എ വി ഫര്‍ദിസ്
തിരുവനന്തപുരം: മാറുന്ന ഇറാന്‍ സിനിമയുടെ ഏറ്റവും പുതിയ മുഖത്തെ കാണിച്ചു തരുന്ന ചലച്ചിത്രങ്ങളാണ് 27 മത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ എത്തിയിരിക്കുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മത്സര വിഭാഗത്തില്‍ കഴിഞ്ഞ ദിവസവും പ്രദര്‍ശിപ്പിച്ച ഹൂ പേ, അഥവാ സാനേ ബീ സാര്‍ എന്ന ചലച്ചിത്രം.
പരമ്പരാഗതമായ കഥ പറച്ചിലിനു പകരം, സൂചനകളിലൂടെ കഥ പറയുവാന്‍ ശ്രമിക്കുന്നതിനോടൊപ്പം ചുറ്റുപാടുമുള്ള പ്രകൃതിബിംബങ്ങളിലൂടെയും സിനിമ പറയുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
തിരയടിക്കുന്ന ശബ്ദം, കാറ്റിന്റെ സില്‍ക്കാരം, തീ കത്തുന്നതിന്റെ ശബ്ദം എന്നിവയെല്ലാം റെക്കോര്‍ഡു ചെയ്യുവാനായി തന്റെ വാഹനവുമായി മൂന്ന് വ്യത്യസ്ത ഇടങ്ങളിലെത്തുന്ന ഒരു സൗണ്ട് റെക്കോര്‍ഡിസ്റ്റാണ് ഇതിലെ പ്രധാന കഥാപാത്രം.
സ്ത്രീ കഥാപാത്രങ്ങളോട് അദ്ദേഹത്തിന് ഇഷ്ടമുണ്ടെങ്കിലും അത് ചുറ്റുപാടിന്റെ വിലക്കുകള്‍ കാരണം അദ്ദേഹം മറച്ചുവെക്കുകയാണ്. എന്നാല്‍ യുവതി കൈയിലുണ്ടായിരുന്ന അനാറില്‍ നിന്ന് വീഴുന്ന കുരു ഇയാള്‍ അമര്‍ത്തി പൊട്ടിക്കുന്നതിലൂടെയും അഴിഞ്ഞു വീണ നൂല്‍ പാദസരത്തെ താലോലിക്കുന്നതിലൂടെയും ഇത് അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്.
സിനിമ അവസാനിക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന സ്‌നേഹത്തെക്കുറിച്ചുള്ള കവിതയും ഉയര്‍ത്തുന്നത് പരസ്പരമുള്ള സ്‌നേഹത്തെ അടിച്ചമര്‍ത്തപ്പെടാതിരിക്കട്ടെയെന്നുള്ളതാണ്. ശബ്ദമിശ്രണത്തിലെ ഏറ്റവും സൂക്ഷ്മമായ ഇടപെടല്‍ കൂടി ഈ സിനിമയുടെ പ്രത്യേകതയായി പറയേണ്ടതു തന്നെയാണ്.
ബര്‍ലിന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച അലി അസ്ഗറിയുടെ അണ്ടില്‍ ടുമാറോയും ഭരണകൂടത്തിന്റെ വിലക്കിനെ നിഷ്പ്രഭമാക്കി മറികടന്നുകൊണ്ട് നിര്‍മിച്ച ജാഫര്‍ പനാഹിയുടെ നോ ബീയേഴ്‌സും കാനിലടക്കം പ്രദര്‍ശിപ്പിച്ച അലി ബെഹ്‌റാദിന്റെ ഇമാജിന്‍ എന്നിവയായിരുന്നു മറ്റ് ഇറാനിയന്‍ ചലച്ചിത്രങ്ങള്‍.