ഗതികെട്ട കവി എന്ന നിലയില്‍ പ്രദര്‍ശന വസ്തുവാക്കി എന്നെ ഉലകം ചുറ്റിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല

Opinions

ചിന്ത / എസ് ജോസഫ്

ദളിത്, ആദിവാസി, ഒ. ഇ . സി വിഭാഗങ്ങള്‍ക്ക് തുല്യ പ്രാധാന്യം ഇന്ത്യയില്‍ ഒരു കാലത്തും ലഭിക്കുകയില്ല. ആരെങ്കിലും തരുമെന്ന് വിചാരിക്കയും വേണ്ട. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങള്‍ കൊണ്ടും സമൂലമായ യന്ത്രവല്‍ക്കരണം കൊണ്ടും കാലത്തിന്റെ സ്വാഭാവിക മാറ്റം കൊണ്ടും ഉണ്ടാകുന്ന ചില ഗുണങ്ങള്‍ ( ദോഷങ്ങള്‍ക്കിടയിലും ) ഈ സമൂഹങ്ങള്‍ക്ക് കിട്ടിയെന്നിരിക്കാം. അത്രേയുള്ളു. ( നാരായണ ഗുരു ഇല്ലായിരുന്നെങ്കിലും ഇന്നത്തെ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നര്‍ത്ഥം. വൈക്കം സത്യാഹവും ഗുരുവായൂര്‍ സത്യാഗ്രഹവും നടത്താതെ തന്നെ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നു. സത്യാഗ്രഹം വിജയിച്ചതിനാല്‍ ക്ഷേത്രങ്ങള്‍ക്ക് വരുമാനം കൂടി )

ഇന്ത്യയിലെപ്പോലെ കേരളത്തിലും ജാതിവിഷം ചീറ്റുന്ന വിഷജന്തുക്കളാണ് എവിടെയും. അധികാരത്തിന്റെ മത്സരത്തില്‍ ഈ വിഷമാണ് പ്രയോഗിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്. ഈ ദുഃഖം കൊണ്ടാണ് 60 മത്തെ വയസ് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ കവിതയെഴുത്ത് നിര്‍ത്തും എന്നു പറഞ്ഞത്. ( സമയമുണ്ടല്ലോ ഇനിയും ) എനിക്കുണ്ടായ ജീവിത ദുഃഖങ്ങള്‍ എന്റെ പെണ്‍മക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നേക്കുറിച്ച് പലരും അറിഞ്ഞു കേട്ടു വരുന്നതിനു മുമ്പേ ഞാനെന്റെ ലക്ഷ്യങ്ങള്‍ കൈവരിച്ചു എന്നതുകൊണ്ട് മറ്റുള്ളവരുടെ ഔദാര്യം എനിക്ക് ഒട്ടും ആവശ്യമില്ല. ഗതികെട്ട കവി എന്ന നിലയില്‍ പ്രദര്‍ശന വസ്തുവാക്കി എന്നെ ഉലകം ചുറ്റിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. ജ്ഞാനത്തിലോ സമ്പത്തിലോ സൗന്ദര്യത്തിലോ ഞാന്‍ ആര്‍ക്കും താഴെയുമായിരിക്കില്ല. നിങ്ങള്‍ നമ്പൂതിരിയാണെങ്കില്‍ ഞാനും നമ്പൂതിരി. നിങ്ങള്‍ നായരോ മുസ്ലീമോ െ്രെകസ്തവനോ ആണെങ്കില്‍ ഞാനും അതു തന്നെ. നിങ്ങള്‍ ഇതൊന്നുമല്ലേ ഞാനും ഇതൊന്നുമല്ല.