ഐക്യരാഷ്ട്ര സഭയൊക്കെ എന്നോ മരിച്ചു പോയി

Opinions

ചിന്ത / എ പ്രതാപന്‍

ലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പലസ്തീന്റെ ഭാഗത്തു നിന്നോ ഇസ്രയേല്‍ ഭാഗത്തു നിന്നോ അവരുടെ നിലപാടുകളില്‍ കാര്യമായ മാറ്റങ്ങളൊന്നും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഉണ്ടായ മാറ്റം എന്നു പറയുന്നത് ആ സംഘര്‍ഷത്തെ മനസ്സിലാക്കുന്നതിലും പക്ഷം പിടിക്കുന്നതിലും ലോകത്തിന് സംഭവിച്ച മാറ്റങ്ങളാണ്. മുമ്പെന്നത്തേക്കാളുമേറെ ലോക രാജ്യങ്ങള്‍ക്കിടയില്‍ പലസ്തീനുള്ള പിന്തുണ കുറയുകയും ഇസ്രയേലിനുള്ള പിന്തുണ കൂടുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു സത്യം മാത്രം. അറബ് രാജ്യങ്ങള്‍ പോലും ഇന്ന് പലസ്തീന്റെ കൂടെ ഉറച്ചു നില്‍ക്കുന്നില്ല. നമ്മുടെ രാജ്യത്തും അതെ . ഒരിക്കല്‍ പലസ്തീന് പിന്നില്‍ അടിയുറച്ചു നിന്നിരുന്ന ഇന്ത്യ ഇന്ന് ഇസ്രയേലിനൊപ്പമാണ്. കേരളത്തിലെ കാര്യം നമ്മുടെ കണ്‍മുന്നില്‍ തന്നെ ഉണ്ടല്ലോ. ഇത് ലോകത്ത് സംഭവിച്ച വലിയ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമാണ്.

റൊണാള്‍ഡ് റീഗനും മാര്‍ഗരറ്റ് താച്ചര്‍ക്കും ശേഷം ലോകത്തിന്റെ രാഷ്ട്രീയ അച്ചുതണ്ട് വലത്തോട്ട് കൂടുതല്‍ ചെരിഞ്ഞു. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പും പൊളിഞ്ഞു വീണു. ചൈന വലിയ മുതലാളിത്ത രാജ്യമായി. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ലോകം വാണു. വലതുപക്ഷവല്‍ക്കരിക്കപ്പെട്ട ആ ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അത്തരം ഒരു ലോകത്തിന്റെ ആശയ പ്രപഞ്ചമാണ് ഇന്ന് ലോക ജനതയെ ഭരിക്കുന്നത്. ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യര്‍, ഒറ്റയൊറ്റ വ്യക്തികള്‍ എന്ന നിലയില്‍, തങ്ങളുടെ മസ്തിഷ്‌ക്കത്തിന് ഉള്ളില്‍ രൂപീകരിക്കുന്ന ധാരണകളല്ല അവരുടെ ലോകവീക്ഷണം. ലോകാധികാരം സൃഷ്ടിച്ചെടുക്കുന്ന ചിന്താ മാതൃകകളാണ് സ്വന്തം ചിന്തകള്‍ എന്ന നിഷ്‌ക്കളങ്ക ഭാവേന, ഓരോ കാലത്തേയും മനുഷ്യര്‍ പേറി നടക്കുന്നത്. ചിന്താ മാതൃകകളിലെ മാറ്റങ്ങള്‍ (paradigm shift) അവരുടെ ലോകവീക്ഷണത്തെ മാറ്റുന്നു. ഇന്നലെ വരെ ശരിയായിരുന്നവ , ഇന്ന് തെറ്റായി മാറുന്നു , തിരിച്ചും. വ്യക്തികള്‍ അറിയാതെ തന്നെ അവരുടെയുള്ളില്‍ ലോകം തലകീഴായി മറിയുന്നു. ഇന്നലെ വരെ പലസ്തീനില്‍ മരിച്ചു വീഴുന്നവരെ കുറിച്ചോര്‍ത്ത് ദുഃഖിച്ചിരുന്നവര്‍, ഇന്ന് അവിടെ ആശുപത്രികളില്‍ ബോംബ് വീഴുമ്പോള്‍ ചിരിക്കുന്നത് , അവര്‍ പെട്ടെന്ന് കൂടുതല്‍ ക്രൂരരായി മാറിയതു കൊണ്ട് മാത്രമല്ല , അവരുടെ ശരി ബോധങ്ങള്‍ ആകമാനം മാറിയതു കൊണ്ട് കൂടിയാണ്.

നമ്മുടെ രാജ്യത്തെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ പോലെ കടുത്ത വലതുപക്ഷ അമിതാധികാര ശക്തികളാണ് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളിലും അധികാരം കൈയാളുന്നത്. ലോകം കൂടുതല്‍ നിഷ്ഠുരമായിക്കൊണ്ടിരിക്കുന്നുണ്ട്. മനുഷ്യ മാനസങ്ങളിലേക്കും ആ നിഷ്ഠൂരത പടരുന്നുണ്ട് , ഹിംസ സ്വാഭാവികവല്‍ക്കരിക്കപ്പെടുന്നുണ്ട്. അങ്ങനെ പരുവപ്പെടുന്നവര്‍ യാതൊരു കുറ്റബോധവുമില്ലാതെ ഇതിനെയെല്ലാം അതിജീവിക്കുന്നു. ജര്‍മ്മനിയിലെയും പോളണ്ടിലെയും കോണ്‍സെന്‍ട്രേഷന്‍ കേമ്പുകളില്‍ ജൂതന്മാര്‍ കൊലചെയ്യപ്പെടുമ്പോള്‍ നിര്‍വ്വികാരരായി നോക്കി നിന്നവരെ പോലെ, ഗാസയില്‍ പലസ്തീനികള്‍ കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ യാതൊരു കുറ്റബോധവുമില്ലാതെ ഇന്ന് ലോകം നോക്കി നില്‍ക്കുന്നു. നാളെ നമ്മുടെ ദേശത്തും സംഭവിക്കാനിരിക്കുന്നത് ഇതൊക്കെ തന്നെയാണ്. നമ്മുടെ പൊതുബോധമെന്നത് ചില കാര്യങ്ങള്‍ പ്രത്യേക രീതിയില്‍ അറിയല്‍ മാത്രമല്ല, ചില കാര്യങ്ങള്‍ ഒരിക്കലും അറിയാതിരിക്കല്‍ കൂടിയാണ്. ഇന്ന് ഗാസയില്‍ വലിയ കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍, അത് പലസ്തീനികള്‍ അര്‍ഹിക്കുന്നു എന്ന് കരുതുന്നവരും ,അത് അറിയില്ലെന്ന് നടിക്കുന്നവരും , അറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്തവരുമായി ലോകം വിറങ്ങലിച്ചു നില്‍ക്കുന്നു. ഐക്യരാഷ്ട്രസഭയൊക്കെ എന്നോ മരിച്ചു പോയി.

ഇതു പോലൊരു ഇരുണ്ട കാലത്ത് മുസ്സോളിനിയുടെ ഫാഷിസ്റ്റ് തടവറയില്‍ കിടന്നു കൊണ്ട് ഗ്രാംഷി എഴുതി മുമ്പ് എല്ലാവര്‍ക്കും ചരിത്രത്തെ ഉഴുതു മറിക്കുന്നവരാകാന്‍ ആയിരുന്നു മോഹം. ഇപ്പോള്‍ എല്ലാവരും ചരിത്രത്തിന് വളമായിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിന് വളവും ആവശ്യമാണല്ലോ. ഒരു ദിവസം സിംഹമായി ജീവിക്കണോ അതോ നൂറ് വര്‍ഷം ആട്ടിന്‍കുട്ടിയായി ജീവിക്കണോ എന്ന തിരഞ്ഞെടുപ്പും ഇപ്പോള്‍ മുന്നിലില്ല. ഒരു നിമിഷം പോലും സിംഹമായി ജീവിക്കാതെ, എത്രയോ വര്‍ഷങ്ങള്‍ ആട്ടിന്‍കുട്ടിയേക്കാള്‍ സൗമ്യനായി ജീവിക്കേണ്ടി വരും എന്ന അറിവോടെ ജീവിക്കുക എന്ന വിധിയെ നേരിടുന്നു. കഴുകന്മാരാല്‍ ആക്രമിക്കപ്പെട്ടല്ല, പരാന്നഭോജികളാല്‍ തിന്നു തീര്‍ക്കപ്പെട്ടാണ് ഇന്ന് പ്രൊമിത്യൂസ് അവസാനിക്കുക.

ദേശം, ഭാഷ, മതം, ജാതി, ലിംഗം, വംശം, വര്‍ണ്ണം, ഈ ലോകത്ത് നമ്മള്‍ ആര്‍ജ്ജിക്കുന്ന സ്വത്വങ്ങളെല്ലാം പിറവിയുടെ ഭാഗ്യക്കുറികള്‍ (lottery of birth)അല്ലെങ്കില്‍ നിര്‍ഭാഗ്യക്കുറികള്‍. അതില്‍ അഭിമാനിക്കാനാ, അപമാനം തോന്നാനോ ഒന്നുമില്ല. എങ്കിലും ആ ആകസ്മികതകള്‍ നമ്മളെ നിര്‍വ്വചിക്കുന്നു , ചിലപ്പോള്‍ വേട്ടയാടുന്നു. ഹന്നാ ആരെന്റ് ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ ഒരു ജൂത സ്ത്രീ എന്ന നിലയില്‍ വേട്ടയാടപ്പെട്ടയാളാണ്. ഭാഗ്യത്തിന് അമേരിക്കയിലേക്ക് രക്ഷപ്പെട്ടു. എങ്കിലും അവര്‍ സയണിസത്തിന്റെ പൊതുബോധം പങ്കു വെച്ചിരുന്നില്ല. ഒരു ജൂത എന്ന നിലയില്‍ നിങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ , ജൂതയായി തന്നെ നിങ്ങള്‍ പ്രതിരോധിക്കണം, അതിന് വേറെ മതേതര മേലങ്കി അണിയേണ്ട ആവശ്യമില്ല എന്നവര്‍ എഴുതി. പക്ഷേ ഈ സ്വത്വങ്ങളെ ദൃഢീകരിക്കാനും, ശാശ്വതവല്‍ക്കരിക്കാനും, ചരിത്രത്തിന് കുറുകേ വലിച്ചു നീട്ടാനും, രാഷ്ട്രീയമായി സ്ഥാപനവല്‍ക്കരിക്കാനും, രാഷ്ട്രത്തെ സ്ഥാപിക്കാനും നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് അപകടകരമായി മാറുന്നു. ഇസ്രയേലിന്റെ പല നടപടികളോടുമുള്ള അവരുടെ വിമര്‍ശനങ്ങളും , നാസി കുറ്റവാളി ഐക്ക്മാന്റെ വിചാരണയെ കുറിച്ച് എഴുതിയ Eichman in Jerusalem എന്ന പുസ്തകവും അവരെ ജൂത ലോകത്തിന് അനഭിമതയാക്കി. പക്ഷേ അവരുടെ നിലപാടുകളായിരുന്നു ശരിയെന്ന് ഇസ്രയേലിന്റെ ചരിത്രം സാക്ഷ്യം പറയുന്നു.

ഇത് ജൂതന്മാര്‍ക്കോ ഇസ്രയേലിനോ മാത്രം ബാധകമായ കാര്യമല്ല. എല്ലാ സ്വത്വവാദങ്ങള്‍ക്കും ബാധകം. നിങ്ങളുടെ സ്വത്വബോധത്തെ പുതുക്കി പണിയാത്ത, അതിനെ ദൃഡീകരിക്കുകയും ശാശ്വതവല്‍ക്കരിക്കുകയും ചെയ്യുന്ന എല്ലാ മുന്നേറ്റങ്ങളും അധികാര ഘടനകളെ അതേ പടി നിലനിര്‍ത്തുന്നു. പീഢിതനില്‍ നിന്ന് പീഢകനിലേക്കുള്ള പകര്‍ന്നാട്ടം മാത്രം സംഭവിക്കുന്നു. പീഢനം ശാശ്വതമായി തുടരുന്നു.