മലയാളി ആര്‍ജ്ജിക്കേണ്ടത് വേറിട്ട സ്വത്വബോധം

Articles

ചിന്ത / എസ് ജോസഫ്

ത്വബോധം അഥവാ സത്തായ ബോധം ആര്‍ജിക്കുക എന്നതാണ് മലയാളി സമൂഹം ചെയ്യേണ്ടത്. അല്ലാതെ ആര്യാധിനിവേശത്തിന് ഇനിയും വഴങ്ങിക്കൊടുക്കുക എന്നതല്ല. ഒരു കാലത്ത് കേരളത്തിലെ ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ സൂത്രം പറഞ്ഞ് സ്വന്തമാക്കി . അവര്‍ തീണ്ടലും തൊടീലും ഏര്‍പ്പെടുത്തി. ഇന്നത്തെ സവര്‍ണരുടെ മുഴുവന്‍ സത്ത നശിപ്പിച്ചു. ബാക്കിയുള്ളവരെ മൃഗതുല്യരാക്കി. എത്ര അധ:പതിച്ച ജീവിതമായിരുന്നു എല്ലാവരും നയിച്ചത്. ബ്രാഹ്മണ സ്ത്രീകളെപ്പോലും ഇരുട്ടു നിറഞ്ഞ അകത്തളങ്ങളില്‍ പൂട്ടിയിട്ടു. വിധവകളെ മുണ്ഡനം ചെയ്ത് നരകത്തില്‍ പാര്‍പ്പിച്ചു. മനുഷ്യരെ ഓരോരോ ദൂരങ്ങളില്‍ സ്ഥാപിച്ചു. അവരുടെ ചലനശേഷി ഇല്ലാതാക്കി. ആ ബ്രാഹ്മണിക് സൂത്രങ്ങളെ ഇനിയും ചുമക്കണോ? ഉത്തരേന്ത്യക്കാര്‍ ഭൂതകാലത്തിലേക്ക് മടങ്ങുകയാണ്. അവരുടെ കൂടെ ദയവായി പോകരുത്. മതപരമായ സൗഹാര്‍ദ്ദം സംരക്ഷിച്ചു കൊണ്ട് , ലോകത്തിലെ അനുകരണീയമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കേരള സമൂഹത്തിന്റെ സമവായത്തിനാണ് ശ്രമിക്കേണ്ടത്. ഉത്തരേന്ത്യന്‍ തീവ്രഹൈന്ദവ തരംഗങ്ങള്‍ നമ്മുടെ സഹ്യപര്‍വതത്തില്‍ തട്ടി ചിതറി പോകുകയാണുണ്ടായത് .

മലയും കടലും ഉള്ള മൗലികതയുള്ള ഒരു ദേശത്തിലെ ജനങ്ങള്‍ ആണ് നമ്മള്‍. നമ്മള്‍ ഇന്ത്യനെസ്സിനെ ഉള്‍ക്കൊള്ളുന്നു. അപ്പോഴും നമ്മുടെ വേറിട്ട സത്തയെ നമ്മള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.