സോന ഇനി സംവിധായിക. സ്‌മോക് തുടങ്ങി

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ്കുമാര്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളില്‍ ഒരാളാണ് സോന ഹെയ്ഡന്‍. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അവര്‍ അഭിനയിച്ചു. ഗ്ലാമറസ് നടിയായി അറിയപ്പെടുന്ന സോന ഒരു സംരംഭക കൂടിയാണ്, ഇപ്പോഴിതാ വെബ് സീരീസ് സംവിധാനം ചെയ്തു കൊണ്ട് സംവിധായികയായി അരങ്ങേറ്റം കുറിക്കയാണ്.

‘ സ്‌മോക്ക് ‘ എന്നാണ് സീരിസിന്റെ പേര്. രചനയും സോന തന്നെ നിര്‍വഹിച്ചിരിക്കുന്നു. സ്‌മോക്ക് എ പോയം ഓഫ് പെയിന്‍ എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) അണിയിച്ചൊരുക്കുന്ന വെബ് സീരീസിന്റെ ഇതിവൃത്തം സ്വന്തം ജീവിതത്തില്‍ ബാല്യ കൗമാര കാലം മുതല്‍ വര്‍ത്തമാന കാലം വരെ അനുഭവിച്ച സുഖ ദുഃഖങ്ങളില്‍ ഇഴ പിന്നിയതാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

താന്‍ അണിയിച്ചൊരുക്കുന്ന വെബ് സീരിസിനെ കുറിച്ച്

‘ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. പാചകം ചെയ്യാനും എല്ലാ ജോലികളും തനിയെ, ഒറ്റക്ക് ചെയ്യാനുമെല്ലാം അറിയാം. എന്നാല്‍ ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഇന്‍ഡസ്ട്രിയില്‍ ഞാന്‍ ഗ്ലാമറസ് നടിയായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത് സംഭവിച്ചത്. ഈ വെബ് സീരീസില്‍ പറയുന്നതെല്ലാം
സത്യമാണ്. എന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌മോക്കിന്റെ കഥ. ഞാന്‍ അനുഭവിച്ച വേദനകളും, നഷ്ടങ്ങളും, ശാരീരിക പീഡനങ്ങളും ലോകത്തെ കാണിക്കാന്‍ ആഗ്രഹിക്കുന്നു. സ്‌മോക്കിലൂടെ സത്യ സന്ധമായി തന്നെ … വേദനകളുടെ കാവ്യമായി…

ഈ കഥ ഏറെ വൈകാരികമായ ഒരു പ്രയാണമായിരിക്കും. ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടപ്പോള്‍ , ‘ഇത് സിനിമയായി എടുത്തു കൂടേ’ എന്ന് പലരും ചോദിച്ചു…. നല്ല കഥയാണെങ്കിലും നഗ്‌ന സത്യങ്ങള്‍ തുറന്നു കാണിക്കുമ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. സത്യസന്ധമായി ദൃശ്യവല്‍ ക്കരിക്കാനും പറ്റില്ല. ഓ ടി ടി യിലാവുമ്പോള്‍ സ്വതന്ത്രമായി വിവരിക്കാം … ചിത്രീകരിക്കാം. എന്റെ സിനിമക്ക് ഞാന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണെങ്കില്‍ ഞാന്‍ ഡ/അ സര്‍ട്ടിഫിക്കറ്റേ നല്‍കൂ. ആ നിലവാരം ഈ വെബ് സീരീസിന് ഉണ്ടാവും.

ഇതു പുറത്തിറക്കുമ്പോള്‍ ദി ബിഗിനിങ് ഓഫ് എന്‍ഡ് (The Begining of End) എന്ന ടാഗ് ലൈന്‍ കൂടി ചേര്‍ക്കാനിരിക്കയാണ്. ഒരു ഗ്ലാമര്‍ നടിയുടെ അവസാനം എന്നായിരിക്കും അതിന്റെ പൊരുള്‍’ എന്ന് താരം വൈകാരികതയോടെ പറഞ്ഞു

ഷോര്‍ട്ട്ഫ്‌ളിക്‌സ് (short flix) എന്ന സ്ഥാപനവുമായി കൈ കോര്‍ത്തു കൊണ്ട് തന്റെ നിര്‍മ്മാണ കമ്പനിയായ യൂനിക് പ്രൊഡക്ഷന്റെ സോന ഹെയ്ഡന്‍ തന്നെയാണ് സ്‌മോക്ക് നിര്‍മ്മിക്കുന്നത്. കപില്‍ റോയ് ഛായഗ്രഹണം നിര്‍വഹിക്കുന്നു. സോന തന്നെയാണ് നായിക.മുകേഷ് ഖന്ന നായകനായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കള്‍ സങ്കേതിക വിദഗ്ധന്‍ എന്നിവരെ കുറിച്ച് വഴിയേ അറിയിക്കുമെന്ന് സോന വ്യക്തമാക്കി.