കോപ്പ് 28: കാലാവസ്ഥാ ഉച്ചകോടിക്ക് നാളെ ദുബൈയില്‍ തുടക്കം

Gulf News GCC UAE

അഷറഫ് ചേരാപുരം

ദുബൈ: കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള സമഗ്ര ചര്‍ച്ചകള്‍ക്ക് വേദിയാകുന്ന ഇത്തവണത്തെ കാലാവസ്ഥ ഉച്ചകോടി (കോപ് 28)ദുബൈയില്‍ നാളെ ആരംഭിക്കും.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ ദുബൈ എക്‌സ്‌പോ സിറ്റിയിലാണ് സമ്മേളനം നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന ഉച്ചകോടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ലോക നേതാക്കള്‍, മന്ത്രിമാര്‍, ആഗോള കാലാവസ്ഥാ വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി 7,0000 പ്രതിനിധികള്‍ 12 ദിവസങ്ങളിലായി ദുബൈ എക്‌സ്‌പോ സിറ്റിയില്‍ ഒരുമിച്ചു കൂടും.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന തീരുമാനം കഴിഞ്ഞ ഉച്ചകോടിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആര് ആര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നത് വിശദീകരിക്കപ്പെട്ടിരുന്നില്ല.ആഗോള താപ നില കുറക്കുന്നതിനായി കോപ് 21ല്‍ ഉണ്ടാക്കിയ പാരിസ് ഉടമ്പടിയില്‍ എടുത്ത തീരുമാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

യു.എ.ഇയുടെ വ്യവസായ,നൂതന സാങ്കേതിക മന്ത്രി ഡോ.സുല്‍ത്താന്‍ അല്‍ ജാബിറാണ് കോപ്28ന്റെ പ്രസിഡന്റ്. ഡിസംബര്‍ ഒന്നിന് യു.എ.ഇയില്‍ എത്തുന്ന മാര്‍പ്പാപ്പയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. മൂന്നു ദിവസം ദുബൈയില്‍ അദ്ദേഹം ചെലവഴിക്കുമെന്നാണറിയുന്നത്.ഇറ്റാലിയന്‍ വിമാനക്കമ്പനിയായ ഐ.ടി.എ എയര്‍വേയ്‌സിന്റെ പരിസ്ഥിതി സൗഹൃദ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്തിലാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹമെത്തുക. കാലാവസ്ഥാ ചര്‍ച്ചകള്‍ക്കായി മൂന്ന് ദിവസം ദുബൈയില്‍ അദ്ദേഹം ചെലവഴിക്കും.

കോപ് 28 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ദിവസം മുഴുവന്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും വത്തിക്കാന്‍ അറിയിപ്പുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബ്രിട്ടന്റെ ചാള്‍സ് രാജാവ് ഉള്‍പ്പെടെ മറ്റു പ്രമുഖരും ഉള്‍പ്പെടെ 140 ലേറെ രാഷ്ട്ര നേതാക്കളും അയ്യാരത്തിലേറെ മാധ്യമപ്രവര്‍ത്തകരും ഉച്ചകോടിക്കെത്തുന്നുണ്ട്. സൗരോര്‍ജത്തിലാണ് കോപ്പ് 28 ന്റെ വേദി പ്രവര്‍ത്തിക്കുക. ഉച്ചകോടിയോടനുബന്ധിച്ച് വിപുലമായ യാത്രാ സംവിധാനങ്ങളും ദുബൈ ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ സോണില്‍ നൂറിലേറെ പരിപാടികളും ശില്‍പ്പശാലകളും നടക്കും. കലാപരിപാടികളും അരങ്ങേറും.