ആരാധകരില്‍ ആവേശമായി ആളി പടര്‍ന്ന് കാര്‍ത്തിയുടെ ജപ്പാന്‍ ടീസര്‍

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയ് കുമാര്‍

ടന്‍ കാര്‍ത്തിയുടെ 25മത്തെ സിനിമയായ ജപ്പാന്റെ പുതിയ ടീസര്‍ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഇന്നലെ പുറത്ത് വിട്ടു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിറകെ ഇന്നലെ എത്തിയ പുതിയ ടീസര്‍ ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബില്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു.

‘ ജപ്പാന്‍ ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ്. എന്നാല്‍ നിയമത്തിന് മുന്നില്‍ കുറ്റവാളിയും… നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളന്‍ … തനിക്കു നേരെ എത്ര വെടിയുണ്ടകള്‍ ഉതിര്‍ത്താലും തന്നെ കീഴ്‌പ്പെടുത്താന്‍ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാന്‍. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘര്‍ഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെ യാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്ന് ടിസര്‍ വ്യക്തമാക്കുന്നു.

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്. ആര്‍. പ്രകാശ് ബാബു, എസ്.ആര്‍. പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ ജപ്പാന്‍ ‘. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ ജപ്പാന്‍’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതു പോലെ ‘ ഗോലി സോഡ ‘, ‘ കടുക് ‘ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഛായഗ്രാഹകന്‍ വിജയ് മില്‍ടനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ അരസ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണത്രേ. സംവിധായകന്‍ രാജു മുരുകന്‍ കാര്‍ത്തി ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് കൂട്ടു കെട്ടില്‍ നിന്നും വരുന്ന സിനിമയാണ് ‘ ജപ്പാന്‍ ‘ എന്നതു കൊണ്ടു തന്നെ ആരാധകരിലും സിനിമാ വൃത്തങ്ങളിലും ചിത്രം ഏറെ പ്രതീക്ഷ നല്‍കുന്നു.

പുതിയ ടീസറിന് ആരാധകരില്‍ നിന്നു ലഭിച്ച സ്വീകരണം അണിയറ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടാണ് ‘ ജപ്പാന്‍ ‘ ചിത്രീകരിച്ചിരിക്കുന്നത്. ദീപാവലിക്ക് ‘ ജപ്പാന്‍ ‘ റിലീസ് ചെയ്യും.