തിരുവനന്തപുരം; സിനിമകള്‍ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നവ ആകണമെന്ന് സംവിധായകന്‍ ഡോ. ബിജു. അതിനായി സംവിധായകര്‍ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള കഥകള്‍ തെരെഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മേളയുടെ മീറ്റ് ദി ഡയറക്ടറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് സംവിധായകന്‍ താമര്‍ കെ വി പറഞ്ഞു. ഇദാന്‍ ഹഗ്വേല്‍, പദ്മകുമാര്‍ നരസിംഹമൂര്‍ത്തി, അന്‍മോള്‍ ഹഗ്ഗി, ശ്ലോക് ശര്‍മ്മ, സനല്‍കുമാര്‍ ശശിധരന്‍, മൈക്കില്‍ ബോറോഡിന്‍, അനുപമ ഹെഗ്‌ഡെ, സാന്റിയാഗോ ലോസ ഗ്രിസി, ബാലുകിരിയത്ത്, ഹാഷിം സലിം തുടങ്ങിയവര്‍ പങ്കെടുത്തു. മീരാ സാഹേബ് മോഡറേറ്ററിയിരുന്നു.
ജോഡ്രോവ്‌സ്‌കിയുടെ ദി ഹോളി മൗണ്ടെന്റെ ഏക പ്രദര്‍ശനം ബുധനാഴ്ച
ലൈംഗികത, അക്രമം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ദി ഹോളി മൗണ്ടെന്റെ ഏക പ്രദര്‍ശനം ബുധനാഴ്ച. 1973ല്‍ പുറത്തിറങ്ങിയ ചിത്രം ദി സര്‍റിയല്‍ സിനിമ ഓഫ് അലഹാന്ദ്രോ ജോഡ്രോവ്‌സ്‌കി എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംവിധായകന്‍ തന്നെ നായകനായുമെത്തുന്ന ചിത്രം പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ശക്തികളെ പുറത്താക്കി വിശുദ്ധ പര്‍വതത്തില്‍ കയറാന്‍ ശ്രമിക്കുന്ന ആല്‍ക്കമിസ്റ്റിന്റെ ജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്. കാന്‍ ഉള്‍പ്പടെ വിവിധ മേളകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ന്യൂ തിയറ്ററില്‍ ബുധനാഴ്ച രാത്രി 8:30ന് ആണ് പ്രദര്‍ശിപ്പിക്കുന്നത്.
മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി പതിനൊന്നു പുരസ്‌ക്കാരങ്ങള്‍
രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ ചകോരം ഉള്‍പ്പടെ മികച്ച ചിത്രങ്ങള്‍ക്കും സംവിധായകര്‍ക്കുമായി പതിനൊന്ന് പുരസ്‌ക്കാരങ്ങള്‍. മികച്ച സംവിധായകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്രത്തിനുമുള്ള രജത ചകോരം, മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സുവര്‍ണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമയ്ക്കും മലയാള ചിത്രത്തിനുമുള്ള നെറ്റ് പാക്ക്, കെ ആര്‍ മോഹനന്‍ എന്‍ഡോവ്‌മെന്റ്, ലൈഫ് ടൈം അച്ചീവ്‌മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളാണ് നല്‍കുക.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് 20 ലക്ഷം രൂപയും രജതചകോരത്തിനു നാലു ലക്ഷവും പുതുമുഖ സംവിധായകന് മൂന്ന് ലക്ഷവും ജനപ്രീതിയാര്‍ജിച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയുമാണ് പുരസ്‌കാരങ്ങള്‍ക്കൊപ്പം നല്‍കുക. ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് നല്‍കുന്നത്.
സിനിമാരംഗത്ത് സംവിധായകര്‍ക്കു നല്‍കുന്ന സമഗ്ര സംഭാവന കണക്കിലെടുത്ത് ലൈഫ് ടൈം അച്ചീവ്‌മെന്റ്, സ്പിരിറ്റ് ഓഫ് സിനിമ എന്നീ പുരസ്‌കാരങ്ങളും അക്കാദമി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് ലൈഫ് ടൈം അച്ചീവ്‌മെന്റിന്റെ സമ്മാനത്തുക.
സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍പോളെന്ന് കമല്‍
ഒപ്പം പ്രവര്‍ത്തിക്കുന്ന സംവിധായകന്റെ മനസ്സിലൂടെ സഞ്ചരിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോളെന്ന് സംവിധായകന്‍ കമല്‍. മികച്ച കഥപറച്ചിലുകാരനായിരുന്നിട്ടും ഒരു ചെറുകഥ പോലും എഴുതാതെ നൂറോളം തിരക്കഥ എഴുതിയതിലാണ് അദ്ദേഹത്തിന്റെ പ്രതിഭയെന്നും കമല്‍ പറഞ്ഞു .രാജ്യാന്തര മേളയില്‍ ജോണ്‍പോളിന് ആദരമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ജോണ്‍ പോളിനെ കുറിച്ചെഴുതിയ വിടപറയാത്ത ജോണ്‍പോള്‍ എന്ന പുസ്തകം ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി സംവിധായിക രേവതി വര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്തു .ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം കവി ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് എഡിറ്റ് ചെയ്തത്. അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി .അജോയ് എന്നിവര്‍ പങ്കെടുത്തു.