ചിന്ത / ടി കെ ഉമ്മര്‍
മാധ്യമം വാരിക വായിക്കുന്നത് നിര്‍ത്തിക്കൊണ്ട് ഒരു സുഹൃത്തിന്റെ കുറിപ്പു കണ്ടു. നര്‍ഗീസ് മുഹമ്മദിക്ക് നോബല്‍ സമ്മാനം ലഭിച്ച കാര്യം മാധ്യമം വാരിക റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടാണെന്ന് അദ്ദേഹം കാരണമായി പറയുന്നു. മൗലികവാദത്തോട് ഒത്തു തീര്‍പ്പില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. പ്രത്യക്ഷത്തില്‍ വളരെ പുരോഗമനപരമായ നിലപാടായി ഇതു തോന്നാം. പല വിപ്ലവകാരികളും പിന്തുണ നല്‍കിയിട്ടുമുണ്ട്.
മാധ്യമം ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന ഒന്നാണെന്ന കാര്യം സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണവരെന്ന് അറിയാത്തവരുണ്ടോ? ശിരോവസ്ത്രം ഉപേക്ഷിക്കുന്ന സ്വാതന്ത്ര്യദാഹിയായ ഒരു സ്ത്രീയെ അവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. ഓരോ പത്രങ്ങള്‍ക്കും അവരുടെ മതപരമായ / ജാതിപരമായ താല്പര്യങ്ങളുണ്ടാവാം എന്നറിയാത്ത നിഷ്‌ക്കളങ്കരാണോ പത്രവായനക്കാര്‍ ? ഇദ്ദേഹം പറഞ്ഞ യുക്തി വെച്ച് നമുക്ക് സ്വീകരിക്കാവുന്ന മാധ്യമങ്ങള്‍ ലിസ്റ്റ് ചെയ്യൂ. മാതൃഭൂമി നായര്‍, ആറെസ്സസ്സ് താല്പര്യം വെച്ചുപുലര്‍ത്തുന്ന പത്രമാണെന്ന് സംശയമുള്ളവരുണ്ടോ? മനോരമ കൃസ്ത്യന്‍, കോണ്‍ഗ്രസ് താല്പര്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും വകതിരിവുള്ളവര്‍ക്ക് അറിവുള്ളതാണല്ലോ. കേരള കൗമുദി ഈഴവവിഭാഗത്തിന്റെ താല്പര്യങ്ങള്‍ പിന്‍പറ്റുന്നവയാണ്.
അതുപോലെ മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ വേറെ. താല്പര്യങ്ങള്‍ ഭിന്നമായതു കൊണ്ട് ഒരേ വസ്തുതയെ വ്യത്യസ്ത തരത്തിലാണ് ഓരോരുത്തരും അവതരിപ്പിക്കുക എന്നു മനസ്സിലാകാത്തത് ലളിതബുദ്ധികള്‍ക്കു മാത്രമായിരിക്കും. റഷ്യക്ക് അനഭിമതനായ പാസ്റ്റര്‍നാക്കിന് നോബല്‍ സമ്മാനം കിട്ടിയപ്പോള്‍ ദേശാഭിമാനി അതിനെ എങ്ങിനെ നോക്കിക്കാണും എന്നു തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും മനസ്സിലാവും. അപ്പോള്‍ കാര്യങ്ങളെ വെറും കറുപ്പും വെളുപ്പുമായി കാണുകയല്ല വേണ്ടത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്, അലന്‍ താഹ കേസ്, മാവോവാദികളെ നേരിട്ട് വെടി വെച്ചു കൊന്നത്, ലോക്കപ്പ് മരണങ്ങള്‍ ഇവയോടൊക്കെ ദേശാഭിമാനി എടുക്കുന്ന നിലപാടിന്റെ പേരില്‍ അതിനെയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യാവുന്നതേയുള്ളു.
പിന്നോക്കക്കാരെയും ദളിതുകളെയും ഏറ്റവും മോശമായി ബാധിക്കുന്ന സവര്‍ണസംവരണത്തെക്കുറിച്ച് മാധ്യമവും മീഡിയാവണ്ണുമല്ലാതെ മറ്റെന്തെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതായി കുറിപ്പു കാരനറിയുമോ? പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ പൊതുജനമധ്യത്തിലേക്ക് കൊണ്ടു വന്നതും വേറെ ആരാണ് ? ഏറ്റവും പ്രധാനമായി ദളിത് എഴുത്തുകാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയത് ആ വാരികയാണ് എന്ന കാര്യത്തില്‍ കുറിപ്പുകാരന് സംശയമുണ്ടോ? അധികാരത്തിലില്ലാത്ത ഇടങ്ങളില്‍ മൗദൂദിസ്റ്റുകള്‍ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി വാദിക്കുമെന്നും, ദളിത് പക്ഷത്തു നില്‍ക്കുമെന്നും പരിസ്ഥിതി വാദികളാവുമെന്നും അറിയാത്ത നിഷ്‌ക്കളങ്കരാണോ നമ്മള്‍? അപ്പോള്‍ എത് വിമതശബ്ദങ്ങള്‍ക്കു നേരെയും ബഹിഷ്‌കരണമല്ല വേണ്ടത്. അല്പം വിവേകമാണ്. ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധി എന്നു പറയും. ഓരോന്നോരോന്നായി ഉപേക്ഷിച്ച് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രം മാത്രം വായിച്ച് കഴിയാന്‍ പറ്റുന്ന അവസ്ഥ വന്നാല്‍ നല്ലതാണ്. എല്ലാം ഭദ്രമാണെന്ന് ഉറപ്പുള്ള ഒരു കിനാശ്ശേരിയില്‍ വേവലാതി ഒട്ടുമില്ലാതെ കിടന്നുറങ്ങാം.