വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

Crime

കന്യാകുമാരി: വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. കന്യാകുമാരി ജില്ലയിലെ കുലശേഖരം ശ്രീ മൂകാംബിക മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി സ്വയം മരുന്ന് കുത്തി വച്ച് ജീവനൊടുക്കിയ സംഭവത്തിലാണ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൂത്തുകുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുഹിര്‍ത (27) ആയിരുന്നു മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയത്. സംഭവത്തില്‍ അധ്യാപകനായ മധുര സ്വദേശി പരമശിവത്തെ (65)യാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ആറിന് വൈകുന്നേരമായിരുന്നു. ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് അധ്യാപകനും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളുമാണ് കാരണമെന്നും അധ്യാപകനായ പരമശിവം തന്നെ ശാരീരികമായി പീഡിപ്പിക്കുകയും സീനിയര്‍ വിദ്യാര്‍ത്ഥികളായ ഹരീഷും പ്രീതിയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിരുന്നെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.

സുഹിര്‍ത ഹോസ്റ്റല്‍ മുറിയിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് കുലശേഖരം പൊലീസ് സംഭവ സ്ഥലത്ത് എത്തി വാതില്‍ തകര്‍ത്ത് പരിശോധന നടത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടത്. മരണം നടന്ന് മൂന്നാം ദിവസം പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ഇന്നലെ രാത്രി പരമശിവത്തെ അറസ്റ്റ് ചെയ്തത്.

ഈ കോളെജില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തില്‍ നിന്നുള്ളവരാണ്. മുമ്പും നിരവധി ആത്മഹത്യകള്‍ ഈ കോളെജില്‍ നടന്നിട്ടുണ്ട്. ഒളിവില്‍ പോയ പ്രതികളായ പ്രീതിക്കും ഹരീഷിനും വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.