മറവികളോട് പൊരുതി ജീവിക്കുന്ന ഒരോര്‍മ്മ, ഗാന്ധി

Articles

നാളെ ഗാന്ധിയുടെ നൂറ്റി അമ്പത്തിനാലാം ജന്മദിനം

ചിന്ത / എ പ്രതാപന്‍

പത്തിന്‍റെ നേരങ്ങളില്‍ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഓര്‍മ്മകളാണ് ചരിത്രം എന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതി. ഇന്ന് ആപത്തിന്റെ നേരങ്ങളില്‍ ഇന്ത്യ ചേര്‍ത്തു പിടിക്കുന്ന വലിയ ഒരു ഓര്‍മ്മയുടെ പേര് ഗാന്ധി. നമ്മുടെയൊക്കെ മറവികളോട് പൊരുതി ജീവിക്കുന്ന ഒരു ഓര്‍മ്മ. 1947 ആഗസ്റ്റ് 6ന് ലാഹോറില്‍ നിന്ന് പാറ്റ്‌നയിലേക്ക് പോകുന്ന തീവണ്ടിയിലിരുന്ന് ‘ഹരിജന്’ വേണ്ടി ഗാന്ധി എഴുതി, കൊല്ലപ്പെടാനുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് എഴുതിയ വാക്കുകള്‍.

‘എന്റെ ശ്മശാനത്തിലും ഞാന്‍ ജീവനോടെയുണ്ടാകും, മാത്രമല്ല, അവിടെ കിടന്നു കൊണ്ട് ഞാന്‍ സംസാരിക്കുകയും ചെയ്യും.’ അതെ, ഗാന്ധി ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു, മരണാനന്തരവും നിശ്ശബ്ദനാകാന്‍ സാവകാശം കിട്ടാതെ പോയ ഒരു മനുഷ്യനായി.

2003 ഫെബ്രുവരി 26 ന് ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ , ഗാന്ധിയുടെ ചിത്രത്തിന് എതിരെ സവര്‍ക്കറുടെ ചിത്രം വന്നു. കൊല്ലപ്പെട്ട ആളും കൊലയില്‍ പങ്ക് ആരോപിക്കപ്പെട്ടയാളും നേര്‍ക്കുനേര്‍. ചരിത്രത്തിലെ ചില അഭിമുഖീകരണങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല എന്നതിന്റെ നാടകീയമായ പ്രത്യക്ഷം പോലെ. ആ ചിത്രങ്ങളെ നോക്കി നിരഞ്ജന്‍ ടാക്ലേ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതി, സവര്‍ക്കറെ കാണണമെങ്കില്‍ നിങ്ങള്‍ക്ക് ഗാന്ധിക്ക് നേരെ പുറം തിരിക്കണം.( പി.എന്‍.ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ, പുറം 727). ഗാന്ധിക്ക് നേരെ പുറം തിരിഞ്ഞ്, സവര്‍ക്കറിലേക്ക് നീളുന്ന ആ നോട്ടം, ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കും, അഹിംസയില്‍ നിന്ന് ഹിംസയിലേക്കും, മൈത്രിയില്‍ നിന്ന് വിദ്വേഷത്തിലേക്കുമുള്ള ഒരു വ്യവസ്ഥയുടെ പകര്‍ന്നാട്ടത്തെ പ്രതീകവല്‍ക്കരിച്ചു.

ഇതിന് ഒരു വിപരീത പാഠവും ഉണ്ട്. അതിതാണ് ഇന്ന് നിങ്ങള്‍ക്ക് ഗാന്ധിയെ കാണണമെന്നുണ്ടെങ്കില്‍ സവര്‍ക്കറുടെ എതിര്‍ ദിശയിലേക്ക് നോക്കുക ! ദുഷിച്ച അധികാരത്തിന്റെ ദിശാസൂചികള്‍ ഇന്ന് വിരുദ്ധോക്തികളാണ്. ആ ചൂണ്ടുപലകകള്‍ക്ക് നേരെ എതിര്‍ ദിശയില്‍ പോകുക, നിങ്ങള്‍ ശരിയിലെത്താതിരിക്കില്ല.

ബെര്‍തോള്‍ഡ് ബ്രെഹ്റ്റ് മാവോയെ കുറിച്ചെഴുതിയ ഒരു കവിതയുണ്ട്, ‘എല്ലാറ്റിലും ഉപയോഗം കണ്ടെത്തി’.
1934 ല്‍, ചൈനയില്‍ വിപ്ലവം ആരംഭിച്ച് എട്ടാമത്തെ വര്‍ഷത്തില്‍, മാവോയുടെ തലക്ക് വില പറഞ്ഞു കൊണ്ട്, അന്നത്തെ ചൈനീസ് ഭരണകൂടം നാടാകെ വിമാനങ്ങളില്‍ നിന്ന് ലഘുലേഖകള്‍ പറത്തി.

ബ്രെഹ്റ്റ് പറയുന്നു,
‘മാവോ വിവേകിയായിരുന്നു ,
അയാള്‍ക്ക് ആശയങ്ങളുടെ ആധിക്യവും
കടലാസിന്റെ ദാരിദ്ര്യവും
ഉണ്ടായിരുന്നു
ഒരു വശത്ത് മാത്രം അച്ചടിച്ചിരുന്ന
ആ ലഘുലേഖകള്‍ സംഘടിപ്പിച്ച്
അതിന്റെ ഒഴിഞ്ഞ മറുവശത്ത്
ഉപയോഗപ്രദമായ കാര്യങ്ങള്‍
അച്ചടിച്ച്
ജനങ്ങള്‍ക്കിടയില്‍
വിതരണം ചെയ്തു.’

ദുരധികാരത്തിന്റെ ജ്ഞാന ഫാക്ടറികളില്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പാഠങ്ങളൊന്നും ഉല്‍പാദിപ്പിക്കപ്പെടുകയില്ല. പക്ഷേ ഇന്ന് ഭരണകൂടം ജനങ്ങള്‍ക്ക് നേരെ നീട്ടുന്ന ഓരോ വ്യാജ പ്രചരണ പത്രികയുടേയും മറുപുറത്ത് ശൂന്യമായ ഒരിടമുണ്ട്. അവിടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പാഠങ്ങള്‍ എഴുതി ചേര്‍ക്കുക എന്നതാണ് ഇന്നിന്റെ രാഷ്ട്രീയ വിവേകം, ഗാന്ധിയനോ, മാര്‍ക്‌സിയനോ, അംബേദ്കറിസ്‌റ്റോ ആയ ഏതിന്റെയും വിവേകം.

പ്രത്യാശാരഹിതമായ വര്‍ത്തമാനത്തില്‍ നിന്ന് പ്രതീക്ഷകളുടെ ഭാവിയിലേക്ക് എന്തുണ്ട് വഴി? വര്‍ത്തമാനത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴി ചില നേരങ്ങളില്‍ ഭൂതകാലത്തിലൂടെയും തെളിയാം.

ഇന്നത്തെ ഇരുളില്‍
ഗാന്ധി
ഒരു ഭൂതകാല വെളിച്ചം CF ,
ഇപ്പോഴും കെടാത്തത്,
നാളേക്ക് നീളുന്നത്.

താഴെ ആദിമൂലം വരച്ച
രണ്ട് ഗാന്ധി ചിത്രങ്ങള്‍.