മറവികള്‍ ചിലപ്പോള്‍ ഭൂതകാലത്തോട് അനീതി ചെയ്യുന്നു, ഓര്‍മ്മകള്‍ വര്‍ത്തമാന കാലത്തോടും

Opinions

ചിന്ത / എ പ്രതാപന്‍

ര്‍ക്കുക എന്നത് വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ തന്നെ ഏറ്റവും വലിയ ധാര്‍മ്മിക ഉത്തരവാദിത്വമായി കരുതപ്പെടുന്നു. മറവി എന്നത് നാം നമ്മുടെ ഭൂതകാലത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായും. മിലാന്‍ കുന്ദേര ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരിച്ച ശേഷവും ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മ്മയെ കുറിച്ചായിരുന്നു, ‘അധികാരത്തിനെതിരായ മനുഷ്യന്റെ പോരാട്ടമെന്നത്, മറവിക്കെതിരെ ഓര്‍മ്മയുടെ പോരാട്ടമാണ്.’ എത്രയോ മുമ്പ് ജോര്‍ജ്ജ് സന്തായനയും എഴുതിയിരിക്കുന്നു. ‘ ഭൂതകാലത്തെ ഓര്‍ക്കാന്‍ കഴിയാത്തവര്‍ ഒരാവര്‍ത്തി കൂടി അതില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.’

വ്യക്തികളുടേയും സമൂഹങ്ങളുടേയും ജീവിതത്തിനും നിലനില്‍പിനും ഓര്‍മ്മകള്‍ അത്രയേറെ പ്രധാനമെന്ന് കരുതപ്പെടുന്നു. അത് എല്ലായ്‌പോഴും അങ്ങനെ ആയിക്കൊള്ളണമെന്നുണ്ടോ? സംശയിക്കാനും ധാരാളം കാരണങ്ങളുണ്ട്. ആധുനിക കാലത്തെ സംഘര്‍ഷങ്ങളുടേയും യുദ്ധങ്ങളുടേയും ചരിത്രം അതാണ് പലപ്പോഴും പറയുന്നത്. ആധുനിക ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തില്‍, ആ ജനതകള്‍ മുറുകെ പിടിക്കുന്ന സത്യവും ഭാവനയും കൂടിക്കലര്‍ന്ന ഓര്‍മ്മകള്‍ വലിയ പങ്കു വഹിക്കുന്നു. സമാധാന കാലത്ത് വലിയ കുഴപ്പമില്ല. പക്ഷേ സംഘര്‍ഷങ്ങളുടേയും യുദ്ധങ്ങളുടേയും നാളുകളില്‍ ഇത്തരം ചില ഓര്‍മ്മകളാണ്, തങ്ങളുടെ ഭൂതകാലത്തെ ഉള്ളതോ ഇല്ലാത്തതോ ആയ ചില മുറിവുകളെ ഹിംസാത്മകമായ ആയുധങ്ങളായി വികസിപ്പിക്കുന്നത്.1990 കളിലെ യുഗോസ്ലാവിയ, ഇസ്രയേല്‍ പലസ്തീന്‍ , സമീപകാല ഇന്ത്യ, ഇസ്ലാമിക ലോകത്തിലെ ജിഹാദികള്‍ എല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍. എല്ലാറ്റിന്റേയും വേരുകള്‍ ഭൂതകാലത്തില്‍ ചികയുന്നു, നീതീകരണങ്ങള്‍ അവിടെ നിന്ന് ലഭിക്കുന്നു.

ഓര്‍മ്മകളിലേക്കുള്ള വാതിലുകളായി ചരിത്രവും പുരാവസ്തു വിജ്ഞാനീയവും പ്രവര്‍ത്തിക്കുന്നു. മിത്തോളജിയും രാഷ്ട്രീയവും രണ്ടിലും കലരുന്നു. ഇസ്രയേലിന്റെ സൈനിക മേധാവിയായിരുന്ന (Chief of Staff IDF) യിഗായേല്‍ യാദിന്‍ Yigael Yadin വിരമിച്ച ശേഷം പുരാവസ്തു ശാസ്ത്രജ്ഞനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 1960 കളുടെ ആദ്യം മസാദാ കോട്ടയിലെ ഖനനം നടക്കുന്നത്. AD 70 ല്‍ റോമാ സാമ്രാജ്യത്തിനെതിരെ ജൂതപ്പോരാളികള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ കൂട്ട ആത്മഹത്യകള്‍ നടന്ന സ്ഥലമെന്ന് കരുതപ്പെടുന്ന അവിടെ നിന്ന് തെളിവുകള്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു. എന്തായാലും ഇപ്പോള്‍ സൈനിക പരിശീലനം കഴിഞ്ഞ ഇസ്രയേലി സൈനികര്‍ യുദ്ധ പ്രതിജ്ഞയെടുക്കുന്ന ഒരു സ്ഥലമായി അത് മാറി.

നമുക്ക് അയോധ്യയെ ഓര്‍ക്കാം, അവിടെയും മറ്റു പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഖനനങ്ങളെ ഓര്‍ക്കാം, കണ്ടെത്തലുകളെയും. പതിനാറാം നൂറ്റാണ്ടിലെ ഒരു ഓര്‍മ്മയില്‍ നിന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വീഴ്ത്തപ്പെടുന്ന ചോരപ്പുഴകള്‍ ഓര്‍ക്കാം. ഇത്തരം ഓര്‍മ്മകളുടെ രാഷ്ട്രീയ ഉപയോഗങ്ങള്‍ എങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഒരു വര്‍ഗ്ഗീയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് ഉത്തേജകമായി അതെങ്ങനെ പ്രവര്‍ത്തിച്ചു ,എന്നതും ഓര്‍ക്കാം.

വെസ്റ്റ് ബാങ്കിലെ ഇസ്രയേലി അധിനിവേശ പലസ്തീനി പ്രദേശങ്ങളില്‍, ജൂത കുടിയേറ്റക്കാര്‍ വെച്ചിരിക്കുന്ന ബോര്‍ഡുകള്‍ പലതും പറയുന്നത് ഇതാണ്, ‘ഞങ്ങള്‍ തിരിച്ചു വന്നിരിക്കുന്നു. 3800 വര്‍ഷങ്ങള്‍ മുമ്പ് ഹിബ്രു ജനതക്ക് ഇസ്രയേല്‍ രാജ്യം വാഗ്ദാനം ചെയ്യപ്പെട്ടത് ഇവിടെ വെച്ചാണ്.’ വര്‍ത്തമാന കാലത്തെ ഒരു സൈനിക കടന്നുകയറ്റം, ഒരു തിരിച്ചു വരവായി, ഭൂതകാല വാഗ്ദാനത്തിന്റെ നിറവേറലായി മാറ്റാന്‍ ഇത്തരം ഓര്‍മ്മകള്‍ പ്രവര്‍ത്തിക്കുന്നു.

Hyperthymesia എന്നത് ഒരു വ്യക്തി അസാധാരണമായ ആത്മകഥാപരമായ ഓര്‍മ്മകള്‍ പേറുന്ന ഒരു അവസ്ഥയുടെ പേരാണ്. ഇത് ബാധിച്ച മനുഷ്യര്‍ അവരുടെ സമയത്തിലേറെയും തങ്ങളുടെ ഭൂതകാലത്തെ കുറിച്ച് ചിന്തിക്കാന്‍ മാത്രം വിനിയോഗിക്കുന്നു. തങ്ങളുടെ ഭൂതകാലത്തില്‍ നിന്ന് പ്രത്യേക സംഭവങ്ങള്‍ ഓര്‍ത്തു പറയാന്‍ അവര്‍ക്ക് പ്രത്യേക കഴിവുണ്ട്. നമ്മുടെ ചില സമൂഹങ്ങള്‍, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഹൈപ്പര്‍തൈമേഷ്യ ബാധിച്ചവരെ പോലെ പെരുമാറുന്നു.

ഓര്‍മ്മയ്ക്കും മറവിയ്ക്കുമിടയില്‍ ഒരു തിരഞ്ഞെടുപ്പ് നമുക്ക് സാദ്ധ്യമല്ല. രണ്ടും നമുക്ക് ഒഴിവാക്കാനാവില്ല. എങ്കിലും ഡേവിഡ് റീഫ്* പറയുന്നതു പോലെ, മറവികള്‍ ചിലപ്പോള്‍ ഭൂതകാലത്തോട് അനീതി ചെയ്യുന്നു, ഓര്‍മ്മകള്‍ ചിലപ്പോള്‍ വര്‍ത്തമാന കാലത്തോടും.

ഡേവിഡ് റീഫ് David Reiff അമേരിക്കന്‍ എഴുത്തുകാരന്‍, ബോസ്‌നിയയില്‍ സംഘര്‍ഷ കാലത്ത് നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്തയാള്‍. ആ അനുഭവങ്ങളാണ് പിന്നീട് In praise of Forgetting തുടങ്ങിയ പുസ്തകങ്ങളിലേക്ക് നയിക്കുന്നത്. റീഫ് പ്രശസ്ത ചിന്തക സൂസന്‍ സൊണ്ടാഗിന്റെ മകനാണ്.

സ്വേതാന്‍ തൊദറോഫ് Tsvetan Todorov ബള്‍ഗേറിയന്‍ ഫ്രെഞ്ച് ചിന്തകന്‍, ഓര്‍മ്മ, മറവി വിഷയങ്ങളില്‍ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.