഒരളവോളം പ്രതിരോധിക്കാനാവും. ഹൃദ്രോഗ സാധ്യതകളെ മുന്‍കൂട്ടി കണ്ടെത്താനുള്ള വിവിധ രോഗനിര്‍ണയ സംവിധാനങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ലഭ്യമാണ്. നാല്‍പ്പതു വയസ്സുകഴിഞ്ഞ മുഴുവനാളുകളും വര്‍ഷത്തിലൊരിക്കലെങ്കിലും ഹൃദ്രോഗ പരിശോധനകള്‍ ചെയ്യുന്നത് രോഗ സാധ്യതകളെ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കും. ഓരോരുത്തരും ഹൃദ്രോഗ പരിശോധനകള്‍ക്ക് സ്വയം വിധേയമായി രോഗമില്ലെന്ന് ഉറപ്പാക്കുന്ന ഗുഡ് ഹാര്‍ട്ട് ചലഞ്ച് വിദേശരാജ്യങ്ങളില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്.

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഐ ഡി ആര്‍ എല്‍ സംഘടിപ്പിച്ച ഗുഡ് ഹാര്‍ട്ട് ചാലഞ്ച് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഹൃദ്രോഗങ്ങളെ മുന്‍കൂട്ടി കണ്ടെത്താന്‍ ഉപകരിക്കുന്ന ട്രെഡ് മില്‍ ടെസ്റ്റ് സ്വയം പ്രചോദിതനായി ചെയ്യുകയും തുടര്‍ന്ന് അടുത്തയാളെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഗുഡ് ഹാര്‍ട്ട് ചാലഞ്ച്. സ്വന്തം ഹൃദയ ആരോഗ്യം ടെസ്റ്റിലൂടെ ബോധ്യപ്പെട്ടവറ്, ഗുഡ് ഹാര്‍ട്ട് ചലഞ്ച് അടുത്തയാള്‍ക്ക് കൈമാറുന്ന രീതിയാണിത്. ഡെപ്യൂട്ടി മേയര്‍ തുടങ്ങിവച്ച ഹാര്‍ട്ട് ചലഞ്ച് ഡോ. നിത്യ നമ്പ്യാര്‍ ഏറ്റെടുക്കുകയും അടുത്തയാള്‍ക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി 800 ഓളം പേര്‍ ഗുഡ് ഹാര്‍ട്ട് ചാലഞ്ചിലൂടെ ഹൃദ്രോഗ നിര്‍ണയത്തിന് വിധേയരായി.

ഐ ഡി ആര്‍ എല്‍ ചെയര്‍മാന്‍ ഡോ സുല്‍ഫിക്കര്‍ അലി അധ്യക്ഷനായിരുന്നു. കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ കെ എം എ യുടെ സഹകരണത്തോടെയാണ് പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നത്. ഡോ കെ ഹാരിസ്, കെ കെ എം എ വൈസ് പ്രസിഡണ്ട് എ വി മുസ്തഫ, വി വി മോഹനന്‍, ഗീത കെ ബി, സാറ കിഷോര്‍ പങ്കെടുത്തു.