ചികിത്സ ഉറപ്പാക്കി തിരികെയെത്തിക്കണം: അരിക്കൊമ്പന് വേണ്ടി പ്രതിഷേധം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: അരിക്കൊമ്പന് മതിയായ ചികിത്സ ഉറപ്പാക്കി ജനിച്ച കാട്ടില്‍ അതിന്റെ ആവാസ വ്യവസ്ഥയില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സേവ് അരിക്കൊമ്പന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വനം കയ്യേറ്റത്തിന്റെ ഇരയാണ് അരിക്കൊമ്പന്‍. വോട്ടവകാശമുള്ള ആള്‍ക്കൂട്ടത്തിന് മുമ്പില്‍ തോറ്റുപോയ വോട്ടവകാശമില്ലാത്ത അരിക്കൊമ്പന് വേണ്ടി നിലകൊള്ളുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് മംഗലാപുരം മുതല്‍ എറണാകുളം വരെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള മൃഗസ്‌നേഹികള്‍ മാനാഞ്ചിറയ്ക്ക് സമീപം ഒത്തുകൂടിയത്. പ്രകടനാനന്തരം നടന്ന പ്രതിഷേധ യോഗം മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അഡ്വ. ദീപ, പ്രദീപ് നാരായണന്‍, ഷിമ്മി എം, ടെന്നീഷ് തോമസ്, നിജല പരാഡന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അരിക്കൊമ്പനെ ജനിച്ച വനത്തില്‍ നിന്ന് മയക്ക് വെടിവെച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാട്ടിലേക്ക് മാറ്റുകയായിരുന്നു. അമിതമായ മയക്കുമരുന്ന് കാരണം അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഗുരുരതമായ പ്രശ്‌നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അരിക്കൊമ്പന്റെ ജീവന്‍ സംരക്ഷിക്കുക, ജനിച്ച സ്വന്തം വനത്തില്‍ ജീവിക്കാന്‍ അനുവദിക്കുക, വനം കൈയ്യേറ്റം തടയുക, ഭൂമാഫിയ, റിസോര്‍ട്ട് മാഫിയ കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വയനാട്ടിലാണ് അടുത്ത പ്രതിഷേധ പരിപാടി. നേരത്തെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം കണ്ണൂര്‍ ജില്ലകളിലും സേവ് അരിക്കൊമ്പന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇനിയൊരു അരിക്കൊമ്പന്‍ ഉണ്ടാവാന്‍ പാടില്ലെന്നും, അങ്ങിനെ സംഭവിച്ചാല്‍ കൂട്ടായ്മയുടെ ഭാഗമായ ഒരു ലക്ഷത്തോളം മൃഗസ്‌നേഹികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ട് ചെയ്യില്ലെന്നും സേവ് അരിക്കൊമ്പന്‍ കൂട്ടായ്മ ഭാരവാഹികള്‍ വ്യക്തമാക്കി.