ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ആലപ്പുഴയില്‍ മുസ്‌ലിം സംയുക്ത റാലി

Alappuzha

ആലപ്പുഴ: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ലജനത്തുല്‍ മുഹമ്മദിയയുടെ നേതൃത്വത്തില്‍ റാലി നടത്തി. വിവിധ മുസ്‌ലിം സംഘടനകളും തോട്ടപ്പള്ളി മുതല്‍ പൊന്നാട് വരെയുള്ള മഹല്ല് ഭാരവാഹികളും ബഹുജന റാലിയില്‍ പങ്കാളികളായി. സക്കരിയാ ബസറില്‍ നിന്നും ആരംഭിച്ച ബഹുജന റാലി ആലപ്പുഴയുടെ പ്രധാന നഗരഭാഗങ്ങള്‍ വലം വെച്ചു കൊണ്ട് ആലപ്പുഴ നഗര ചതുരത്തില്‍ സമാപിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളം അഡ്വ. ഓണംപള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ആലുവ മസ്ജിദ് ചീഫ് ഇമാം അലിയാര്‍ അല്‍ഖാസിമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലജനത്തുല്‍ മുഹമ്മദിയ പ്രസിഡന്റ് എ എം നസീര്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ലജനത്തുല്‍ മുഹമ്മദിയ ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദീന്‍ സ്വാഗതം ആശംസിച്ചു. ഫലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനാ യുള്ള പ്രാര്‍ത്ഥനയോടെ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ടുള്ള പ്രമേയം സി എ സലീം ചക്കിട്ടപറമ്പ് അവതരിപ്പിച്ചു. അഡ്വ. നജീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പട്ടാളത്തിന്റെ ക്രൂരതക്കെതിരെ അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്ലെ കാര്‍ഡ് പ്രദര്‍ശിപ്പിച്ചു കൊണ്ടാണ് ജനങ്ങള്‍ റാലിയില്‍ അണിനിരന്നത്. ശാക്കിര്‍ ദാരിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് താഹ ജിഫ്രി തങ്ങള്‍, പി. എം. എസ്. എ. ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ എ. പി. നൗഷാദ്, ഫസലുദ്ധീന്‍, എസ്. എം. ഷെരീഫ്, ഡോ. ബഷീര്‍, ഷിബു ബാബു, എ. ആര്‍. സലീം, അഡ്വ. എ. എ. റസാഖ്, എം. ശംസുദ്ധീന്‍, ഇക്ബാല്‍ സാഗര്‍, പി. എ. ഷഹാബുദീന്‍ മുസ്‌ലിയാര്‍, ടി. എ. താഹ, ലിയാഖത്ത് പള്ളാതുരുത്തി, സുനീര്‍ ഇസ്മായില്‍, ഷെഫീഖ് ഇബ്രാഹിം, എ. എം. കാസിം സാന്നിധ്യം വഹിച്ചു. മൈതീന്‍ കുഞ്ഞു മേത്തര്‍ സദസ്സിന് നന്ദി രേഖപ്പെടുത്തി.