പാണക്കാട് തങ്ങളെ അപഹസിച്ച് സമസ്തയെ അപകീര്‍ത്തിപ്പെടുത്തി; ഉമ്മര്‍ ഫൈസിക്കെതിരെ നടപടിവേണം: എം കെ മുനീര്‍

Kerala

കോഴിക്കോട്: സര്‍വ്വരാലും ആദരിക്കപ്പെടുന്ന മൈത്രിയുടെ അമ്പാസിഡറായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിഹത്യ ചെയ്ത് സമസ്തയുടെ വേദി ദുരുപയോഗം ചെയ്ത ഉമ്മര്‍ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് സമസ്തയുടെ യുവജന വിഭാഗം അധ്യക്ഷന്‍ കൂടിയായ പാണക്കാട് തങ്ങളെ അപഹസിച്ച അദ്ദേഹം സമസ്തയെയാണ് അപകീര്‍ത്തിപ്പെടുത്തിയത്.

സാദിഖലി തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചും ആ നേതൃത്വത്തിന്റെ പുണ്യം നുകര്‍ന്നും ആയിരത്തി അഞ്ഞൂറിലേറെ മഹല്ലുകളാണ് കേരളത്തിലുള്ളത്. ഇതൊന്നും അങ്ങോട്ട് ആവശ്യപ്പെട്ടോ മത്സരിച്ചോ നേടിയതല്ല. മഹല്ലിലെ ഉലമാഉം ഉമറാഉം കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ച് അംഗീകരിപ്പിച്ചാണ് ബൈഅത്ത് ചെയ്തത്. ഇവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചും പണ്ഡിത കൂട്ടായ്മകളുടെ അഭിപ്രായം ആരാഞ്ഞും സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ ആര്‍ക്കും നിരാശരാകേണ്ടി വന്നിട്ടില്ല.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായ എസ്.എം.എഫിന്റെ കൂടി പിന്തുണയോടെ പാണക്കാട് തങ്ങന്മാര്‍ ഖാസിമാരായ മഹല്ലുകളുടെ ശാക്തീകരണത്തിന് രൂപപ്പെടുത്തിയ പാണക്കാട് ഖാസി ഫൗണ്ടേഷന്‍ വിശ്വമാതൃക തീര്‍ക്കുമ്പോള്‍ അതില്‍ വ്യാകുലപ്പെടുന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയൊള്ളൂ. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ കരങ്ങളാല്‍ സ്ഥാപിക്കപ്പെട്ട് മഹാന്മാരായ പണ്ഡിത മഹത്തുക്കളിലൂടെ കൈമാറിയ സമസ്തയുടെ ആശയവും ചൈതന്യവും നൂറ്റാണ്ടിന്റെ നിറവിലുള്ള സമയമാണിത്.

ഇസ്്‌ലാമിനെ തനതായ രൂപത്തില്‍ പ്രചരിപ്പിക്കാനും വിശ്വാസികളെ ഋജുവായ മാര്‍ഗത്തിലൂടെ മുന്നോട്ടു വഴിനടത്താനുമാണ് ഇക്കാലമത്രയും സമസ്ത ശ്രമിച്ചിട്ടുളളത്. ഔദ്യോഗിക സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടായി സമസ്തയുടെ അവിഭാജ്യ നേതൃഗരിമയാണ് പാണക്കാട് തങ്ങന്മാര്‍.

പാണക്കാട് തങ്ങളെ കേരളത്തിലെ പൊതു സമൂഹം പോലും ആദരവോടെ നോക്കിക്കാണുന്നത്. അവരുടെ പാരമ്പര്യവും നേതൃഗുണവും എല്ലാവരെയും ചേര്‍ത്തു പിടിച്ച് മുന്നോട്ടു നയിക്കാനുള്ള പ്രാപ്തിയും അനിഷേധ്യമാണ്. രാഷ്ട്രീയ വിദ്വേഷം മൂത്ത് പാണക്കാട് തങ്ങളെ ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ സ്വയം ഇല്ലാതാവുകയെയൊള്ളൂ. മുസ്്‌ലിംലീഗിനോട് വിയോജിക്കുന്നതിനോ നേതാക്കളെ വിമര്‍ശിക്കുന്നതിനോ ആരും എതിരല്ല. എന്നാല്‍, സമസ്തയെന്ന മഹത്തായ സംഘടനയുടെ നയനിലപാടുകളെയും മാന്യതയെയും ചവറ്റുകൊട്ടിയിലെറിഞ്ഞ് പരസ്യമായി വെല്ലുവിളിച്ചതോടെ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് മുക്കം ഉമ്മര്‍ ഫൈസി സ്വയം തെളിയിച്ചിരിക്കുന്നു.
പരസ്പര സഹകരണത്തിന്റെ ആത്മബന്ധമുള്ള മുസ്്‌ലിംലീഗിനെയും സമസ്തയെയും അകറ്റാനും ശത്രുക്കളാക്കാനും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ തിരിച്ചറിയാനും എല്ലാവര്‍ക്കും കഴിയും. അനൈക്യത്തിനുളള ശ്രമങ്ങള്‍ നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.