എം എസ് എം ഇകള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനം: മന്ത്രി പി രാജീവ്

Kerala

തിരുവനന്തപുരം: എംഎസ്എംഇ സംരംഭങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാകേണ്ടത് പ്രധാനമാണെന്നും ഇതിനെക്കുറിച്ചുള്ള അവബോധം സംരംഭകരിലെത്തിക്കണമെന്നും നിയമ കയര്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ (http://msmeinsurance.industry.kerala.gov.in)ഉദ്ഘാടനവും പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടലും മന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തില്‍ മൂന്ന് ലക്ഷത്തിലധികം എംഎസ്എംഇകള്‍ ഉണ്ടെന്നും 2022-23 സംരംഭക വര്‍ഷാചരണത്തിന്റെ ഭാഗമായി മാത്രം 1,40,000 എംഎസ്എംഇകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇവയില്‍ 15000ത്തില്‍ താഴെ സംരംഭങ്ങള്‍ മാത്രമേ ഏതെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായിട്ടുള്ളൂ. ഇന്‍ഷുറന്‍സ് പരിരക്ഷ സംരംഭങ്ങള്‍ക്ക് സംഭവിച്ചേക്കാവുന്ന നഷ്ടത്തിന്റെ ആഘാതം കുറയ്ക്കും. എംഎസ്എംഇകളെ വളര്‍ത്താനും വിപണി ശക്തിപ്പെടുത്താനും സംരംഭകരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനും വിപുലമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്തെല്ലാം ആനുകൂല്യങ്ങളും പദ്ധതികളുമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന ധാരണയില്ലാത്ത നിരവധി സംരംഭകരുണ്ട്. അവര്‍ക്ക് ഈ അറിവുകള്‍ നല്‍കുന്നതിനായി സംരംഭകരുടെ വിപുലമായ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ വ്യവസായിക അനുകൂല അന്തരീക്ഷം പോഷിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി സഹായകമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ഇന്‍ഷുറന്‍സ് സാമ്പത്തിക പരിരക്ഷ നല്‍കുന്നതിലൂടെ എംഎസ്എംഇകളില്‍ ആത്മവിശ്വാസം വളര്‍ത്താനും ബിസിനസ് വിപുലീകരിക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായിട്ടാണ് ധാരണാപത്രം ഒപ്പിട്ടത്. ഈ സ്ഥാപനങ്ങളില്‍ നിന്ന് 2023 ഏപ്രില്‍ ഒന്നിന് ശേഷം ഭാരത് സൂക്ഷ്മ/ലഘു ഉദ്യം സ്‌കീമിന് കീഴില്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള എംഎസ്എംഇകള്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരായിരിക്കും. എംഎസ്എംഇ നല്‍കുന്ന വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 50 ശതമാനം വരെ റീഇംബേഴ്‌സ്‌മെന്റ് ആയി നല്‍കുന്ന പദ്ധതി ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേനയാണ് നടപ്പാക്കുന്നത്.

എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന അപ്രതീക്ഷിത നഷ്ടങ്ങളില്‍ നിന്ന് വേഗത്തില്‍ കരകയറാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ സഹായിക്കുമെന്ന് സ്വാഗതം ആശംസിച്ച വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. ഓരോ മേഖലയിലും സമഗ്രമായി ഇടപെട്ട് സംരംഭകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ടുള്ള നയരൂപീകരണമാണ് വ്യവസായ വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീന്‍, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയ ആര്‍. ധര്‍മ്മപാലന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജെന്നി പി. ജോണ്‍, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മിനി ജോര്‍ജ്ജ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ് റീജണല്‍ മാനേജര്‍ പ്രദീപ് മാത്യു എന്നിവര്‍ സംബന്ധിച്ചു.