ഇന്ത്യയുടെ ഒരു പ്രവിശ്യയല്ലേ കേരളം ?

Opinions

വിപല്‍സന്ദേശം / സി ആര്‍ പരമേശ്വരന്‍

സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസ് സെബാസ്റ്റ്യന്‍ Jose Sebastian KSFE യുടെ ഒരു സാധാരണ മൊബൈല്‍ App ഉദ്ഘാടനം പോലുള്ള ഒരു നിസ്സാരസംഗതി ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പ്രമുഖ പത്രങ്ങളിലെ പരസ്യക്കൂലി അടക്കം കോടിക്കണക്കിന് രൂപ ചെലവ് ചെയ്തു നടത്തിയതിനെ വിമര്‍ശിച്ച് ‘ആട് അരപ്പലം, പിടുക്ക് മുക്കാപ്പലം’ എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു. സംസ്ഥാനം നിത്യവൃത്തിക്ക് വകയില്ലാതെ കഴിയുന്ന ഈ സമയത്ത് അദ്ദേഹത്തിന്റെ രോഷപ്രകടനം വളരെ ഉചിതമാണ്.

ഇന്ത്യയില്‍ ആയാലും കേരളത്തില്‍ ആയാലും പ്രശ്‌നം ജനകീയ സംസ്‌കാരത്തിന്റേതാണ്. ഇന്ത്യയില്‍ എങ്ങും പൗരബോധത്തിന് പകരം നമുക്കുള്ളത് ആഴത്തിലുള്ള ഫ്യൂഡല്‍ബോധമാണ്. ഉദാഹരണത്തിന്, ഈ കാര്യം അദ്ദേഹത്തെപ്പോലെ കേരളത്തില്‍ ഇന്നലെ എത്ര പേരെ പ്രകോപിപ്പിച്ചു? ഏറിയാല്‍ ആയിരം അല്ലെങ്കില്‍ പതിനായിരം പേരെ. ജനങ്ങള്‍ പാര്‍ട്ടി അടിസ്ഥാനത്തിലും മതാടിസ്ഥാനത്തിലും വിഭജിക്കപ്പെട്ട അടിമകള്‍ ആണെങ്കില്‍ ദുര്‍ഭരണക്കാര്‍ക്ക് പിന്നെ യാതൊന്നും ആലോചിക്കേണ്ടതില്ല. പ്രതിപക്ഷവും അതേ ജനസ്സിലുള്ളവരാവുമ്പോള്‍ പ്രത്യേകിച്ചും.

കേരളം വലിയ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയന്‍ മുതലാളിത്തവും സര്‍വീസ് സംഘടനാ മുതലാളിത്തവും തങ്ങളുടെ രീതികള്‍ ഒട്ടും തിരുത്താന്‍ തയ്യാറാവുന്നില്ല.വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും സര്‍ക്കാര്‍ പോളിസികള്‍ ആത്യന്തികമായി തീരുമാനിക്കുന്നത് അക്ഷരാഭ്യാസമില്ലാത്ത മതനേതാക്കളാണ് . ഗ്രാമത്തിലെ സാമാന്യം വിജയിക്കുന്ന ഒരു പലചരക്ക് കടക്കാരന്റെയോ മീന്‍ കച്ചവടക്കാരന്റെയോ പോലും സാമ്പത്തികമാനേജ്‌മെന്റ് വൈഭവം ഉള്ള ഒരുവന്‍ പോലും മന്ത്രിസഭയിലോ പാര്‍ട്ടിയിലോ ഇല്ല. മന്ത്രിസഭയുടെ നേതാവ് തന്റെ വകുപ്പുകള്‍ ശ്രദ്ധിക്കുന്നതിന് പകരം കാലത്തെണീറ്റാല്‍ മക്കള്‍ക്കായി മോഷ്ടിച്ചു കൊടുക്കാന്‍ ഏത് പുതിയ പന്ഥാവ് ഉണ്ടെന്ന് ചിന്തിച്ചു കൊണ്ടിരിക്കുക മാത്രം ചെയ്യുന്നു. ആകെയുള്ള പുരോഗമനം തന്റെ ഗുരുവരനായ ഇ.എം.എസിന്റെ വക്രീകരണത്തിനും കളവു പറയലിനും ഉള്ള വൈദഗ്ദ്ധ്യം പതിനായിരം മടങ്ങായി വിപുലീകരിച്ചിട്ടുണ്ട് എന്നതാണ്.

ഇന്ത്യയുടെ ഒരു പ്രവിശ്യയല്ലേ കേരളം? കേരള ഭൂമിയെ ചുട്ടു ചാമ്പലാക്കുന്ന പദ്ധതി(scorched earth policy) നടപ്പിലാക്കുന്ന ഇയാളെ നിയന്ത്രിക്കാന്‍ ബാധ്യസ്ഥമായ കേന്ദ്രം ഏതോ ദുരൂഹവും വൃത്തികെട്ടതും ആയ വ്യാപാരബന്ധത്തിന്റെ പേരില്‍ അയാളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. അവര്‍ സനാതന ധര്‍മ്മക്കാരാണ് പോലും!