തിരുവനന്തപുരം: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്. ഇലന്തൂരിലെ നരബലിയുടെ നടുക്കം വിട്ടുമാറും മുമ്പാണ് കുരുതി ഭീഷണി മുഴക്കി വിശ്വാസിയില്‍ നിന്നും സ്വര്‍ണവും പണവുമടക്കം മന്ത്രവാദിനി ലക്ഷങ്ങള്‍ കവര്‍ന്ന വാര്‍ത്തയും പുറത്തുവരുന്നത്.
വെള്ളായണിയിലാണ് കുടുംബത്തെയാണ് മന്ത്രവാദിനി കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയത്. കുടുംബത്തില്‍ ശാപമുണ്ടെന്ന വിശ്വാസമാണ് കുടുംബത്തെ മന്ത്രവാദിനിയുടെ അടുത്തേക്ക് എത്തിച്ചത്. ഒത്തുവന്ന അവസരം ശരിക്കും മുതലെടുത്ത മന്ത്രവാദിനി ശാപം മാറ്റുന്നതിന് പൂജയും കര്‍മ്മങ്ങളും നടത്തണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. പൂജയ്ക്കായി എത്തിയ കളിയിക്കാവിള സ്വദേശിനിയായ വിദ്യ എന്ന മന്ത്രവാദിനിയും സംഘവും ചേര്‍ന്നാണ് വീട്ടുകാരില്‍ നിന്നും 55 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നത്. വെള്ളായണി കൊടിയില്‍ വീട്ടില്‍ വിശ്വംഭരനും മക്കളുമാണ് മന്ത്രവാദിനിയുടെ തട്ടിപ്പിന് ഇരകളായത്.
പൂജയ്‌ക്കെതിയ വിദ്യ സ്വര്‍ണവും പണവും പൂജാമുറിയിലെ അലമാരയില്‍ പൂട്ടിവച്ച് പൂജിക്കണമെന്നും ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ ശരിക്കുള്ള ഫലം ലഭിക്കുകയുള്ളുവെന്നും കുടുംബത്തെ ബോധ്യപ്പെടുത്തി. പൂജയ്ക്ക് ശേഷം സ്വര്‍ണവും പണവും തിരികെ ചോദിച്ചപ്പോള്‍ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മന്ത്രവാദി സ്ഥലം വിടുകയായിരുന്നു.
തെറ്റിയോട് ദേവിയെന്ന് അവകാശപ്പെടുന്ന കളിയിക്കാവിളയിലെ ആള്‍ദൈവമാണ് വിദ്യ. 2021ല്‍ ആദ്യമാണ് വിശ്വംഭരന്റെ വീട്ടില്‍ പൂജക്കായി എത്തുന്നത്. പൂജാമുറിയിലെ അലമാരയില്‍ വെച്ച സ്വര്‍ണവും പണവും പതിനഞ്ച് ദിവസം കഴിഞ്ഞ് മാത്രമേ എടുക്കാന്‍ പാടുള്ളുവെന്നായിരുന്നു വിദ്യ പറഞ്ഞിരുന്നത്. ഈ ദിവസമാകുമ്പോള്‍ താന്‍ എത്തി എടുത്തു നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതുപ്രകാരം എത്താത്തത് കണ്ട് അന്വേഷിച്ചപ്പോള്‍ ശാപം തീര്‍ന്നില്ലെന്നും മൂന്ന് മാസം കഴിയുമെന്നും മറുപടി നല്‍കി. പിന്നീട് ഈ അവധി ഒരു വര്‍ഷമാക്കി. ഒടുവില്‍ ഗതികെട്ട് വീട്ടുകാര്‍ തന്നെ അലമാര തുറന്നപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാകുന്നത്. തുടര്‍ന്നാണ് പരാതിയുമായി എത്തിയത്.
You have noted very interesting points! ps nice site.Raise blog range