ദുബൈ: യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് വിമാനക്കമ്പനി. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനമാണ് 28 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും യാത്രക്കാര്‍ക്ക് കഴിച്ചുകൂട്ടേണ്ടി വന്നു. ഞായറാഴ്ച രാവിലെ 9.30ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്.
വിമാനം ഞായര്‍ ഉച്ചയ്ക്ക് 1.30ന് പുറപ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പിന്നീട് സമയം 2.30ലേക്ക് മാറ്റി. ശേഷം 3.30ലേക്ക് മാറ്റി. എന്നാല്‍ അപ്പോഴും പുറപ്പെടാനാവാതെ അനിശ്ചിതമായി നീണ്ടു. ഒടുവില്‍ തിങ്കളാഴ്ച രാവിലെ 9.30ന് വിമാനം പുറപ്പെടുമെന്ന് ഞായറാഴ്ച രാത്രിയോടെ അറിയിച്ചു. ഭൂരിപക്ഷം യാത്രക്കാരും വിമാനത്താവളത്തിലെ കേസരകളിലും നിലത്തുമൊക്കെയായിരുന്നു രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. ചിലര്‍ അനുമതി വാങ്ങി താമസ സ്ഥലത്തേക്ക് പോയെങ്കിലും വിസ റദ്ദാക്കിയവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിച്ചത്.