കോഴിക്കോട്: ശുചിത്വത്തില്‍ നൂറില്‍ നൂറാകാനുള്ള നടുവട്ടത്തിന്റെ ജനകീയ കൂട്ടായ്മയ്ക്ക് ആവേശം പകരാന്‍ ‘മഹാത്മാഗാന്ധി’യും ‘കസ്തൂര്‍ബ’യും. നടുവട്ടം അമ്പതാം വാര്‍ഡില്‍ ‘നൂറില്‍ നൂറ് എന്‍ നടുവട്ടം’ എന്ന പേരില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടിയിലാണ് നടുവട്ടം ഗവ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെയും കസ്തൂര്‍ബയുടെയും വേഷമണിഞ്ഞെത്തിയത്. കേന്ദ്ര സംസ്സ്ഥാന സര്‍ക്കാരുകളുടെ സമ്പൂര്‍ണ ശുചിത്വപദ്ധതിയുടെ ഭാഗമായാണ് പരിസര ശുചീകരണ പരിപാടി സംഘടിപ്പിച്ചത്.
അയല്‍ക്കൂട്ടങ്ങള്‍, രാഷ്ട്രീയ, സാമുഹികസംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തഞ്ഞൂറിലേറെ പേര്‍ പങ്കെടുത്തു. നടുവട്ടം വാര്‍ഡിന്റെ ശുചിത്വ അംബാസഡര്‍ മജീഷ്യന്‍ പ്രദീപ് ഹുഡിനോ, വാര്‍ഡ് കൗണ്‍സിലറും കോര്‍പ്പറേഷന്‍ നഗരാസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ കെ. കൃഷ്ണകുമാരി എന്നിവര്‍ ശുചീകരണപ്രവൃത്തികള്‍ക്കു നേതൃത്വം നല്‍കി.
വാര്‍ഡ് കണ്‍വീനര്‍ അനൂപ് മാസ്റ്റര്‍, കോ ഓര്‍ഡിനേറ്റര്‍ അഹമ്മദ് കബീര്‍, ആര്‍ ആര്‍ ടി, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, രാഷ്ട്രീയ യുവജന സംഘടനകള്‍, ഹരിത കര്‍മസേന, തൊഴിലുറപ്പുകാര്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.