കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലം കരക്കടിഞ്ഞു

Kerala

കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലം കരക്കടിഞ്ഞു. തിമിംഗലത്തെ രാവിലെ പത്ത് മണിയോടെയാണ് കണ്ടെത്തിയത്. പല്ല് ഇല്ലാത്ത ഇനത്തില്‍ പെട്ട 47 അടി നീളമുള്ള തിമിംഗലമാണിത്. കടലില്‍ ഒഴുകി നടക്കുകയായിരുന്ന തിമിംഗലത്തിന്റെ ജഡം പിന്നീട് കരക്കടിയുകയായിരുന്നു. രണ്ടു പതിറ്റാണ്ടിനിടക്ക് ആദ്യമായാണ് തിമിംഗലം കോഴിക്കോട് കടപ്പുറത്ത് അടിയുന്നത്.

ജഡത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പരിശോധനക്കുശേഷം സ്‌പെഷ്യല്‍ വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സത്യന്‍ പറഞ്ഞു. 12 വയസ്സോളം പ്രായമുണ്ട്. പല്ല് ഉള്ളതും ഇല്ലാത്തതുമായ രണ്ട് തരം തിമിംഗലങ്ങളാണുള്ളത്. പല്ല് ഇല്ലാത്ത തരം ഇര തേടാറില്ല. പകരം കടല്‍ സസ്യങ്ങളേയും മറ്റും ഭക്ഷണമാക്കിയാണ് ജീവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് കണ്ടെത്തിയ ജഡം പ്രാഥമിക പരിശോധനയില്‍ ആണ് തിമിംഗലമാണെന്ന് പറഞ്ഞിട്ടുള്ളൂ. ഔദ്യോഗിക സ്ഥിരീകരണത്തിന് സാമ്പിള്‍ എടുത്ത് ഡി എന്‍ എ പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊച്ചി യിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തുക. 15 അടി വീതിയുള്ള തിമിംഗലത്തെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കഷ്ണങ്ങളായി മുറിച്ച ശേഷം സംസ്‌കരിച്ചു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് കോര്‍പറേഷന്‍ വെറ്റിനറി വിഭാഗത്തിലെ ഡോ. ശ്രീഷ്മ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ബിജിലി, കോര്‍പറേഷന്‍ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജയറാം, ഫോറസ്റ്റ് ഓഫീസര്‍മാരായ അനീഷ്, ഗിരീഷ്, ശൈരാജ് എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

തിമിംഗലം കരക്കടിഞ്ഞ വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകളാണ് ഇന്ന് സൗത്ത് ബീച്ചിലേക്കെത്തിയത്. പ്രായമായവരേയും മറ്റും താങ്ങിപ്പിടിച്ച് കൊണ്ടു വരുന്നതും കാണാനിടയായി. കൂടാതെ, തിമിംഗലിനടുത്തെത്തി സെല്‍ഫിയെടുക്കാനും ആളുകള്‍ തിരക്ക് കൂട്ടി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ഏറെ പാടുപെട്ടു.