തിരൂര്‍: കൂട്ടായി കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്ന് സ്വാലിഹിനെ ആക്രമിക്കുകയായിരുന്നെന്നെന്നും മുന്‍വൈരാഗ്യത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പിടികൂടിയ ആഷിഖും കൊല്ലപ്പെട്ട സ്വാലിഹും തമ്മില്‍ നേരത്തേ തന്നെ കലഹമുണ്ടായിരുന്നു. പ്രദേശത്ത് ലഹരി വില്‍പ്പന നടത്തുന്നത് സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് ചോദ്യം ചെയ്തത് ആഷിഖിനെ പ്രകോപിപ്പിച്ചിരുന്നു. ഇതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് പ്രാവ് വളര്‍ത്തലുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ കശപിശയുണ്ടായിരുന്നു.
കൊലപാതകം നടക്കുന്നതിന്റെ തലേദിവസവും ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ആഷിഖിനെ സ്വാലിഹും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് ആഷിഖ്, സഹോദരന്മാരെയും പിതാവിനെയും കൂട്ടി പ്രതികാരം ചെയ്യാന്‍ ഇറങ്ങിയത്. തുടര്‍ന്ന് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.