ഷാര്‍ജ: സമൂഹത്തില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്വേഷങ്ങള്‍ക്കെതിരെ സ്‌നേഹം കൊണ്ട് പ്രതിരോധമൊരുക്കണമെന്ന് വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. വിശ്വമാനവികതക്ക് വേദവെളിച്ചം എന്ന പ്രമേയത്തില്‍ ഫെബ്രുവരി പതിനഞ്ചു മുതല്‍ പതിനെട്ട് വരെ കരിപ്പൂരില്‍ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മാനവികതാസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികള്‍.
മനുഷ്യരുടെ നന്മയാണ് മതങ്ങളുടെ ലക്ഷ്യമെന്നിരിക്കെ വിശ്വാസങ്ങളുടെ പേരില്‍ വെറുപ്പിനു പ്രസക്തിയില്ലെന്ന് സംഗമം ഊന്നിപ്പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും പരസ്പര സഹകരണവും ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരില്‍ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന മുഴുവന്‍ ശക്തികളെയും ഒറ്റപെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ ഗാന്ധിയനും നാഷണല്‍ യൂത്ത് പ്രോജക്ട് ഭാരവാഹിയുമായ കാരയില്‍ സുകുമാരന്‍ സ്‌നേഹ സന്ദേശം നല്‍കി. ഫോക്കസ് ഇന്ത്യ സി ഇ ഒ ഡോക്ടര്‍ യു പി യഹ്‌യ ഖാന്‍ പ്രമേയവിശദീകരണം നടത്തി സംസാരിച്ചു. യു ഐ സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അസൈനാര്‍ അന്‍സാരി, ഹാഷിം നൂഞ്ഞേരി (ഷാര്‍ജ കെ എം സി സി), അഡ്വക്കേറ്റ് സന്തോഷ് കെ നായര്‍ (മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം), പ്രഭാകരന്‍ പയ്യന്നൂര്‍ (മഹസ്), താഹ അബ്ദുല്ല മമ്പാട് (ഐ സി സി ഷാര്‍ജ), ജാസ്മിന്‍ ശറഫുദ്ദീന്‍ (എം ജി എം), സാദിഖ് പി ശാഹുല്‍ (ഫോക്കസ്), അബ്ദുറഹ്മാന്‍ പൂക്കാട്ട് (യു ഐ സി ഷാര്‍ജ), ഉസ്മാന്‍ കക്കാട് (യുവത ബുക്‌സ്) എന്നിവര്‍ പ്രസംഗിച്ചു. യു ഐ സി ഓര്‍ഗനൈസിംഗ് സെക്രട്ടറി മുജീബ് റഹ്മാന്‍ പാലക്കല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ മരുത സ്വാഗതവും അനീസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.