ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നീക്കത്തില്‍ നിന്ന് പിന്മാറുക: കേരള ജംഇയ്യത്തുല്‍ ഉലമ

Kozhikode

കോഴിക്കോട്: ഐ എച്ച് ആര്‍ ഡി ക്ക് കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ച നടപടികള്‍ ഒളിഞ്ഞും തെളിഞ്ഞും വീണ്ടും നടപ്പിലാക്കുന്നത് ഒരു ജനകീയ ഗവണ്മെന്റിനു യോജിച്ച നടപടിയല്ല.

കര്‍ണാടകയില്‍ ഇസ്‌ലാമിക വസ്ത്രം നിരോധിച്ച നടപടിയിലൂടെ ബി ജെ പി സര്‍ക്കാര്‍ മുന്നില്‍ കണ്ട ലക്ഷ്യത്തിലേക്കാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുന്നതിലൂടെ ഇടതുപക്ഷ സര്‍ക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്. മത മൂല്യങ്ങളനുസരിച്ചുള്ള വസ്ത്രധാരണ രീതി സ്വീകരിച്ചു കൊണ്ട് ഉന്നത പഠനം നടത്തണം എന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളുടെ വാതില്‍ കൊട്ടിയടക്കപ്പെടുകയാണ് യൂണിഫോം പരിഷ്‌കരണത്തിലൂടെ സംഭവിക്കുന്നത്.

പിന്നാക്കം നില്‍ക്കുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനു പകരം അവരുടെ അവസരങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനയുടെ ലംഘനവും നീതീകരിക്കാനാവാത്തതുമാണ്. സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പരിഹാരം കാണുകയുമാണ് ചെയ്യേണ്ടത് അതിന് പകരം ഒരേ യൂണിഫോം നല്‍കി ലിംഗ നീതി നടപ്പിലാക്കാമെന്ന് കരുതുന്നത് നീതിനിഷേധത്തെകുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കാനാണ് ഇടയാവുക.

പുരുഷന്മാര്‍ തമ്മിലും സ്ത്രീകള്‍ തമ്മിലും പലതിന്റെയും പേരില്‍ വിവേചനം നിലനില്‍ക്കുന്ന സാഹചര്യം നിലവിലുണ്ട്. ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും പേരില്‍ വിവേചനം നിലനില്‍ക്കുന്ന സാമൂഹ്യ സാഹചര്യമാണുള്ളത്. രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന വാര്‍ത്തകള്‍ നിത്യസംഭവമാണ്. മനുഷ്യരെല്ലാം ഒന്നാണ് എന്ന ബോധം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വിവേചനം ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. അതിനു പകരം വേഷമാറ്റത്തിലൂടെ സമഭാവന ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാവും. അതിനാല്‍ തന്നെ ഒട്ടും പ്രായോഗികതയോ സാമൂഹ്യ പ്രതിബദ്ധതയോ ഇല്ലാത്ത ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് കെ ജെ യു പ്രസിഡന്റ് എം മുഹമ്മദ് മദനി ആവശ്യപ്പെട്ടു.