എം കെ രാമദാസ്
തിരുവനന്തപുരം: How to have sex ഒരു ബ്രിട്ടീഷ് ചലചിത്രമാണ്. കൗമാരക്കാരികളുടെ ഒഴിവുകാല ജീവിതമാണ് കഥാപരിസരം. സ്വാതന്ത്ര്യവും ലൈംഗീകതയും ആനന്ദവും കണ്ടെത്താനുള്ള കുട്ടികളുടെ ശ്രമവും തിരിച്ചറിവുകളുമാണ് ഇതിവൃത്തം.
മോളി മന്നിങ്ങ് വാള്‍ക്കര്‍ തയ്യാറാക്കിയ ചലചിത്രത്തിന്റെ പേരിലെ സൂചന കാണികളെ ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. വിശാലമായ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച തീയ്യറ്റര്‍ നിറഞ്ഞു കവിഞ്ഞത് ഇത് തെളിയിച്ചു. കാര്‍ണിവലായി പരിണമിച്ച സിനിമാമേളയില്‍ യുവാക്കളുടെ സാന്നിധ്യം ഇവിടെ ശരിയ്ക്കും പ്രതിഫലിച്ചു. പ്രദര്‍ശനം തുടങ്ങി പത്തോ പതിനഞ്ചോ മിനിറ്റിനകം ഇരിപ്പിടങ്ങളില്‍ നല്ലൊരു പങ്കും കാലിയായി. ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഇല്ലാതെ സിനിമ മുഴുവനായും കാണാന്‍ ഭൂരിഭാഗം കാഴ്ചക്കാരും താല്പര്യം പ്രകടിപ്പിച്ചില്ല.

സ്വാതന്ത്ര്യം നല്‍കുന്ന ആനന്ദം ലൈംഗികതയുടെ അതിരുകളില്‍ നഷ്ടപ്പെട്ടു പോവുന്നത് മനസ്സിലാവുന്നവരില്‍ ഒരാള്‍ കഥാപാത്രമായി ഇവിടെയെത്തിയവരിലുണ്ട്. ആ പെണ്‍കുട്ടിയോടൊപ്പം വന്നവരില്‍ രണ്ടു പേര്‍ അവരുടെ നിശ്ചയങ്ങളിലാണ് മുന്നോട്ട് പോവുന്നതും മാറി നല്‍ക്കുന്നതും. ഈ പെണ്‍കുട്ടികള്‍ മാത്രമല്ല അവരോടൊപ്പമുള്ള ആണ്‍കുട്ടികളും ഇത്തരം വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ അകപ്പെടുന്നുണ്ട്.

വിഭ്രമിപ്പിക്കുന്ന വര്‍ണ പ്രപഞ്ചവും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കിടയിലും ഒറ്റപ്പെട്ടു പോകുന്ന യുവത്വം സിനിമയില്‍ മോളി മന്നിങ്ങ് രേഖപ്പെടുത്തുന്നുണ്ട്. തിരിച്ചറിവിലും അസ്വസ്ഥമാവുന്ന യുവതയുടെ മനോഘടന ഈ മൂന്ന് പെണ്‍കുട്ടികളിലൂടെ വരച്ച്കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യ ജീവിതത്തിന്റെ കാല്പനിക വ്യവഹാരങ്ങളുടെ നിരര്‍ത്ഥകത പ്രതിപാദിക്കുവാനും മോളി മന്നിങ്ങ് ശ്രമിക്കുന്നു.