ജാതി സെന്‍സസിന്‍റെ ഇംപാക്ട് ഹിന്ദു, കൃസ്ത്യന്‍, മുസ്ലീം മതങ്ങളെ അപനിര്‍മ്മിക്കും എന്നതാണ്

Opinions

ചിന്ത / എസ് ജോസഫ്

ജാതിസമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ടി സമൂഹങ്ങളെ അദൃശ്യപ്പെടുത്തി ഹിന്ദുമതം എന്ന ബൃഹദാഖ്യാനത്തെ നിര്‍മ്മിച്ചെടുക്കാനാണ് ബി.ജെ.പിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. അതിനായിട്ടാണ് ഇന്ത്യയില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങളെയും ക്രിസ്ത്യന്‍സിനെയും അപരവല്‍ക്കരിക്കുന്നത്. അടിച്ചമര്‍ത്തുന്നത്. ബാബറി മസ്ജിദ് പ്രശ്‌നവും മണിപ്പൂര്‍ പ്രശ്‌നങ്ങളും ഒക്കെ ഉയര്‍ന്നുവന്നത് അങ്ങനെയാണ്. തുടര്‍ന്നാണ് താജ് മഹല്‍, ഗ്യാന്‍ വാപി എന്നിങ്ങനെ പുതിയ പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നത്.

ഹിന്ദുമതം അമൂര്‍ത്തമാണ്. യഥാര്‍ത്ഥത്തില്‍ അനേകം ജാതികള്‍, ഉപജാതികള്‍ മാത്രമേയുള്ളു. ജാതികളെ കൂട്ടിച്ചേര്‍ത്താല്‍ ഹിന്ദുമതം കിട്ടില്ല. മേലേ ഹിന്ദു മതം ഉണ്ടെന്ന് തോന്നാം. അത്രമാത്രം. അതുകൊണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുമതരാഷ്ട്രീയം സൃഷ്ടിക്കാന്‍ അപരവല്‍ക്കരണം നടത്തുന്നത്. പക്ഷേ അവര്‍ കരുതുന്ന പോലെ ഇസ്ലാമും ക്രിസ്തുമതവും മൂര്‍ത്തമായി നില്‍ക്കുന്നില്ല.

പക്ഷേ ജാതികള്‍ എന്നത് യാഥാര്‍ത്ഥ്യവും മതമെന്നത് ഒരു സങ്കല്പവും ആകുന്നു. ക്രിസ്തുമതത്തില്‍ ഹിന്ദുമതം പോലെ തന്നെ പല വിഭാഗങ്ങളും പല ജാതികളും ഉണ്ട്. ഇസ്ലാമില്‍ സുന്നി, ഷിയ തുടങ്ങിയ പല വിഭാഗങ്ങളും ദളിത് വിഭാഗങ്ങളും ഉണ്ട്. ഇന്ത്യയില്‍ ഈ മൂന്നു മതങ്ങളും ഘടനയിലും ഉള്ളടക്കത്തിലും താത്വികമായി ഒന്നു തന്നെയാണ്. സാംസ്‌കാരിക വ്യത്യാസങ്ങളേയുള്ളു. അതില്‍ ക്രിസ്ത്യാനികള്‍ വേഷഭൂഷാദികളിലും മതചിഹ്നങ്ങളിലും ഹിന്ദുക്കളോട് കുറേ സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. മുസ്ലീങ്ങളാണ് വേഷം, ഭാഷ, സംസ്‌കാരം എന്നിവയിലെല്ലാം ക്രിസ്ത്യാനികളേക്കാളും കൂടുതല്‍ വ്യത്യാസങ്ങള്‍ ഹിന്ദുക്കളോട് പുലര്‍ത്തുന്നത്. ഇതെല്ലാം ലോക സാധാരണമാണ്. ഹിന്ദുമതമാകട്ടെ ഈ രണ്ടു മതങ്ങളോടും അകലം പാലിക്കുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രി ഒ ബി സിക്കാരനാണ് എന്നത് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഒരു ആഖ്യാനമാണ്. എന്നാല്‍ ഒ ബി സി വിഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണുതാനും. ഒഴിവാക്കപ്പെട്ട സമൂഹങ്ങളെ പ്രാതിനിധ്യ പരമായി ഉള്‍ക്കൊള്ളുന്ന രീതി മുമ്പേ ഉള്ളതാണ്. എന്നാല്‍ ആ സമൂഹങ്ങളിലെ ബഹുഭൂരിപക്ഷം നരകക്കുഴിയില്‍ തന്നെയായിരിക്കും. ഒരേ സമയം ഉള്‍പ്പെടുത്തലും പുറന്തള്ളലുമാണിത്.

ഇവിടെ ജീവിക്കുന്നത് മതങ്ങളല്ല മനുഷ്യരാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് മതം എന്നൊരു പൊതുവായ വിശാലത ഇല്ല. ഉണ്ടെന്നുള്ളത് തോന്നലാണ്. അവര്‍ മത വിഭാഗങ്ങളാണ്. ജാതികളാണ്. അവരോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് മതവിഭാഗവും ജാതിയും ജാതിക്കുള്ളിലെ ജാതിയുമാണ്. മത വിഭാഗക്കലര്‍പ്പുകളും ജാതിക്കലര്‍പ്പുകളും മതക്കലര്‍പ്പുകളും അവരുടെ കുടുംബങ്ങളില്‍ ഉണ്ടു താനും. ജാതി സെന്‍സസിന്റെ ഒരു ഇംപാക്ട് ഹിന്ദുമതത്തേയും ഇസ്ലാം ക്രിസ്ത്യന്‍ മതങ്ങളെയും അപനിര്‍മ്മിക്കും എന്നതാണ്. സവിശേഷ സമൂഹങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്ന രാഷ്ടീയ പ്രതിനിധാനങ്ങള്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ അപ്പുറത്തേക്ക് അധികാര വികേന്ദ്രീകരണത്തെ കൊണ്ടുപോകുകയും ചെയ്യും. അത് അടിത്തട്ടു സമൂഹങ്ങളുടെ ഉയര്‍ത്തെഴുനേല്പിന് കാരണമാകുമെന്ന് കരുതാം.