കേരളീയരായ പ്രവാസികള്‍ക്ക് തണലായും പ്രവാസികളാകാന്‍ കൊതിക്കുന്നവര്‍ക്ക് വഴികാട്ടിയായും നിലകൊള്ളുകയാണ് കേരള പ്രവാസികാര്യ വകുപ്പ്. പ്രവാസി ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി നിലവില്‍ വന്ന വകുപ്പാണിത്. വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന കേരളീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയുമാണ് ലക്ഷ്യം. 1996ല്‍ നിലവില്‍ വന്ന വകുപ്പിന്റെ ഫീല്‍ഡ് ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സ് രൂപീകൃതമായതോടെ പ്രവാസത്തിന്റെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കരുത്തായി. പ്രവാസത്തിനു മുന്‍പ്, പ്രവാസകാലം, പ്രവാസത്തിന് ശേഷം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങളിലും വ്യക്തികള്‍ക്കാവശ്യമായ കാര്യങ്ങളില്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ഇടപെടലുകളാണ് നോര്‍ക്ക നടത്തിവരുന്നത്. നിയമപരവും, ഗുണമേന്മയുള്ളതുമായ പ്രവാസത്തിന് യുവജനങ്ങളെ പ്രാപ്തരാക്കുന്നതു മുതല്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും സാന്ത്വനവും പുനരധിവാസവും ഒരുക്കുന്നതടക്കമുള്ള അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക നേതൃത്വം വഹിക്കുന്നുണ്ട്.
വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അയക്കുവാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സി കൂടിയാണ് നോര്‍ക്ക. നിലവില്‍ സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും യു.കെ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തിവരുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ടെക്‌നീഷ്യന്‍മാര്‍, ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെ 2500 ല്‍ അധികം പേരെ ഇതിനോടകം റിക്രൂട്ട് ചെയ്തിട്ടുണ്ട്.
22 പദ്ധതികള്‍ നോര്‍ക്ക റൂട്ട്‌സ് നടത്തിവരുന്നുണ്ട്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുന്ന പുനരധിവാസ പദ്ധതിയാണ് ‘നോര്‍ക്ക ഡിപ്പാര്‍ട്ടുമെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍സ്’. സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്കുമായി 2021 2022 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ് ‘പ്രവാസി ഭദ്രത’. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്, 15000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതിയാണ് ‘നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്’. ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിംഗ് ലൈസന്‍സിങ് പരീക്ഷ പാസാകുന്നതിനും, ഐസിടി മേഖലയിലെ നൂതന സാങ്കേതിക വിദ്യയില്‍ കഴിവ് നേടുന്നതിനും പരിശീലനം നല്‍കാനായി ആരംഭിച്ച പദ്ധതിയാണ് ‘സ്‌കില്‍ അപ്ഗ്രഡേഷന്‍ & റീഇന്റഗ്രേഷന്‍ പ്രോഗ്രാം’. കേരളത്തിലെ വ്യവസായ സംരംഭക സാദ്ധ്യതകള്‍ പ്രവാസി സംരംഭകര്‍ക്ക് പരിചയപ്പെടുത്താനും അവര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങള്‍ നല്‍കുകയുമാണ് ‘നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍’. 2018 മുതല്‍ ‘എമര്‍ജന്‍സി റീപാട്രിയേഷന്‍ സ്‌കീമും’, ‘നോര്‍ക്ക അസിസ്റ്റന്‍ഡ് ബോഡി റീപാട്രിയേഷന്‍ സ്‌കീമും’നടത്തിവരുന്നുണ്ട്.
വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ അധികൃതരെ അറിയിക്കുന്നതിനുമായി അന്താരാഷ്ട്ര ടോള്‍ ഫ്രീ നമ്പര്‍ (1800 425 3939) സൗകര്യത്തോടുകൂടി ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യ ആംബുലന്‍സ് സേവനമുണ്ട്. കേരളീയരായ പ്രവാസികളുടെ തൊഴില്‍, വിസ, പാസ്‌പോര്‍ട്ട്, ആശുപത്രി ചികിത്സ, ജയില്‍ശിക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അതത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സൗജന്യ സേവനം നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ‘പ്രവാസി നിയമ സഹായ സെല്‍’. സാമ്പത്തികവും, ശാരീരികവുമായി അവശതയനുഭവിക്കുന്ന പ്രവാസികുടുംബങ്ങളുടെ സഹായത്തിനായി രൂപീകരിച്ച ദുരിതാശ്വാസ നിധിയാണ് ‘സാന്ത്വന’. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം തുടങ്ങിയവയാണ് ഈ പദ്ധതി മുഖേന നല്‍കിവരുന്നത്. ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന നോര്‍ക്കാ അസിസ്റ്റഡ് ആന്‍ഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റും വിസ, തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ഇടപെടല്‍ നടത്തുന്ന ശുഭയാത്ര പദ്ധതിയുമാണ് നടപ്പുവര്‍ഷത്തെ പ്രധാന ചുവടുവയ്പ്പുകള്‍. ജര്‍മനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ട്രിപ്പിള്‍ വിന്‍ പദ്ധതി, ഹോസ്പിറ്റാലിറ്റിമേഖലയില്‍ തൊഴിലവസരം സൃഷ്ട്ടിക്കുന്നതിനുള്ള ട്രിപ്പിള്‍ വിന്‍ ഹോസ്പിറ്റാലിറ്റി പദ്ധതിയും പുതിയ കാല്‍വയ്പ്പുകളാണ്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭ രൂപീകരിക്കുന്നതിന് നോര്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
പ്രതിസന്ധി ഘട്ടങ്ങളിലും പ്രവാസികളെ പിന്‍തുണക്കുന്നതില്‍ നോര്‍ക്കയുടെ പങ്ക് ചെറുതല്ല. സുഡാനില്‍ ആഭ്യന്തര കലാപം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെത്തിയ കേരളീയരായ 183 പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. മണിപ്പൂരില്‍ സംഘര്‍ഷവും ക്രമസമാധാനപ്രശ്‌നങ്ങളും നിലനിന്ന സാഹചര്യത്തില്‍ 63 വിദ്യാര്‍ത്ഥികളെ നോര്‍ക്ക റൂട്ട്‌സ് നാട്ടില്‍ തിരിച്ചെത്തിച്ചു. മോഖ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്‍ഡമാന്‍ നിക്കോബാറില്‍ കുടുങ്ങിയ മലയാളി വിനോദയാത്രാസംഘത്തെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടില്‍ തിരിച്ചെത്തിച്ചു. പ്രവാസിക്ഷേമം മുന്‍നിര്‍ത്തി രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക് ദേശീയ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്‌കോച്ച് അവാര്‍ഡ് നോര്‍ക്കറൂട്ട്‌സിന് ലഭിച്ചിട്ടുണ്ട്. സ്വപ്നങ്ങള്‍ നെയ്‌തെടുക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കി സുരക്ഷയുടെ കവചം ഒരുക്കി മുന്നേറുകയാണ് നോര്‍ക്ക റൂട്ട്‌സ്.