ഭാര്യയുമായി സൗഹൃദമുള്ള യുവാവിനെ മര്‍ദിച്ചുകൊന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Crime

കോഴിക്കോട്: ഭാര്യയുമായുള്ള സൗഹദത്തിന്റെ പേരില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. നൂറാംതോട് സ്വദേശി നിതിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലാണ് നിതിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മണ്ണഞ്ചിറയില്‍ അഴുകി തുടങ്ങിയ നിലയില്‍ നിതിന്റെ മൃതദേഹം കണ്ടെത്തിയത്.

കേസിലെ മുഖ്യപ്രതി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി റാഫി എന്നിവരും ഒരു പതിനേഴ് വയസുകാരനുമാണ് അറസ്റ്റിലായത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിന് സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ അഭിജിത്ത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് നിതിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

മൃതദേഹം കണ്ടെത്തിയതോടെ അഭിജിത്ത് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതലാണ് കോളേജ് വിദ്യാര്‍ത്ഥിയായ നിതിനെ കാണാതാവുന്നത്. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മണ്ണഞ്ചിറയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കിട്ടിയത്.