പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന്‍ മരിച്ചു

Malappuram

മലപ്പുറം: കാട്ടുപന്നിയെ തുരത്താനായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് പതിമൂന്നുകാരന്‍ മരിച്ചു. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുല്ലയെയാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ കാട്ടുപന്നിയെ തുരത്താനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് കരുതുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന അറയില്‍ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസമാണ് റഹ്മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം കിടന്നിരുന്നത്.

കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്മത്തുള്ളയെ മരിച്ചുകിടക്കുന്നതായി കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നു ഷോക്കേറ്റതാണെന്ന കാര്യം വ്യക്തമായത്. കളിക്കാനായി കുട്ടി ഈ വഴിയെത്തിയപ്പോള്‍ അറിയാതെ വൈദ്യുതി വേലിയില്‍ തട്ടിയതാകാമെന്നാണ് കരുതുന്നത്. മരിച്ച റഹ്മത്തുള്ളയുടെ രക്ഷിതാക്കള്‍ പൂക്കോട്ടും പാടത്തെ ഇഷ്ടിക ചൂളയിലെ ജോലിക്കാരാണ്.