അഷറഫ് ചേരാപുരം
ദുബൈ: അറബ് ലോകത്തെ ആദ്യ ചാന്ദ്ര വാഹനം അമ്പിളി മാമനിലേക്ക് തൊടുത്തു. യു എ ഇയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ റാഷിദ് റോവറാണ് ഞായറാഴ്ച ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പല തവണ മാറ്റിവച്ച വിക്ഷേപണം കഴിഞ്ഞ ദിവസം വിജയകരമായി നടത്തുകയായിരുന്നു.
ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ ഇമാറത്തി ദൗത്യമായ യു എ ഇ നിര്‍മിത റാഷിദ് റോവറാണ് യു എസി ലെ ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ ബഹിരാകാശ വിക്ഷേപണ കോംപ്ലക്‌സ് 40ല്‍ നിന്നും മാനത്തേക്കുയര്‍ന്നത്. സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിക്ഷേപിച്ച റാഷിദ് വിജയത്തിന്റെ വഴിയിലാണ്. ഇതോടെ യു എസ്, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ആദ്യത്തെ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും യു എ ഇ മാറി.
വിക്ഷേപത്തിന് ശേഷം ഏകദേശം അഞ്ച് മാസം കഴിഞ്ഞ് 2023 ഏപ്രിലിലാണ് റാഷിദ് ലാന്‍ഡിംഗ് നടക്കുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം ബി ആര്‍ എസ് സി) റിപ്പോര്‍ട്ട് ചെയ്തു.