കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിന് മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ്

Kozhikode

കോഴിക്കോട്: മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ 2022-23 ലെ മഹാത്മാഗാന്ധി എക്‌സലന്‍സി അവാര്‍ഡ് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബിന് ലഭിച്ചു. കൊല്ലം ഗാന്ധി പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പുരസ്‌കാരം നല്‍കി. സഹകരണ മേഖലയിലെ എന്‍ജിനീയറിംങ്ങ് കോളേജായ എം.ദാസന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് & ടെക്‌നോളജിയുടെ ചെയര്‍മാനുമാണ് മെഹബൂബ്.

കേരളത്തിലെ പൊതുവിതരണ രംഗത്ത് കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന സാമൂഹ്യ പ്രതിബന്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, നീതി മെഡിക്കല്‍സ്‌റ്റോറുകള്‍ വഴിയുള്ള ആതുരസേവന രംഗത്തെ ഇടപെടലുകള്‍ക്കും പിന്നിലെ നേതൃപാടവവും ദിശാബോധവും പരിഗണിച്ചാണ് അവാര്‍ഡ്. സാമ്പത്തിക പ്രതിസന്ധിയാല്‍ തകര്‍ച്ച നേരിട്ട കണ്‍സ്യൂമര്‍ ഫെഡിനെ പ്രതിസന്ധികളില്‍ നിന്ന് കരകയറ്റി ഉയര്‍ച്ചയുടെ പടവുകളിലേക്കെത്തിക്കുവാന്‍ എം. മെഹബൂബിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.

2017ല്‍ കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കണ്‍വീനറായി ചുമതലയേറ്റ മെഹബൂബ് പിന്നീട് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. നഷ്ടത്തിന്റെ മേഖലകള്‍ കണ്ടെത്തി കൃത്യമായ സാമ്പത്തിക അച്ചടക്കം നടപ്പിലാക്കി മെഹബൂബ് കണ്‍സ്യൂമര്‍ഫെഡിനെ നയിച്ചു. ഏഴു വര്‍ഷം മുമ്പ് ചുമതല ഏറ്റെടുക്കുമ്പോള്‍ 950 കോടിയുടെ ബാധ്യതയുണ്ടായിരുന്ന സ്ഥാപനത്തെ കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിലൊഴികെ ലാഭകരമാക്കി പ്രവര്‍ത്തിപ്പിച്ചു.

ദീര്‍ഘകാലം കോഴിക്കോട് ജില്ലാസഹകരണബാങ്ക് പ്രസിഡന്റായും പിന്നീട് സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയര്‍മാനായും വിവിധ അപ്പക്‌സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ച മെഹബൂബിന് കേരളത്തിലെ മികച്ച സഹകാരിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും, ഇന്ത്യയിലെ മികച്ച ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റിനുള്ള ദേശീയഅവാര്‍ഡും ലഭിച്ചിട്ടുണ്ട്.