വിപല്‍സന്ദേശം / സി ആര്‍ പരമേശ്വരന്‍
ഇന്ന് സംഘികള്‍ സായിപ്പിനെ തെറി പറയുന്ന ദിവസമാണ്. കാരണം, വ്യാഴാഴ്ച പുറത്തിറക്കിയ ആഗോള പട്ടിണി സൂചിക 2023ല്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനത്താണ് ഇന്ത്യ. സൂചികയില്‍, ലോകത്ത് കുട്ടികളുടെ ശോഷണ നിരക്ക് ഏറ്റവും ഉയര്‍ന്നത് (18.7 ശതമാനം) ഇന്ത്യയിലാണെന്നും പറയുന്നു, ഇത് കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവിനെ പ്രതിഫലിപ്പിക്കുന്നു. ആഗോള, പ്രാദേശിക, ദേശീയ തലങ്ങളില്‍ വിശപ്പ് സമഗ്രമായി അളക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ഒരു ഉപകരണമായ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സിന്റെ (GHI) 2022 പതിപ്പില്‍ ഇന്ത്യ 121 രാജ്യങ്ങളില്‍ 107-ാം സ്ഥാനത്തായിരുന്നു. നല്ല പുരോഗതിയുണ്ട് !
ഇന്ന് സംഘികള്‍ സായിപ്പിനെ പുകഴ്ത്തുന്ന ദിവസവുമാണ്.
GHI പുറത്തുവന്ന വ്യാഴാഴ്ച തന്നെ ലോകത്തുള്ള സഹസ്ര കോടീശ്വരന്മാരുടെ ഫോര്‍ബ്‌സ് പട്ടികയും പുറത്തുവന്നു. ആ പട്ടികയില്‍ സഹസ്ര കോടീശ്വരന്മാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കക്കും ചൈനയ്ക്കും പുറകെ മൂന്നാം സ്ഥാനത്താണ്. 169 സഹസ്ര കോടീശ്വരന്മാര്‍!
ലോകത്തിലെ മുന്‍പന്തിയിലുള്ള 10 സഹസ്ര കോടീശ്വരന്മാരില്‍ ഒന്‍പതാമനായി മുകേഷ് അംബാനി ഉണ്ട്.
ഈ കൊല്ലവും അടുത്ത കൊല്ലവുമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ആവേശത്തില്‍ ഇപ്പോഴേ ചുരമാന്തിനില്‍ക്കുന്ന അഭ്യസ്തവിദ്യരായ മധ്യവര്‍ഗക്കാര്‍ മനസ്സിലാക്കേണ്ടത് സംഘപരിവാറിന്റെയോ ഇന്ത്യ മുന്നണിയുടെയൊ തോല്‍വിയൊ ജയമൊ അല്ല യഥാര്‍ത്ഥ ദുരന്തം എന്നാണ്. യഥാര്‍ത്ഥ ദുരന്തം നമ്മുടെ നാട്ടിലെ പട്ടിണിക്കാരനും സഹസ്ര കോടീശ്വരനും തമ്മില്‍ ഉള്ള ഭീമമായ അസമത്വം എന്ന ഈ ദുരന്തമാണ്. കണ്ണു തുറന്നു നോക്കിയാല്‍ ഈ അസമത്വം പരാവര്‍ത്തനം ചെയ്യപ്പെട്ട് സാമൂഹ്യപരമായും സാംസ്‌കാരികപരമായും ആരോഗ്യപരമായും വിദ്യാഭ്യാസപരമായും ഇന്ത്യയില്‍ ഉള്ള പിന്നോക്കാവസ്ഥയായി എമ്പാടും കാണാം.
ഈ ദുരന്തം ബി ജെ പി പോയി ഇന്ത്യ മുന്നണി വരികയാണെങ്കിലും ഇതുപോലെ തന്നെ തുടരും. അന്നും പട്ടിണി സൂചികയില്‍ നമ്മുടെ സ്ഥാനം ഇന്നുള്ളിടത്തോ അതിനും പുറകിലോ ഉണ്ടാകും. അംബാനിയോ അദാനിയോ അതുപോലുള്ളവരൊ ലോകസഹസ്രകോടീശ്വരന്മാരുടെ മുന്‍പന്തിയിലും. രാഷ്ട്രീയക്കാരനും ക്രോണി മുതലാളിയും ചേര്‍ന്ന് വിഭവസമൃദ്ധമായ ഇന്ത്യയുടെ 50 ശതമാനം വിഭവങ്ങളും സമ്പത്തും ചോര്‍ത്തിയെടുക്കുന്ന പദ്ധതി എക്കാലത്തും തുടരുന്നത് കൊണ്ടാണ് ഇന്ത്യ അതിദരിദ്രരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ തുടരുന്നത്.
പ്രത്യയശാസ്ത്രങ്ങള്‍ ഒന്നും ഇക്കാര്യത്തില്‍ പ്രസക്തമല്ല. ഒരു ഉദാഹരണം എന്ന നിലയില്‍ ഇപ്പോള്‍ കെട്ടടങ്ങാന്‍ തുടങ്ങിയിട്ടുള്ള കരിമണല്‍ കോഴ തന്നെ നോക്കുക: കരിമണല്‍ ഖനനത്താല്‍ ബാധിതരായവരെ അന്തസ്സായി പുനരധിവസിപ്പിച്ച് കരിമണല്‍ കൃത്യമായി മൂല്യ വര്‍ദ്ധന നടത്തി സംസ്‌കരിച്ച് വില്‍ക്കുകയോ അന്തിമ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയൊ ചെയ്താല്‍ നമ്മുടെ പരമ ദരിദ്രമായ ഖജനാവില്‍ സഹസ്ര കോടികള്‍ നിറയും. അതിനുപകരം ചുളുവിലക്ക് കരിമണല്‍ വിറ്റ്, ശതകോടികള്‍ കൈക്കൂലി വാങ്ങി ഇടതുപക്ഷകാരനായ മുഖ്യ അധികാരി ജനങ്ങളുടെ മുഖത്ത് തുപ്പിക്കൊണ്ട്, പൊട്ടച്ചിരിച്ചുകൊണ്ട് ചോദിക്കുന്നു:’ ‘ആരാണ് ജുഡീഷ്യല്‍ ഉത്തരവിലെ പി.വി.’ എന്ന്. ഇതിനെതിരെ ചോദിക്കാന്‍ കോടതികളോ പ്രതിപക്ഷമോ ഇല്ല. പ്രതിപക്ഷം എങ്ങനെ ഉണ്ടാകും? പ്രതിപക്ഷ നേതാവ് യാതൊരു ഉളുപ്പുമില്ലാതെ പറയുന്നത്,വീട്ടിലെ തേങ്ങ വിറ്റല്ല, പല പഞ്ചായത്തുകളിലെ ജനങ്ങളുടെ കണ്ണീര്‍പ്പണം ഉപയോഗിച്ചാണ്’ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് എന്നാണല്ലോ. ഇയാളായിരിക്കും മിക്കവാറും അടുത്ത മുഖ്യമന്ത്രി. പിന്നെ എന്തു വ്യത്യാസം ഉണ്ടാകാനാണ്?
ഈ കരിമണല്‍ ചൂഷണത്തേക്കാള്‍ പല മടങ്ങ് വിപുലമാണ് കേരളത്തിന് പുറത്തുള്ള മിനറല്‍സമ്പന്നമായ സംസ്ഥാനങ്ങളിലെ സ്ഥിതി. കേരളം പല സ്‌റ്റേറ്റുകളെയും അപേക്ഷിച്ച് താരതമ്യേന വിഭവസമ്പത്ത് കുറഞ്ഞ, ഇന്ത്യയുടെ കോണക വാലാണ്. ഛത്തീസ്ഗഡിലും ഒറീസയിലും ജാര്‍ഖണ്ഡിലും നിലവിലുള്ള പരിസ്ഥിതി നിയമങ്ങള്‍ ഒക്കെ അവഗണിച്ച്, ആദിവാസി ഗ്രാമങ്ങളെ തന്നെ തുടച്ചു നീക്കി, ഇഷ്ടാനുസരണം ഖനനം ചെയ്യാന്‍ ക്രോണി മുതലാളിമാര്‍ക്ക് കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളായി സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട്.