വിപല്‍സന്ദേശം / സി ആര്‍ പരമേശ്വരന്‍
പുരോഗമന കലാസാഹിത്യ സംഘം എം എന്‍ വിജയനെ തങ്ങളുടെ ദേവതാഗണത്തിലേക്ക് പുനരാവാഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് അവര്‍ കുറേക്കാലമായി നടത്തുന്ന അശ്ലീല നടപടികളുടെ തുടര്‍ച്ചയാണ്. അത് ഇപ്പോള്‍ ഒരു തരം ശവഭോജനത്തിന്റെ നിലവാരത്തിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്ന് മാത്രം.
സാംസ്‌കാരികമായ ആളെക്കൂട്ടല്‍ (co-opting ) കേരളത്തില്‍ ഏറ്റവും വിദഗ്ധമായി നടത്തുന്നത് സിപിഎമ്മും ജമാഅത്ത് ഇസ്ലാമിയുമാണ്. ജമാഅത്ത് ഇസ്ലാമി വളരെ മാന്യമായാണ് അത് ചെയ്തിരുന്നത്. എന്റെ വ്യക്തിപരമായ അനുഭവമാണ് പറഞ്ഞത്. ഒന്നര പതിറ്റാണ്ടിനു മുമ്പ് ഞാന്‍ അവരുടെ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ചുകൊണ്ടിരുന്നപ്പോള്‍ തികഞ്ഞ ഒരു മൗദൂദിസ്റ്റ് വിരുദ്ധന്‍ ആണെന്ന് ദ്യോതിപ്പിക്കുന്ന ലേഖനങ്ങള്‍ പോലും അവര്‍ ഒരു തിരുത്തലുമില്ലാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്തരം ഒരു മഹാമനസ്‌കത എന്റെ ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്ന നക്‌സലൈറ്റുകളില്‍ നിന്ന് പോലും എനിക്ക് ലഭിച്ചിട്ടില്ല. കുറച്ചുകാലത്തെ ഇടപഴകലില്‍ നിന്ന് ഞാനൊരു ജിഹാദിസ്റ്റ് വിരുദ്ധനാണെങ്കിലും മുസ്ലിം വിരുദ്ധനല്ലെന്ന് ശരിയായി മനസ്സിലാക്കിയിട്ടുള്ളവരും അവരായിരിക്കും. വളരെ അന്തസ്സുണ്ടായിരുന്ന ആ ബന്ധം പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ അവസാനിപ്പിച്ചത് ഞാന്‍ തന്നെയാണ്.

എന്നാല്‍ സി.പി.എമ്മിന്റെ ആളെ കൂട്ടല്‍ ആദ്യന്തം ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ശവസദ്യകളുടെ തുടര്‍ച്ചയാണ്. എന്തിനാണ് അവര്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ ഒരു കാലത്ത് കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ആയിരുന്ന ജീവിച്ചിരിക്കുന്ന എഴുത്തുകാരെയും, ജീവിച്ചിരുന്ന കാലത്ത് പരസ്പരം നിശിതമായി എതിര്‍ത്ത് പോന്നിരുന്ന അന്തരിച്ച പ്രമുഖ എഴുത്തുകാരെയും കലാകാരന്മാരെയും തങ്ങളുടെ അനാശാസ്യസംഘത്തിലേക്ക് co-opt ചെയ്യുന്നത്? കാരണം, മഹത്തായ കലയ്ക്കും സംസ്‌കാരത്തിനും സാഹിത്യത്തിനും അതുല്യമായ വിമലീകരണ ശക്തിയുണ്ട് എന്ന് ഇവര്‍ക്ക് അറിയാം. ആ വിമലീകരണ ശക്തിയെ കുറിച്ചാണ്
‘ ഉജ്ജ്വലനിമേഷത്തിലെ ഹൃത്തിന്‍
ദര്‍ശനങ്ങളെക്കൈപ്പകര്‍ത്തീടില്‍
ശുദ്ധമാക്കിടാമൂഴിയെയൊറ്റ
ശ്ശുഭ്രപുഷ്പത്തിന്‍ നീഹാരനീരാല്‍’
എന്ന് വൈലോപ്പിള്ളി പറഞ്ഞത്.
ആ വിധത്തില്‍ വലിയ ശക്തിവാഹകരും ആധാരികത ഉള്ളവരും ആണ് മഹാന്മാരായ കലാകാരന്മാരും എഴുത്തുകാരും.
ഇന്ന് സി.പി.എമ്മിന്റെ അന്തസ്സത്ത മുഴുവനായി ജീര്‍ണ്ണിച്ചതാണ്. കുടിയൊഴിക്കല്‍’ എന്ന കൃതിയുടെ അവസാനത്തില്‍ 71 കൊല്ലം മുന്‍പ് വൈലോപ്പിള്ളി സഖാക്കള്‍ക്ക് കൊടുത്ത പാര്‍ട്ടിജീര്‍ണതയെ കുറിച്ചുള്ള ചില താക്കീതുകള്‍ ഉണ്ട്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ ജീര്‍ണ്ണതകളെയെല്ലാം നൂറിരട്ടിയായി ആയിരം ഇരട്ടിയായി സാക്ഷാത്കരിച്ചിരിക്കുന്നു.ഈ ജീര്‍ണ്ണസത്തയെ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാന്‍ മഹത്തായ കല പോലുള്ള ഒരുപാട് സംസ്‌കാരനീതിമത്കരണഉപാധികള്‍ വേണം. അതിന് മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ മഹാന്മാരായ കലാകാരന്മാരുടെ ആധികാരികത ഉപയോഗിക്കാം.

പാര്‍ട്ടിയുടെ ബ്രാഞ്ച് അംഗം മുതല്‍ പോളിറ്റ് ബ്യൂറോ അംഗം വരെ ഉള്ളവര്‍ വീട്ടില്‍നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ബാങ്ക്‌കൊള്ളയോ അനധികൃത ക്വാറിയിങ്ങോ പോലുള്ള ഏതെങ്കിലും വമ്പന്‍ അഴിമതിയില്‍ ഭാഗഭാക്കാകാനാണ്. പലയിടത്തുംസഖാക്കള്‍സഖിണികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. എന്നിട്ട് അതൊക്കെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കിത്തീര്‍ക്കുന്നു. സഖാക്കള്‍ മയക്കുമരുന്ന് വില്‍ക്കുന്നു. കേരളത്തില്‍ എന്ത് ക്രിമിനല്‍ കുറ്റം നടന്നാലും അതില്‍ ഏതെങ്കിലും സഖാവിന്റെ പങ്കാളിത്തമോ സഹായമോ അനിവാര്യമാണെന്ന നിലയായിരിക്കുന്നു. കേരളം ഭരിക്കുന്ന കണ്ണൂര്‍ മാഫിയാംഗങ്ങള്‍ എല്ലാം തന്നെ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കുറ്റകൃത്യങ്ങളുടെ ഉടമസ്ഥരാണ്. ദശലക്ഷക്കണക്കിന് ഉള്ള കേരളത്തിലെ തൊഴില്‍രഹിതപ്പടയെ പരിഹസിച്ചുകൊണ്ട് എല്ലാ ഉദ്യോഗങ്ങളിലും കഴിവിന്റെ കാര്യത്തില്‍ നാലാംകിടക്കാരായ കുട്ടിസ്സഖാക്കളും അച്ചികളും കയറിപ്പറ്റിയിരിക്കുന്നു. ധൂര്‍ത്തടിച്ച് ധൂര്‍ത്തടിച്ച് കേരള ഖജനാവ് മുന്‍പൊരിക്കലും സംഭവിക്കാത്ത വിധം കാലിയായിരിക്കുന്നു. അവരുടെ മുഖ്യമന്ത്രി തന്നെ സ്വര്‍ണ്ണക്കടത്തും റിവേഴ്‌സ് ഹവാലയും പോലുള്ള രാജ്യദ്രോഹക്കുറ്റങ്ങളില്‍ ആരോപിതനാണ്. കരിമണല്‍ എന്ന് പൊതുസ്വത്ത് കൊള്ളയടിക്കാനും പരിസരദൂഷണം നടത്താനും ഉള്ള മൗനാനുമതിയുടെ പേരില്‍ അദ്ദേഹത്തിനും മകള്‍ക്കും കോടിക്കണക്കിന് രൂപ മാസപ്പടിയോ മൊത്തപ്പടിയോ ആയി കിട്ടുന്നതായി ആദരണീയമായ ഒരു ക്വാസി ജുഡീഷ്യല്‍ ബോഡി തന്നെ അതിന്റെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. സി.പി.എമ്മിന്റെ കയ്യില്‍ 1969 മുതലുള്ള നൂറുകണക്കിന് കൊലപാതകങ്ങളിലെ ചോരയുടെ കറയുണ്ട്. അത് കഴുകിക്കളയാന്‍ അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാലും ആവില്ല. പാര്‍ട്ടിക്ക് നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളെ സമ്മാനിച്ച് ശത്രുപക്ഷത്തുള്ളത് സംഘപരിവാറാണ്. നിരവധി ഗുരുതരമായ അഴിമതി കേസുകളില്‍ നിന്നും കൊലക്കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ രക്തസാക്ഷികളെ വഞ്ചിച്ചു കൊണ്ട് ഇരുട്ടിന്റെ മറവില്‍ സംഘപരിവാറുമായി പാര്‍ട്ടി രഹസ്യബന്ധം പുലര്‍ത്തുന്നത് ഇന്ന് ജനങ്ങള്‍ക്ക് മാത്രമല്ല പാര്‍ട്ടി അണികള്‍ക്കും അറിയാം.
ഇങ്ങനെ മനുഷ്യന് സങ്കല്‍പ്പിക്കാന്‍ ആവുന്ന സകലമാന സാമൂഹ്യ സാമ്പത്തിക പാപങ്ങളുടെയും കറ കഴുകിക്കളയാന്‍ വേണ്ടിയാണ് പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തിക്കുന്നത് തന്നെ. ആ ലക്ഷ്യം വച്ച് അവര്‍ സകല സാംസ്‌കാരിക ആയുധങ്ങളും പ്രയോഗിക്കും. അലസതയും മറവിയും ഉള്ള അണികളുടെയും ജനങ്ങളുടെയും മുകളിലാണ് എന്നതുകൊണ്ട് ആ ശ്രമങ്ങള്‍ മിക്കവാറും വിജയിക്കും. ഈ ഭരണകൂടത്തെ നീതിമത്കരിക്കാന്‍ അവര്‍ ഉത്തരേന്ത്യയില്‍ നിന്ന് ലോകപ്രശസ്തരായ സംഗീതജ്ഞരെയും കലാകാരന്മാരെയും സിനിമാതാരങ്ങളെയും നര്‍ത്തകികളെയും പത്രപ്രവര്‍ത്തകരെയും ജെ. എന്‍.യു വിലെ പല തലമുറകളിലെയും പെട്ട കോപ്പന്മാരെയും കോപ്പികളെയും കൊണ്ടുവരും. കനത്ത കൂലിക്ക് പുറമെ പാരിതോഷികമായി കിട്ടിയ ഓരോ കിലോ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി മൂന്നാര്‍ തേയിലയും ആലപ്പുഴ ചെമ്മീനും കൊല്ലം കശുവണ്ടിയും പെട്ടിയില്‍ വച്ച് ആ മഹാനുഭാവര്‍ വടക്കോട്ട് തിരിച്ചു പറക്കും. ഡല്‍ഹിയില്‍ ചെന്ന് ‘കേരളം ഇന്ത്യയിലെ ഒരേ ഒരു പച്ചത്തുരുത്ത്’ എന്ന് പറഞ്ഞ് ഫീച്ചറുകള്‍ എഴുതും.
കേരളത്തിനുള്ളില്‍ ആകട്ടെ, പണ്ടുകാലത്ത് കമ്മ്യൂണിസത്തിന്റെ ശത്രുക്കളോ കമ്മ്യൂണിസത്തോട് വിമുഖരോ ആയിരുന്ന, ഇന്ന് സര്‍ഗാത്മകതയുടെ കറവ വറ്റിയ ടി. പത്മനാഭനെയും സക്കറിയെയും അടൂര്‍ ഗോപാലകൃഷ്ണനെയും ഒക്കെ ഇവര്‍ വാടക കൊടുത്ത് വാങ്ങും . വാടകക്കല്ലെങ്കില്‍, ത്യാഗധനരായിരുന്ന നിരവധി നേതാക്കള്‍ ജീവനോടെ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവകാലത്ത് പാര്‍ട്ടിയുടെ ശത്രുക്കളോ പാര്‍ട്ടിയോട് ഉദാസീനരൊ ആയിരുന്ന ഇവര്‍ക്ക് അതിന്റെ ഈ ജീര്‍ണ്ണകാലത്ത് പാര്‍ട്ടിയില്‍ എന്ത് കാര്യം? അവിടെയാണ്, വൈലോപ്പിള്ളി പറഞ്ഞ പോലെ മഹത്തായ കലയും സംസ്‌കാരവും ഏതഴുക്കിനെയും വിമലീകരിക്കും എന്ന പ്രായോഗിക തത്വം പ്രധാനമാവുന്നത്. പണ്ടുകാലത്ത് മഹത്തായ സംഭാവനകള്‍ ചെയ്ത ഒരു കലാകാരന്റെയും സാംസ്‌കാരിക നായകന്റെയോ വാക്കുകള്‍ക്കും സാന്നിധ്യത്തിനും നീതിമത്ക്കരണത്തിനും ഒരു ലക്ഷം അന്തംകമ്മി ന്യായീകരണ തൊഴിലാളികളുടെ ശക്തിയുണ്ട്.
സമകാലികര്‍ക്കും വിമലീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ അത്രയധികം അഴുക്കുള്ളതു കൊണ്ടാണ് ഇവര്‍ വിദൂരഭൂതകാലത്തില്‍ നിന്ന് ഗാന്ധിജിയെയും നാരായണഗുരുവിനെയും അംബേദ്കറെയും കുമാരനാശാനെയും ഒക്കെ ഇറക്കുമതി ചെയ്യുന്നത്. അല്ലെങ്കില്‍ ജീവിച്ചിരുന്ന കാലത്ത് ഈ മഹാത്മാക്കള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരെയും എങ്ങനെയാണ് കണ്ടിരുന്നത്? ഹിന്ദുത്വക്കാര്‍ ഗാന്ധിജിയെ ശാരീരികമായി തീര്‍ത്തു എങ്കില്‍ അഞ്ചാറു മാസത്തിനു ശേഷം കല്‍ക്കത്താ തീസിസ് എന്ന രാഷ്ട്ര ഛിദ്രീകരണ തീവ്രവാദപദ്ധതി ഉപയോഗിച്ച് അദ്ദേഹത്തിന്റെ ആത്മാവിനെ തകര്‍ത്തവരാണ് ഇവര്‍. നാരായണഗുരുവിനെയും ആശാന്റെയും കാലത്ത് പാര്‍ട്ടി രൂപീകരിക്കപ്പെട്ടിരുന്നില്ല. പക്ഷേ പാര്‍ട്ടി ബുദ്ധിജീവികള്‍ എല്ലാകാലത്തും ഇവരെ ബൂര്‍ഷ്വാ ഏജന്റ് മാരായാണ് കണ്ടിരുന്നത്. അതുപോലെതന്നെ വിലകുറച്ചാണ് ഇവര്‍ ഗാന്ധിജിയെയും അംബേദ്കറിനെയും കണ്ടിരുന്നത്. ഇപ്പോള്‍ ശ്ലാഘിക്കുന്ന നെഹ്‌റുവിനെ ‘ബൂര്‍ഷ്വാസിയുടെ കാവല്‍പ്പട്ടി’ എന്നാണ് ഇവര്‍ വിളിച്ചു പോന്നത്. തിരിച്ച് ഗാന്ധിജിയും അംബേദ്കറും എത്ര പരിഹാസ്യമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വീക്ഷിച്ചിരുന്നത് എന്നും നമുക്കെല്ലാം അറിയാം. നല്ലൊരു പരിഹാസിയായിരുന്ന ഗാന്ധിജിയുടെ ഏറ്റവും തീക്ഷ്ണമായ പരിഹാസങ്ങള്‍ ലക്ഷ്യമാക്കിയിരുന്നത് നയവഞ്ചകരായിരുന്ന കമ്മ്യൂണിസ്റ്റുകാരെയാണ്.
ഇപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ സിപിഎം co-opt ചെയ്തിരിക്കുന്ന ഒ. വി.വിജയന്റെ രാഷ്ട്രീയം എന്തായിരുന്നു? സി.പി.എമ്മിനെ തന്നെയല്ല കമ്മ്യൂണിസത്തെ തന്നെ എം.ഗോവിന്ദനെക്കാളും സി.ജെ. തോമസിനെക്കാളും തീവ്രമായും സാര്‍വദേശീയഉള്‍ക്കാഴ്ചയോടെയും പരമപുച്ഛത്തോടെയും വിമര്‍ശിച്ചിരുന്ന ആളാണ് ഒ. വി.വിജയന്‍. ‘ 50 കൊല്ലമായി മാര്‍ക്‌സിസത്തിന്റെ ജഡാവശിഷ്ടങ്ങള്‍ വിപ്ലവത്തിന്റെ കള്ള പേരും പറഞ്ഞ് അരങ്ങു തകര്‍ക്കുന്നു ‘എന്നാണ് 1957 നു ശേഷമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഒ വി വിജയന്‍ വിശേഷിപ്പിച്ചത്.അതുപോലെ തന്നെയായിരുന്നു വികെ എന്നും. കേരള കമ്മ്യൂണിസത്തിന്റെ ഹീനതയുടെ കാതല്‍ അടങ്ങിയിരിക്കുന്ന ‘ചാത്തന്‍സ് കഥകള്‍’ മാത്രമല്ല, സുഹൃത്തുക്കളോട് പറഞ്ഞിരുന്ന അച്ചടിക്കാന്‍ കൊള്ളാത്ത ചില വീരനായകരെ കുറിച്ചുള്ള തീവ്രഫലിതങ്ങളും അദ്ദേഹം പാര്‍ട്ടിയെ എങ്ങനെ കണ്ടിരുന്നു എന്നതിന്റെ തെളിവാണ്. എന്നാല്‍ ഇന്ന് അവരെ ഏറ്റെടുത്തിരിക്കുന്ന ഈ നീചന്മാരുടെ കയ്യില്‍ ആ പാവങ്ങളുടെ ഗതി നോക്കൂ. പിണറായി വിജയനെ പോലെ ഒരാളുടെ ഉച്ഛിഷ്ടം കഴിച്ചു ജീവിക്കുന്നവരുടെ തന്നെ പ്രസംഗ വിഷയമാകാന്‍ വിധിക്കപ്പെട്ട ദൈന്യാവസ്ഥയിലാണ് ഗാന്ധിജിയും, അംബേദ്കറും, നാരായണഗുരുവും കുമാരനാശാനും ,ഒ. വി. വിജയനും,വി. കെ. എന്നും ഒക്കെ.
പിണറായിസ്റ്റുകളുടെ നിരന്തരപീഡനങ്ങള്‍ കൊണ്ടാണ് എം. എന്‍ വിജയന്‍ അകാലമൃത്യു വരിച്ചത് എന്ന് നമുക്കറിയാം.ആ എം എന്‍ വിജയനെ തന്നെ തങ്ങളുടെ പാര്‍ട്ടിയിലെ അഴിമതിക്കാരെയും കൊലയാളികളെയും വിമലീകരിക്കാന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നു എന്നിടത്തോളം എത്തിയിരിക്കുന്നു സിപിഎമ്മിന്റെ അധ:പതനം
വാസ്തവത്തില്‍ പുകാസയുടെ മുന്‍ഗാമികള്‍ ആയിരുന്ന ഇന്ത്യന്‍ പുരോഗമന സാഹിത്യ സംഘം (കജണഅ ), കജഠഅ, ജീവല്‍സാഹിത്യ സംഘം എന്നിവയുടെ പേരുകള്‍ പോലും ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘക്കാര്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്.യാന്ത്രികതയുള്ളവരും പാര്‍ട്ടി വിധേയരായവര്‍ ആയവരും മാത്രമേ അക്കാലത്തെ ഈ സംഘടനകളിലും ഉണ്ടായിരുന്നള്ളു എങ്കിലും ആദരണീയമായ ഒരു പാരുഷ്യവും ആദര്‍ശദാര്‍ഢ്യവും ആ സംഘടനകളില്‍ ഉണ്ടായിരുന്നു. എണ്ണത്തിലും വണ്ണത്തിലും എത്ര ശുഷ്‌കമായാലും പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ഒരു ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായിരുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നല്ല, തങ്ങളോട് ആശയപരമായി യോജിക്കാത്ത ഒരാളെയും ഇന്നത്തെ ഹീനര്‍ ചെയ്യുന്നത് പോലെ അവര്‍ അവരുടെ സംഘടനയോട് അടുപ്പിച്ചിരുന്നില്ല. തങ്ങളുടെ ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കാത്തവരോട് ,അവര്‍ മാരാരേ പോലെയോ ചങ്ങമ്പുഴയെ പോലെയോ സഞ്ജയനെ പോലെയോ അനുഭാവിയായിരുന്ന മുണ്ടശ്ശേരിയെ പോലെയൊ പ്രബലരാണ് എങ്കില്‍ പോലും, സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ അവര്‍ അല്പം പോലും മടി കാണിച്ചിരുന്നില്ല .
കമ്മ്യൂണിസ്റ്റ് വിഭാഗീയതയും യാന്ത്രികതയും ഉണ്ടായിരുന്നെങ്കിലും 1930 കള്‍ മുതല്‍ ഈ സംഘടനകളിലും സഹോദര സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്ന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഭാവനകള്‍ അമൂല്യമായിരുന്നു. ഹിന്ദിയിലെയും മലയാളത്തിലെയും ചരിത്രം സൃഷ്ടിച്ച നാടക സിനിമ പ്രവര്‍ത്തകര്‍ മിക്കവാറുംകജഠഅ സംസ്‌കാരത്തിന്റെ പ്രതിനിധികളായിരുന്നു എന്ന് അഭിനനന്ദിച്ച് പറയാതിരിക്കാന്‍ ആകുകയില്ല.ഈ കൂട്ടത്തില്‍ കെ.പി. എ.സി.യുടെ പേര് പ്രത്യേകം എടുത്തു പറയണം. കല്‍ക്കത്ത തീസിസിന്റെയും പുന്നപ്ര വയലാര്‍ സമരത്തിന്റെയും കടുത്ത പരാജയങ്ങള്‍ക്ക് ശേഷം മര്‍ദ്ദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയായി പാര്‍ട്ടി ആസന്നമരണയായപ്പോള്‍ അതിനെ പുനര്‍ജീവിപ്പിച്ചത് കെ പി എ സി യുടെ ജനകീയ നാടകങ്ങളാണ് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. നമ്മുടെ നാവുകളില്‍ ഇന്നും തത്തിക്കളിക്കുന്ന സിനിമ നാടകഗാനങ്ങള്‍ മിക്കതും ഇക്കൂട്ടരുടെ സൃഷ്ടിയാണ്. ആ കാലഘട്ടത്തിന്റെ ചരിത്രം എല്ലാ പുരോഗമനവാദികളായ മലയാളികളുടെയും പൈതൃകമാണ്. പിണറായിയെ പുകഴ്ത്താന്‍ തയ്യാറുള്ള ഏത് നാറിയെയും ആദരിച്ചിരുത്താന്‍ മടിയില്ലാത്ത, ക്രോണി മുതലാളിത്തപിണറായിസ്റ്റുകളുടെ വാഴ്ത്തുപാട്ടുകാര്‍ നിറഞ്ഞ ഇന്നത്തെ പുരോഗമന കലാസാഹിത്യ സംഘം ആ ലെഗസിയെയും തൊട്ട് അശുദ്ധമാക്കാന്‍ പാടില്ലാത്തതാണ്.
ആത്മാവുണ്ടെന്നും ആത്മാവുകള്‍ക്ക് ശിക്ഷാശക്തിയുണ്ടെന്നും പറയുന്നത് അന്ധവിശ്വാസമാണ്. മറിച്ചായിരുന്നെങ്കില്‍, ഗാന്ധിജിയുടെയും നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും അംബേദ്കറുടെയും വൈലോപ്പിള്ളിയുടെയും ചങ്ങമ്പുഴയുടെയും ഓ വി വിജയന്റെയും വി കെ എന്നിന്റെയും ആത്മാവുകള്‍ അവരെ അവലംബിച്ച് ഇന്ന് നീചകര്‍മ്മം ചെയ്യുന്ന ഈ പുകാസക്കാരെ പിച്ചിച്ചീന്തുമായിരുന്നു.
കഴിഞ്ഞ വാക്യത്തില്‍ പറഞ്ഞ മഹാന്മാരില്‍ നിന്ന് അല്പം വ്യത്യസ്തരായിരുന്നു സുകുമാര്‍ അഴീക്കോടും എം എന്‍ വിജയനും. അവരാണ് പിണറായിസത്തിന്റെ ശൈശവദശയില്‍ അതിന് വെള്ളവും വളവും കൊടുത്തു വളര്‍ത്തിയത്. ഇന്ന് നാം കാണുന്ന ലക്ഷക്കണക്കിന് വരുന്ന ന്യായീകരണത്തൊഴിലാളികളുടെ ആദിരൂപങ്ങളും അവരായിരുന്നു.എം എന്‍ വിജയന് അവസാനകാലത്ത് തന്റെ പാപത്തിന് സ്വന്തം ശിഷ്യന്മാരില്‍ നിന്നു തന്നെ കടുത്ത ശിക്ഷ ലഭിച്ചിരുന്നു. അദ്ദേഹം ചെയ്ത പാപഫലം തീര്‍ന്നിട്ടില്ലായിരിക്കാം . അതുകൊണ്ടാകാം അന്ന് അദ്ദേഹത്തെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയവര്‍ തന്നെ അദ്ദേഹത്തിന്റെ സ്മൃതി ജാഥയുമായി പുറപ്പെട്ടിരിക്കുന്നത്. അദ്ദേഹം ഏത് അളവില്‍ പാപിഷ്ഠനായിരുന്നു എന്നതിനെ കുറിച്ച് പിന്നെ.