കോടിയേരിയുടെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടുന്ന സംഘം ചീട്ടുകളിക്കിടെ പിടിയിലാകുമ്പോള്‍ കണ്ടെടുത്തത് അഞ്ചര ലക്ഷം

Kerala

തിരുവനന്തപുരം: സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ നിന്നും ചീട്ടുകളിക്കിടെ പിടിയിലാകുമ്പോള്‍ കണ്ടെടുത്തത് അഞ്ചരലക്ഷം രൂപ. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ പണം വെച്ച് ചീട്ടുകളിക്കുമ്പോഴായിരുന്നു കോടിയേരിയുടെ ഭാര്യാ സഹോദരനും യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുമായ എസ്.ആര്‍ വിനയകുമാറും സംഘവും പിടിയിലാകുന്നത്.

സംഭവത്തില്‍ വിനയകുമാര്‍ ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഷ്‌റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ശിയാസ്, വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായവര്‍. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇവിടെ മുറിയെടുത്തത് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ്. വിനയകുമാര്‍ പറഞ്ഞിട്ടാണ് ക്വാട്ടേഴ്‌സ് നല്‍കിയതെന്നാണ് ക്ലബ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ആരാണ് തന്റെ പേരില്‍ മുറിയെടുത്തതെന്ന് അറിയില്ലെന്നാണ് എസ്.ആര്‍ വിനയകുമാര്‍ പറയുന്നത്.