ബാലശങ്കരന്‍ മാഷും ഹമീദ് മൗലവിയും കടലും കടന്ന് അബൂദബിയില്‍

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ബാലശങ്കരന്‍ മാഷും ഹമീദ് മൗലവിയും കടല്‍കടന്നെത്തി. തങ്ങളുടെ അരുമ ശിഷ്യരെക്കാണാന്‍. പള്ളിക്കൂടത്തിലെ വാധ്യാരും ഓത്തുപള്ളിയിലെ ഉസ്താദും പ്രായത്തിന്റെ അവശതകള്‍ മറന്ന് നിറചിരിയുമായി അബൂദബിയില്‍ വന്നിറങ്ങിയപ്പോള്‍ ഏവര്‍ക്കും അതിരില്ലാത്ത ആനന്ദം.

ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെ എം സി സി 25 അധ്യാപകരെ ആദരിക്കുന്ന ചടങ്ങായ തകരീം ഈമാസം 20ന് നടക്കുകയാണ്. അതില്‍ പങ്കെടുക്കാനാണ് മലപ്പുറത്തു നിന്നും ഇരുവരും എത്തിയത്. 93 വയസുള്ള ഹമീദ് മൗലവിയും 80 വയസുള്ള ബാലശങ്കരന്‍ മാഷും ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയും മനുഷ്യ സ്‌നേഹത്തിന്റെ സന്തോഷവും പങ്കുവെക്കുകയാണ്. മലപ്പുറം തിരുനാവായ എടക്കുളത്ത് ഒരു മതിലിന് ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജി.എന്‍.എല്‍.പി സ്‌കൂളിലെ അധ്യാപകനായിരുന്നു ബാലശങ്കരന്‍ മാഷ് ഇര്‍ഷാദ് സുബിയാന്‍ മദ്രസാ അധ്യാപകനായി ഹമീദ് മൗലവിയും.

രാജ്യം വിട്ട് പുറത്തേക്ക് ആദ്യമായാണ് ബാലശങ്കരന്‍ മാഷ് യാത്രചെയ്യുന്നത്. 1970ല്‍ പത്തൊന്‍പതാം വയസ്സില്‍ നിലമ്പൂര്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച മാഷ് 1973 ല്‍ തിരുന്നാവായ വൈരങ്കോട് സ്‌കൂളിലേക്കും 1975ല്‍ വലിയ പറപ്പൂര്‍ ഗവണ്മെന്റ് സ്‌കൂളിലേക്കും അധ്യായനം നടത്തി.പിന്നീട് 1988 ല്‍ എടക്കുളം ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ 14 വര്‍ഷം സഹധ്യാപകനായും 6 വര്‍ഷം പ്രധാന അധ്യാപനായും ജോലി ചെയ്തു.

1937 ല്‍ എടക്കുളം അഞ്ചില്ലത്ത് അസ്സൈനാര്‍ ആമിന ദമ്പതികളുടെ മകനായാണ് ഹമീദ് മൗലവിയുടെ ജനനം. പതിനാറാമത്തെ വയസ്സില്‍ ഓത്തുപള്ളിയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് 1960 തില്‍ മദ്രസ രൂപീകരണത്തിന് ശേഷം അന്ന് മുതല്‍ എടക്കുളം മദ്രസ അധ്യാപകനായി സേവനം ചെയ്തു. ഇടക്കാലത്ത് അല്ലൂര്‍ ചെനപ്പുറം മദ്രസയില്‍ കുറച്ചു കാലം അധ്യാപകനായി ജോലി ചെയ്‌തെങ്കിലും വീണ്ടും എടക്കുളം മദ്രസയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. 2012 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. തിരുനാവായ എടക്കുളം ജി.എന്‍.എല്‍.പി സ്‌കൂളില്‍ പി.ടി.എ പ്രസിഡന്റായും മൗലവി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌നേഹവും ധര്‍മവും പഠിപ്പിച്ച് ഹമീദ് മൗലവി ശിഷ്യരുടെ പ്രിയപ്പെട്ടവനായി. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇരുവരേയും അബൂദബി മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് അസീസ് കാളിയാടന്‍, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്, അഷ്‌റഫ് പൊന്നാനി,ആക്ടിംഗ് സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്,ജോ സെക്രട്ടറി സാല്‍മി പരപ്പനങ്ങാടി, ജോ. സെക്രട്ടറി ഷമീര്‍ പുറത്തൂര്‍, ജോ. സെക്രട്ടറിമാരായ സിറാജ് തിരുര്‍, നാസര്‍ വൈലത്തൂര്‍, സിറാജ് ആതവനാട് എന്നിവര്‍ പങ്കെടുത്തു.