മകന്‍ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ച അമ്മ മരിച്ചു

Kasaragod

കാസര്‍ഗോഡ്: മകന്‍ തലയ്ക്ക് അടിച്ച് പരുക്കേല്‍പ്പിച്ചതിനാല്‍ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മകന്‍ അമ്മയുടെ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. കാസര്‍ക്കോട് നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന്‍ സുജിത്ത്(34) ആണ് അമ്മയെ അടിച്ചും ചുമരിലിടിച്ചും പരുക്കേല്‍പ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രുഗ്മിണി മരിച്ചത്.

സുജിത് ലഹരിക്ക് അടിമയാണ്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. വൈദ്യപരിശോധന നടത്തിയപ്പോള്‍ മാനസിക വൈകല്യമുളളതായി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കോടതി നടപടി.