കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ മണ്ണുമാന്തി നിര്‍മാണ ഉപകരണ നിര്‍മ്മാതാക്കളായ ജെ സി ബി ഇന്ത്യ ലിമിറ്റഡ് ധനസഹായം നല്‍കുന്ന ജെ സി ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള ജെസിബി ലിറ്ററേച്ചര്‍ അവാര്‍ഡ് 2023 ( ആറാം എഡീഷന്‍ ) നായുള്ള ജൂറിയെ പ്രഖ്യാപിച്ചു.
എഴുത്തുകാരനും വിവര്‍ത്തകനുമായ ശ്രീനാഥ് പേരൂരാണ് ജൂറി പാനല്‍ അധ്യക്ഷന്‍. നാടകകൃത്തും സ്‌റ്റേജ് ഡയറക്ടറുമായ മഹേഷ് ദത്താനി, എഴുത്തുകാരനും നിരൂപകനും ഡിസൈനറുമായ സോമക് ഘോഷാല്‍, എഴുത്തുകാരി കൂടിയായ ഡോ. കാവേരി നമ്പീശന്‍, ജേര്‍ണലിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ സ്വാതി ത്യാഗരാജന്‍ എന്നിവരാണ് ജൂറി മെമ്പര്‍മാര്‍.
ജൂറി പത്ത് ടൈറ്റിലുകളുടെ പ്രാഥമിക പട്ടിക സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് അഞ്ചെണ്ണത്തിന്റെ ചുരുക്കപ്പട്ടിക 2023 ഒക്ടോബറില്‍ പ്രഖ്യാപിക്കും. 25 ലക്ഷം രൂപ സമ്മാനമുള്ള വിജയിയെ നവംബറില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രഖ്യാപിക്കും. 2023 ല്‍ വിജയിക്കുന്ന കൃതി വിവര്‍ത്തനമാണെങ്കില്‍, വിവര്‍ത്തകന് കൂടി 10 ലക്ഷം രൂപ അധിക സമ്മാനമായി നല്‍കും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത അഞ്ച് എഴുത്തുകാര്‍ ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത കൃതി വിവര്‍ത്തനമാണെങ്കില്‍, വിവര്‍ത്തകന് 50,000 രൂപയും സമ്മാനമായി ലഭിക്കും.