നരേന്ദ്രമോദി വിശപ്പില്ലാത്ത ഇന്ത്യയെ പ്രധാനം ചെയ്തു: അഡ്വ. വി കെ സജീവന്‍

Kozhikode

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ എരിവയറിന്റെ പ്രശ്‌നം പരിഹരിച്ച് വിശപ്പില്ലാത്ത ഇന്ത്യയെ പ്രധാനം ചെയ്തപ്പോള്‍ ഇടതുപക്ഷം മതത്തിന്റെ പിന്നാലെ പോയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. വി കെ സജീവന്‍. എന്‍ഡിഎ നേതൃത്വത്തില്‍ ഈസ്റ്റ്ഹില്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച ജനപഞ്ചായത്ത് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതമല്ല പ്രശ്‌നം എന്ന് പാടിയവര്‍ ഇന്ന് മതഭീകരതയെപ്പോലും ന്യായീകരിക്കുകയാണ്. മുഹമ്മദ് റിയാസിന് ദേശീയ പാതയോടൊപ്പം സെല്‍ഫി എടുക്കാനും, രാഹുല്‍ഗാന്ധിക്ക് കാശ്മീരില്‍പോയി മഞ്ഞുവാരിക്കളിക്കാനും തക്ക വികസനം സാധ്യമാക്കിയത് നരേന്ദ്രമോദിസര്‍ക്കാരാണ്. 2024ലും മോദിയെ തിരഞ്ഞെടുക്കാന്‍ ജനം തീരുമാനമെടുത്തുകഴിഞ്ഞു. കേരളവും എന്‍ ഡി എ ബദല്‍ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും സജീവന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി മുഖ്യപ്രഭാഷണം നടത്തി. ബി ജെ പി എടക്കാട് ഏരിയ പ്രസിഡന്റ് പി. സോജ്‌ന അദ്ധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി നവ്യഹരിദാസ്, മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, കൗണ്‍സിലര്‍മാരായ എന്‍. ശിവപ്രസാദ്, സി. എസ്. സത്യഭാമ, ടി. എം. അനില്‍കുമാര്‍ എന്‍. ജഗന്നാഥന്‍, എന്‍. പി. പ്രകാശ്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജുബിന്‍ ബാലകൃഷ്ണന്‍, സജീവന്‍ എടക്കാട്, സി.രാജീവന്‍, പി.സ്വരാജ് തുടങ്ങിയവര്‍ സംസാരിച്ചു.